സ്വിറ്റ്സർലൻഡിൽ മോഡലിനെ കൊലപ്പെടുത്തി ഭർത്താവ്; തെളിവ് നശിപ്പിക്കാൻ ആസിഡ്
Mail This Article
ബിന്നിംഗൻ ∙ പ്രശസ്ത മോഡലായ ക്രിസ്റ്റീന ജോക്‌സിമോവിച്ചിനെ (38) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാൻ ഭർത്താവ് തോമസ് (41) നടത്തിയ നീക്കം പുറത്ത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെയാണ് കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ മറനീക്കി പുറത്തുവന്നത്.
ഫെബ്രുവരി 13ന് രാത്രി, സ്വിറ്റ്സർലൻഡിൽ ബിന്നിംഗനിലെ ഇവരുടെ വീട്ടിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ക്രിസ്റ്റീനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ മുറിച്ച് മാറ്റിയ ശേഷം തെളിവ് നശിപ്പിക്കാനാണ് തോമസ് ശ്രമിച്ചത്. തെളിവ് നശിപ്പിക്കാൻ പ്രതി ആസിഡ് ഉപയോഗിച്ചതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്..
സംഭവത്തിൽ അറസ്റ്റിലായ തോമസ് മാർച്ചിലാണ് കുറ്റസമ്മതം നടത്തുന്നത്. ക്രിസ്റ്റീന തന്നെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്നും സ്വയരക്ഷയ്ക്കാണ് താൻ ഭാര്യയെ കൊലപ്പെടുത്തിയതെന്നുമായിരുന്നു തോമസ് പൊലീസിനോട് പറഞ്ഞത്. അതേസമയം തോമസിന്റെ മൊഴിയെ സാധുകരിക്കുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല.
മിസ് നോർത്ത് വെസ്റ്റ് സ്വിറ്റ്‌സർലൻഡായി കിരീടം ചൂടിയ ക്രിസ്റ്റീന 2007 ൽ മിസ് സ്വിറ്റ്‌സർലൻഡ് ഫൈനലിസ്റ്റായിരുന്നു. 2017 ലാണ് സംരാഭകനായ തോമസും ക്രിസ്റ്റീനയും വിവാഹിതരാകുന്നത്. ഇവർക്ക് രണ്ട് മക്കളാണുള്ളത്. കേസിൽ വിചാരണ തുടരുകയാണ്. ബുധനാഴ്ച തോമസിന്റെ ജാമ്യാപേക്ഷ ഫെഡറൽ കോടതി തള്ളി.