ഊർജ്ജ മേഖലയിൽ ഇന്ത്യയുമായി സഹകരിക്കാൻ ജർമനി
Mail This Article
ബര്‍ലിന്‍ ∙ ജർമൻ ഫെഡറൽ മന്ത്രി സ്വെൻയ ഷൂള്‍സെ നയിച്ച ബിസിനസ് പ്രതിനിധി സംഘം ഇന്ത്യയിൽ നടത്തിയ സന്ദർശനം ഊർജ്ജ മേഖലയിലെ സഹകരണത്തിന് പുതിയ അധ്യായം തുറന്നു. ഇന്ത്യയുടെ ഊർജ്ജ പരിവർത്തനത്തിനും ജർമ്മൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും ഈ സഹകരണം വളരെ പ്രധാനമാണ്.
ഇന്ത്യ 2030 ഓടെ പുനരുപയോഗ ഊർജ്ജ ഉൽപാദനം 450 ഗിഗാവാട്ടായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോകുമ്പോൾ, ജർമനി തങ്ങളുടെ പരിചയസമ്പത്ത് ഇന്ത്യയുമായി പങ്കുവയ്ക്കാൻ തയ്യാറാണ്. ഗുജറാത്തിൽ നടന്ന റീ–ഇൻവെസ്റ്റ് കോൺഫറൻസിൽ വച്ച് ഇരു രാജ്യങ്ങളും ചേർന്ന് ഗ്രീൻ ഹൈഡ്രജൻ ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ്ജ മേഖലയിലെ നിക്ഷേപത്തിനുള്ള പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചു.
ഗ്രീൻ ഹൈഡ്രജൻ പല വ്യവസായങ്ങൾക്കും ഗതാഗതത്തിനും പരിസ്ഥിതി സൗഹൃദ ഇന്ധനമായി ഉപയോഗിക്കാം. ജർമനിയിൽ നിർമ്മിച്ച അത്യാധുനിക ഇലക്ട്രോലൈസറുകൾ ഉപയോഗിച്ച് ഇന്ത്യയിൽ ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിനുള്ള പരിശീലനം ഇന്ത്യൻ യുവ സംരംഭകർക്കും വിദ്യാർത്ഥികൾക്കും നൽകുന്നുണ്ട്. ഇത് ഇന്ത്യയുടെ ഊർജ്ജ സ്വാശ്രയത്തിന് വലിയ നേട്ടമാകുമെന്നാണ് കരുതപ്പെടുന്നത്.