യൂറോപ്പിലെ വെള്ളപ്പൊക്കത്തിൽ എട്ട് മരണം
Mail This Article
ബര്‍ലിൻ ∙ യൂറോപ്പിൽ കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ അഗ്നിശമന സേനാംഗം ഉൾപ്പടെ എട്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആയിരക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണ്. ബോറിസ് കൊടുങ്കാറ്റ് മൂലമുണ്ടായ മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.
ബിയാല ലഡേക്ക നദിയുടെ ജലനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ അപേക്ഷിച്ച് ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ബുഡാപെസ്റ്റിലുണ്ടായിരിക്കുന്നത്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്ററിലെ ഡാന്യൂബ് നദിയില്‍ ജലനിരപ്പ് 8.5 മീറ്ററില്‍ (27.9 അടി) ഉയര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഡാന്യൂബ് നദിയില്‍ കാര്‍ വീണതിനെത്തുടര്‍ന്ന് കാണാതായ ആളുകള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. കൂടാതെ കിഴക്കന്‍ ചെക്ക് റിപ്പബ്ളിക്കിലെ ലിപോവ - ലാസ്നെ ഗ്രാമത്തിന് സമീപം ശനിയാഴ്ച സ്ററാറിക് നദിയില്‍ വീണ കാറിലുണ്ടായിരുന്ന കാണാതായ മൂന്ന് പേര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് ചെക്ക് പൊലീസ് അറിയിച്ചു.
ജെസെനിക് ജില്ലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ പോലീസും അഗ്നിശമനസേനയും ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചു. പതിനായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചതായി സര്‍വീസ് മേധാവി പറഞ്ഞു.റൊമാനിയയില്‍ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. 5,000 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ചെക്ക് റിപ്പബ്ളിക്കില്‍ നിന്ന് പോളണ്ടിലേക്കുള്ള ട്രെയിനുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
വെള്ളപ്പൊക്കത്തില്‍ ഓസ്ട്രിയന്‍ അഗ്നിശമന സേനാംഗത്തിന് ജീവൻ നഷ്ടപ്പെട്ടു. വിയന്നയിലൂടെ ഒഴുകുന്ന വീന്‍ നദിയില്‍ വെള്ളത്തിന്റെ നില ഉയരുകയാണ്. വിയന്നയുടെ സബ്വേ സംവിധാനം തടസ്സപ്പെട്ടു. ലോവര്‍ ഓസ്ട്രിയ ദുരന്ത മേഖലയായി പ്രഖ്യാപിച്ചു. വിയന്നയ്ക്ക് ചുറ്റും, റോഡുകള്‍ വെള്ളത്തിനടിയിലാണ്.
തെക്കുപടിഞ്ഞാറന്‍ പോളണ്ടിലെ ക്ളോഡ്സ്കോ ജില്ലയില്‍ ഒരാള്‍ മുങ്ങിമരിച്ചു. 1,600 പേരെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു. 17,000 വീടുകളില്‍ വൈദ്യുതി മുടങ്ങി, ചില പ്രദേശങ്ങളില്‍ സെല്‍ഫോണ്‍ സേവനം നിലച്ചു. ക്ളോഡ്സ്കോ നഗരം ഭാഗികമായി വെള്ളത്തിനടിയിലായി. തെക്കുപടിഞ്ഞാറന്‍ പോളണ്ടിലെ അണക്കെട്ട് തകര്‍ന്നു. ബിയാല്‍ക നദിയിലെ ഉയര്‍ന്ന ജല നിരപ്പ് പോളണ്ടിലെ ക്രാക്കോവിനെ സാരമായി ബാധിച്ചു. പൊതുഗതാഗതം തടസ്സപ്പെട്ടു. ഇനിടെ നിന്നും താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. ജര്‍മനിയിലും കാലവസ്ഥയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്.