ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് ചാനലിൽ അനധികൃത കുടിയേറ്റക്കാരുടെ ബോട്ടു മുങ്ങി മരിച്ചത് ഗർഭിണിയും കുട്ടികളും ഉൾപ്പെടെ 12 പേർ. കടലിൽ മുങ്ങിയ ബോട്ടിൽനിന്നും അമ്പതോളം പേരെ കോസ്റ്റ് ഗാർഡും പൊലീസും നാവികസേനയും ചേർന്ന് രക്ഷപ്പെടുത്തി. രണ്ടുപേരെ ഇനിയും കാണാനില്ല. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ബോട്ടിലുണ്ടായിരുന്നവരിൽ ഏറെപേരും സ്ത്രീകളാണ്. ഇവരിൽ എട്ടുപേർക്ക് മാത്രമാണ് ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നത്. ബോട്ടിന് ഉൾക്കൊള്ളാവുന്നതിന്റെ ഇരട്ടിയിലധികം പേരാണ് ഇതിൽ ഉണ്ടായിരുന്നതെന്നാണ് ഫ്രഞ്ച് കോസ്റ്റ് ഗാർഡ് വെളിപ്പെടുത്തുന്നത്. ഈ വർഷം ഇംഗ്ലിഷ് ചാനലിൽ അനധികൃത കുടിയേറ്റക്കാരുടെ ബോട്ടുമുങ്ങി ഉണ്ടാകുന്ന ഏറ്റവും വലിയ അപകടമാണിത്. ഇതിനു മുമ്പ് ഈവർഷം തന്നെ പല അപകടങ്ങളിലായി മുപ്പതോളം പേർ സമാനമായ രീതിയിയിൽ മരിച്ചിട്ടുണ്ട്. എന്നാൽ ഇത്രയേറെ പേർക്ക് ഒറ്റ അപകടത്തിൽ ജീവഹാനി സംഭവിക്കുന്നത് ആദ്യമാണ്.

ബോട്ടിൽ ഉൾക്കൊള്ളാവുന്നതിൽ അധികം ആളുകളെ കുത്തിനിറച്ച് കയറ്റിവിടുന്നതാണ് ഇത്തരത്തിലുള്ള അപകടത്തിന്റെ പ്രധാന കാരണം. ലൈഫ് ജാക്കറ്റുപോലും ഇല്ലാതെ കൊച്ചു കുട്ടികളുമായി അഭയം തേടിയുള്ള യാത്രയ്ക്ക് ഇറങ്ങുന്നവർ വരുത്തിവയ്ക്കുന്നതാണ് ഇത്തരം അപകടങ്ങളിൽ ഏറെയും. 

ഈവർഷം ഇതിനോടകം 21,000 പേർഇംഗ്ലിഷ് ചാനലിലൂടെ ബ്രിട്ടനിലേക്ക് അഭയാർഥികളായി എത്തി എന്നറിയുമ്പോളാണ് ഈ അനധികൃത അഭയാർഥി പ്രവാഹത്തിന്റെ ആഴവും പരപ്പും മനസിലാകുക. മുൻവർഷം ഇതേകാലയളവിൽ അതിർത്തി കടന്ന് എത്തിയവരേക്കാൾ വളരെ കൂടുതലാണ് ഇത്. 2023ൽ ആകെയെത്തിയവരുടെ എണ്ണം 29,437 ആയിരുന്നു. 2022ൽ എത്തിയ റെക്കോർഡ് സംഖ്യയുമായി (45,755) തട്ടിച്ചുനോക്കുമ്പോൾ നേരിയ കുറവുണ്ടെന്നതു മാത്രമാണ് ആശ്വസത്തിനു വക നൽകുന്നത്. 

2018 മുതൽ ഇതുവരെ അനധികൃത ബോട്ടുകളിൽ അതിർത്തി കടന്ന് എത്തിയവരുടെ എണ്ണം ആകെ 130,000 ആണ്. അഫ്ഗാനിസ്ഥാൻ- 5370, ഇറാൻ- 3844, ടർക്കി- 2935, സിറിയ-2849, എരിത്രിയ- 2817, ഇറാഖ്- 2508, സുഡാൻ-2129, അൽബേനിയ- 755, കുവൈറ്റ് -571, മറ്റുള്ളവർ-3607 എന്നിങ്ങനെയാണ് ഈ വർഷം ഇതുവരെയുള്ള അഭയാർഥികളുടെ കണക്ക്. 

കടൽ കടന്നെത്തുന്ന അഭയാർഥികലെ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള മുൻ ടോറി സർക്കാരിന്റെ പദ്ധതി ലേബർ സർക്കാർ അധികാരമേറ്റയുടൻ നിർത്തലാക്കിയിരുന്നു. ഈ പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ചപ്പോൾ തന്നെ അഭയാർഥികളുടെ ഒഴുക്കിന് കുറവു വന്നിരുന്നു. എന്നാൽ പുതിയ സർക്കാരിന്റെ നയം മാറ്റത്തോടെ കടൽ കടന്നെത്തിയാൽ എന്നെങ്കിലും അഭയാർഥി സ്റ്റാറ്റസ് ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ജീവൻ പണയംവച്ചും ബ്രിട്ടനിലേക്ക് എത്താൻ ഇതാണ് അഭയാർഥികളെ പ്രേരിപ്പിക്കുന്നത്. 

കള്ളക്കടത്തു മാഫിയ സംഘങ്ങളുടെയും മനുഷ്യക്കടത്തുകാരുടെയും ഇരകളായി ബ്രിട്ടനിലേക്ക് എത്തുന്ന അഭയാർഥികളുടെ ഒഴുക്കിനു തടയിടാൻ ശക്തമായ നടപടികൾ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി ഇപ്പോൾ പറയുന്നത്. എന്നാൽ എന്തുതരം നടപടിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുന്നില്ല. നിലവിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ 118,882 പേരാണ് അഭയാർഥി സ്റ്റാറ്റസിന് അപേക്ഷ നൽകി കാത്തിരിക്കുന്നത്. 

English Summary:

Boat carrying unauthorized migrants capsized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com