കേരള അസോസിയേഷന്‍ ഓഫ് പോളണ്ടിന്‍റെ ഓണാഘോഷം ക്രാക്കോവില്‍ ഈ മാസം 8 ന്
Mail This Article
ക്രാക്കോവ്∙ കേരള അസോസിയേഷന്‍ ഓഫ് പോളണ്ട് (KAP) ക്രാക്കോവ് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക ഓണാഘോഷം ഈ മാസം 8 ന് ക്ലബ് ക്വാഡ്രാറ്റില്‍ നടക്കും. രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ കേരളത്തിന്‍റെ പൈതൃകത്തിന്‍റെയും സംസ്കാരത്തിന്‍റെയും തനിമ പകരുന്ന വര്‍ണ്ണാഭമായ ആഘോഷദിനമാക്കാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.
ഈ വര്‍ഷത്തെ ആഘോഷത്തിന്‍റെ മുഖ്യാതിഥിയായി ക്രാക്കോവിലെ ഇന്ത്യയുടെ ഓണററി കോണ്‍സല്‍ ജനറല്‍ അലക്സാണ്ട്ര ഗ്ളോഡ് അഹമ്മദ് പങ്കെടുക്കും. ചടങ്ങുകള്‍ രാവിലെ 10 മണിക്ക് റജിസ്ട്രേഷനോടെ ആരംഭിക്കും. 11 മണിക്ക് മെയിന്‍ സ്റ്റേജില്‍ നടക്കുന്ന ഔപചാരിക ഉദ്ഘാടന ചടങ്ങിനു ശേഷം, കേരളീയ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടും.
ചെണ്ടമേളം, മാവേലിയുടെ എഴുന്നെള്ളത്ത്, പുലിക്കളി, തിരുവാതിര തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങള്‍ ആസ്വാദകര്‍ക്കായി മിഴിതുറക്കും. ഓണസദ്യ ആഘോഷത്തിന്‍റെ പ്രധാന ആകര്‍ഷണമായിരിക്കും. 25 ലധികം വ്യത്യസ്ത വിഭവങ്ങള്‍ അടങ്ങിയതാണ് ഓണസദ്യ. ഉച്ചയ്ക്കുശേഷം നടക്കുന്ന പരിപാടികളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ കളികള്‍ ഉള്‍പ്പെടും. നാരങ്ങ–സ്പൂണ്‍ മത്സരം, വടംവലി തുടങ്ങിയ പരമ്പരാഗത കളികള്‍ ഔട്ട്ഡോര്‍ ഗാര്‍ഡനിലും, ഇവന്‍റ് ഹാളില്‍ വിവിധ ഇന്‍ഡോര്‍ ഗെയിമുകളും നടക്കും. സന്ധ്യയോടെ നടക്കുന്ന സാംസ്കാരിക പരിപാടികളില്‍ ക്ലാസിക്കല്‍ ഇന്ത്യന്‍ നൃത്തരൂപങ്ങളും, പ്രാദേശിക പോളിഷ് കലാകാരന്മാരുടെ പ്രകടനവും സംയുക്തമായി അരങ്ങിലെത്തുമ്പോള്‍ രണ്ട് സംസ്കാരങ്ങളുടെയും സംഗമത്തെ പ്രതിനിധീകരിക്കും.
ക്രാക്കോവിലെ ഓണാഘോഷം വിവിധ സംസ്കാരങ്ങളെ ഒരുമിപ്പിക്കുകയും, സമൂഹങ്ങള്‍ തമ്മിലുള്ള ധാരണയെ വളര്‍ത്തുകയും ചെയ്യുമെന്ന് കേരള അസോസിയേഷന്‍ ഓഫ് പോളണ്ട് (KAP) ക്രാക്കോവ് ചാപ്റ്ററിന്‍റെ പ്രസിഡന്‍റും സ്ഥാപക അംഗവുമായ അലക്സ് കുഞ്ചെറിയ പറഞ്ഞു.
ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കേരള അസോസിയേഷന്‍ ഓഫ് പോളണ്ടിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് മുന്‍കൂട്ടി റജിസ്റ്റർ ചെയ്യണമെന്ന് ഭരണസമിതി അറിയിച്ചു.
ലിങ്ക്:
https://www.kap.org.pl/krakow-onam-2024