ADVERTISEMENT

ലണ്ടൻ ∙ ഏഴു പതിറ്റാണ്ടിലേറെ ബ്രിട്ടണെ നയിച്ച എലിസബത്ത് രാജ്ഞിക്ക് സെൻട്രൽ ലണ്ടനിലെ സെന്റ് ജെയിംസ് പാർക്കിൽ സ്മാരകം ഒരുങ്ങുന്നു. തന്റെ ഔദ്യോഗിക വസതിയായിരുന്ന ബക്കിങ്ങാം പാലസിനോട് ചേർന്നാകും രാജ്ഞിയുടെ സംഭാവനകൾക്കും സൽപേരിനും സ്ഥാനത്തിനും ഉചിതമായ സ്മാരകം നിർമിക്കുക. 

രാജ്ഞിയുടെ പ്രതിമയുൾപ്പെടുന്ന ശില്പമാണ് ഇപ്പോൾ സ്മാരകമായി നിർമിക്കാൻ ഉദ്ദേശിക്കുന്നത്. എങ്കിലും ഇക്കാര്യത്തിൽ ഇനിയും അന്തിമ തീരുമാനം ആയിട്ടില്ല. 2026ൽ രാജ്ഞിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ചാകും സ്മാരകം രാഷ്ട്രത്തിനു സമർപ്പിക്കുക. 

ബക്കിംങ്ങാം പാലസിൽനിന്നും മിനിറ്റുകൾക്കുള്ളിൽ നടന്ന് എത്താവുന്ന ദൂരത്താവും സ്മാരകം നിർമിക്കുക. രാജ്ഞിയുടെ മരണത്തെത്തുടർന്ന് സർക്കാർ നിയമിച്ച കമ്മിറ്റിക്കാണ് സ്മാരകത്തിന്റെ രൂപകൽപനയുടെയും നിർമാണത്തിന്റെയും ചുമതല. സെന്റ് ജെയിംസ് പാർക്കിലെ മാൽബറോ ഗേറ്റിനും ബ്ലൂ ബ്രിഡ്ജിനും മധ്യേയാണ് സ്മാരക നിർമാണത്തിനായി കമ്മിറ്റി നിലവിൽ കണ്ടെത്തിയിട്ടുള്ള സ്ഥലം. 

ബക്കിങ്ങാം പാലസിനു നേരേ മുന്നിലായി നിർമിച്ച വിക്ടോറിയ രാജ്ഞിയുടെ സ്മാരകം സെന്റ് ജെയിംസ് പാർക്കിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്. ഇതിനു സമാനമായ രീതിയിലാകും എലിസബത്ത് രാജ്ഞിക്കും സ്മാരകം ഒരുങ്ങുക. സ്മാരകത്തോടനുബന്ധിച്ച് സന്ദർശകർക്കായി സെന്റ് ജെയിംസ് പാർക്കിൽ കൂടുതൽ സേവന സൗകര്യങ്ങൾ ഒരുക്കാനും കമ്മിറ്റിക്ക് പദ്ധതിയുണ്ട്. 

നാളെയാണ് രാജ്ഞിയുടെ രണ്ടാം ചരമ വാർഷികം. ഈ അവസരത്തിൽ സ്മാരക നിർമാണത്തിനുള്ള അവസാന രൂപരേഖ തയാറാക്കാനും സർക്കാർ അനുമതികൾ ലഭ്യമാക്കാനുമുള്ള അവസാന ഒരുക്കത്തിലാണ് സ്മാരക നിർമാണ കമ്മിറ്റി.

English Summary:

Queen Elizabeth's memorial to be placed in St James's Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com