ഫ്രെഡറിക് മെർസ് ജർമൻ ചാൻസലർ സ്ഥാനാർഥി
Mail This Article
ബര്‍ലിന്‍ ∙ ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണ് 68 വയസ്സുകാരനായ ഫ്രെഡറിക് മെർസ്. ജർമനിയിലെ അടുത്ത ചാൻസലർ സ്ഥാനാർഥിയായി മത്സരിക്കുകയാണ് ഫ്രെഡറിക്. 2005-ൽ സിഡിയു പാർട്ടിയുടെ ചാൻസലർ സ്ഥാനാർഥിയായിരിക്കേണ്ടയാളായിരുന്നു മെർസ്. എന്നാൽ മുൻ ചാൻസലർ ഹെൽമുട്ട് കോളിന്‍റെ അനുഗ്രഹവും പാർട്ടിയിലെ ജനപ്രിയതയും കാരണം അംഗല മെർക്കലിന് അവസരം ലഭിച്ചു. ഇത് മെർസിനെ പാർട്ടിയിൽ നിന്ന് അകറ്റി നിർത്തി.
എന്നാൽ മെർക്കൽ പടിയിറങ്ങിയതോടെ മെർസ് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി. പാർട്ടി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായി. 2025 സെപ്റ്റംബർ 28 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ എഎഫ്ഡി പാർട്ടിക്ക് അപ്രതീക്ഷിത വിജയം ലഭിക്കുന്നില്ലെങ്കിൽ ജർമനിയുടെ അടുത്ത ചാൻസലർ മെർസ് തന്നെയായിരിക്കും.
1989 മുതൽ 1994 വരെ യൂറോപ്യൻ പാർലമെന്‍റിലും, 1994 മുതൽ 2009 വരെ ബണ്ടെസ്‌റാഗിലും അംഗമായിരുന്നു മെർസ്. 2000 മുതൽ 2002 വരെ സിഡിയു/സിഎസ്യു പാർലമെന്‍ററി ഗ്രൂപ്പിന്‍റെ ചെയർമാനായും പ്രതിപക്ഷ നേതാവുമായിരുന്നു. പിന്നീട് ലോബിയിസ്റ്റായും അഭിഭാഷകനായും പ്രവർത്തിച്ചു. 2018-ൽ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയെങ്കിലും 2020-ൽ സിഡിയു പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും പരാജയപ്പെട്ടു. 2021-ലെ തിരഞ്ഞെടുപ്പിൽ ബുണ്ടെസ്‌റാഗിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു, തുടർന്ന് സിഡിയു പാർട്ടി നേതാവായി. ഇപ്പോൾ 2025 ലെ ഫെഡറൽ തിരഞ്ഞെടുപ്പിനുള്ള യൂണിയന്‍റെ ചാൻസലർ സ്ഥാനാർഥിയായി രംഗത്ത് വരികയാണ് ഫ്രെഡറിക്.