22% ശമ്പളവർധന അംഗീകരിച്ച് ജൂനിയർ ഡോക്ടർമാർ, സമരം അവസാനിച്ചു
Mail This Article
ലണ്ടൻ ∙ രണ്ടുവർഷം കൊണ്ട് 22 ശതമാനം ശമ്പള വർധന എന്ന സർക്കാർ നിർദേശം അംഗീകരിച്ച് ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ. സർക്കാർ നിർദേശത്തെ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനിലെ 66 ശതമാനം പേരും അനുകൂലിച്ച് വോട്ടു ചെയ്തതോടെയാണ് 18 മാസമായി നീളുന്ന പ്രശ്നത്തിന് പരിഹാരമാകുന്നത്. 46,000 പേരാണ് സർക്കാർ നിർദേശത്തിന്മേൽ ഓൺലൈനിലൂടെ അഭിപ്രായം അറിയിച്ചത്.
ശമ്പളവർധനവിനായി 18 മാസത്തിനിടെ 11 തവണയാണ് ജൂനിയർ ഡോക്ടർമാർ ജോലിയിൽനിന്നും വിട്ടുനിന്ന് സമരം ചെയ്തത്. നിലവിൽ സർക്കാർ നിർദേശം അംഗീകരിച്ചെങ്കിലും ഭാവിയിൽ പണപ്പെരുപ്പ നിരക്കിന് ആനുപാതികമായ ശമ്പള വർധന ഉണ്ടാകാത്തപക്ഷം അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നത്.
പുതിയ സർക്കാർ അധികാരത്തിലെത്തി രണ്ടാഴ്ചയ്ക്കുള്ളിലാണ് ഹെൽത്ത് സെക്രട്ടറി 22 ശതമാനം ശമ്പള വർധനയ്ക്കായുള്ള സർക്കാർ നിർദേശം മുന്നോട്ടു വച്ചത്. ആരോഗ്യമേഖലയിലെ സമാനതകളില്ലാത്ത പ്രതിഷേധത്തിനും സമരത്തിനും അന്ത്യം കുറിക്കാനാകുന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു അസോസിയേഷൻ തീരുമാനത്തോടുള്ള ഹെൽത്ത് സെക്രട്ടറിയുടെ പ്രതികരണം. ശമ്പളവർധനവിനായുള്ള ഡോക്ടർമാരുടെ സമരംമൂലം 1.7 ബില്യൺ പൌണ്ടിന്റെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. രോഗികൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ വേറെയും.