വാഴപ്പഴം കൊണ്ടുവരുന്ന പെട്ടികളിൽ ലഹരിമരുന്ന്; ജർമനിയിലെ സൂപ്പർമാർക്കറ്റ് ചെയിനിൽ അന്വേഷണം
Mail This Article
ബര്‍ലിന്‍ ∙ ജർമനിയിലെ സൂപ്പർമാർക്കറ്റ് ചെയിനിൽ വാഴപ്പഴം കൊണ്ടുവരുന്ന പെട്ടികളിൽനിന്ന് 7 മില്യൻ യൂറോ വിലമതിക്കുന്ന കൊക്കെയ്ൻ കണ്ടെത്തി. നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാനത്തെ വിവിധ നഗരങ്ങളിലുള്ള സൂപ്പർമാർക്കറ്റ് ചെയിന്റെ സ്റ്റോറുകളിൽ നിന്നാണ് കൊക്കെയ്ൻ കണ്ടെത്തിയത്.
മൊൻഷെൻഗ്ലാഡ്ബാഹിലെ സ്റ്റോറിലെ ജീവനക്കാരാണ് ആദ്യം ലഹരിമരുന്ന് കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഡ്യൂസ്ബർഗ്, ക്രെഫെൽഡ്, വിയേഴ്സൻ, ഹെയിൻസ്ബർഗ്, നൊയ്സ് എന്നീ നഗരങ്ങളിലെ സ്റ്റോറുകളിലും കൊക്കെയ്ൻ കണ്ടെത്തി.
തെക്കേ അമേരിക്കയിൽ നിന്ന് കയറ്റുമതി ചെയ്ത ഈ കൊക്കെയ്ൻ ബെൽജിയൻ തുറമുഖമായ ആന്റ്വെർപ്പ് വഴി യൂറോപ്പിലെത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്. വാഴപ്പഴത്തിന്റെ പെട്ടികളിൽ 95 കിലോഗ്രാം കൊക്കെയ്ൻ കടത്തിയതായി സ്ഥീകരിച്ചിട്ടുണ്ട്.