രണ്ട് പതിറ്റാണ്ടിനിടെ യൂറോപ്പിലുണ്ടാകുന്ന ഏറ്റവും വലിയ പ്രളയം; പാലങ്ങളും വീടുകളും ഒഴുകിപ്പോയി, 15 മരണം
Mail This Article
പ്രാഗ് ∙ ഒരാഴ്ചയായി തുടരുന്ന പെരുമഴയെത്തുടർന്ന് മധ്യയൂറോപ്പിലുണ്ടായ പ്രളയത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. ഓസ്ട്രിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഹംഗറി, സ‍്‍ലൊവാക്യ, റുമാനിയ തുടങ്ങിയ രാജ്യങ്ങളിലാണ് ബോറിസ് കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ പേമാരി കനത്ത നാശം വിതച്ചത്. 2 പതിറ്റാണ്ടിനിടെ യൂറോപ്പിലുണ്ടാകുന്ന ഏറ്റവും വലിയ പ്രളയത്തിൽ ചെക്ക് റിപ്പബ്ലിക്കിന്റെയും പോളണ്ടിന്റെയും അതിർത്തിയിലെ നദികളിൽ ജലനിരപ്പ് അപകടരേഖ കടന്നു. പലയിടത്തും പാലങ്ങളും വീടുകളും ഒഴുകിപ്പോയി.
പോളണ്ടിൽ 5 പേർ മരിച്ചു. പകുതിയോളം നഗരങ്ങളിലും വൈദ്യുതി മുടങ്ങി. ശുദ്ധജലക്ഷാമവും രൂക്ഷം. ന്യാസ നഗരത്തിൽ ഒരു ആശുപത്രി പൂർണമായി ഒഴിപ്പിച്ചു. 1,30,000 പേർ താമസിക്കുന്ന ഓപോളിലും 6,40,000 പേർ പാർക്കുന്ന റൊക്‌ലോ നഗരത്തിലും പ്രളയഭീഷണിയുണ്ട്.
ചെക്ക് റിപ്പബ്ലിക്കിൽ മാത്രം 12,000 പേരെ ഒഴിപ്പിച്ചു. ചെക്ക് നഗരമായ ജെസെനിക്കും ലിറ്റോവലും ഏറക്കുറെ മുങ്ങി. മൊറാവ നദി നിറഞ്ഞൊഴുകിയതിനെത്തുടർന്ന് 70% പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഒസ്ട്രാവ നഗരത്തിൽ ഊർജ നിലയങ്ങളും കെമിക്കൽ പ്ലാന്റുകളും അടച്ചിട്ടു.
റുമാനിയയിൽ 6 പേർ മരിച്ചു. ഓസ്ട്രിയയിൽ അഗ്നിശമന സേനാംഗം ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു. ഹംഗറിയിൽ ഡാന്യൂബ് നദിയും കരകവിഞ്ഞൊഴുകുകയാണ്. 12,000 സൈനികരെ അടിയന്തര സഹായത്തിനായി ബുഡാപെസ്റ്റിൽ സജ്ജരാക്കിയിട്ടുണ്ട്. സ്‌ലൊവാക്യയുടെ തലസ്ഥാനനഗരമായ ബ്രാറ്റിസ്ലാവയും പ്രളയഭീഷണിയിലാണ്. ഓസ്ട്രിയയിൽ മഴ തെല്ലു ശമിച്ചെങ്കിലും വീണ്ടും കനത്തേക്കുമെന്ന സൂചനയിൽ മുൻകരുതൽ നടപടികൾ തുടങ്ങി.