ADVERTISEMENT

റിയാദ് ∙ സേവന മികവ് കണക്കിലെടുത്ത് ഇന്ത്യൻ ഡോക്ടർ ദമ്പതികളെ പൗരത്വം നൽകി ആദരിച്ച് സൗദി അറേബ്യ. കശ്മീർ ശ്രീനഗർ സ്വദേശികളായ ഡോ. ഷമീം അഹമ്മദ് ഭട്ട്, ഡോ. ഷിറീൻ റാഷിദ് കബീർ ദമ്പതികൾക്കാണ് അപൂർവ നേട്ടം സിദ്ധിച്ചത്. റിയാദിലെ സഫ മക്ക മെഡിക്കൽ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ചിൽ നേത്രരോഗ വിദഗ്ധയായ ഡോ. ഷിറീൻ റാഷിദ് കബീർ, കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ കൺസൽട്ടന്റ് എമർജൻസി ഡപ്യുട്ടി ചെയർമാനായിരുന്ന ഡോ. ഷമീം അഹമ്മദ് ഭട്ട് എന്നിവരെയാണ് സൗദി പൗരത്വം നൽകി ആദിച്ചത്. 

2023 ഒക്ടോബറിൽ രാജ്യം പ്രീമിയം ഇഖാമ നൽകി ഇരുവരെയും ആദരിച്ചിരുന്നു. ഒരു വർഷം തികയുംമുമ്പാണ് ഇപ്പോൾ പൗരത്വവും ലഭിച്ചിരിക്കുന്നത്. സൗദി ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചാണ് രേഖകൾ നൽകിയത്. എന്നാൽ പൗരത്വം ലഭിച്ചത് വിസ്‍മയിപ്പിച്ചെന്ന് ദമ്പതികൾ പറഞ്ഞു. ആരോഗ്യമന്ത്രാലയത്തിന് കീഴിയിലുള്ള പ്രവർത്തനം കണക്കിലെടുത്താണ് അംഗീകാരം എന്ന് കരുതുന്നു. 2012-ലാണ് ഡോ. ഷിറീൻ ആദ്യമായി സൗദയിലെത്തുന്നത്. അക്കാലത്ത് സൗദിയിലെ ഔദ്യോഗിക ജീവിതം മടുപ്പുണ്ടാക്കിയിരുന്നു. ഇങ്ങോട്ടേക്ക് പുറപ്പെടുേമ്പാൾ നാട്ടിലുള്ള പലരും മോശം അഭിപ്രായമാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ വന്നയുടനെയുണ്ടായ ഒറ്റപ്പെടൽ തിരിച്ചുപോകാൻ പ്രേരിപ്പിക്കുന്നതായിരുന്നു. എന്നാൽ പതിയെ ഇവിടവുമായി പൊരുത്തപ്പെടുകയായിരുന്നു. രോഗികളായി എത്തുന്ന സ്വദേശികളും വിദേശികളുമായവരും സഹപ്രവർത്തകരും എല്ലാം ചിന്തയെ അടിമുടി മാറ്റിമറിച്ചു. 

രാജ്യവും ജനങ്ങളും നൽകുന്ന പിന്തുണയും വ്യത്യസ്ത മേഖലയിലെ സേവനങ്ങളും സൗദി അറേബ്യയെ ഹൃദയത്തിൽ ആഴത്തിൽ പതിപ്പിച്ചു. മക്കളായ ഫൈഹ ഷമീമിനും ഫിർസ ഷമീമിനും സൗദി ജീവിതത്തിനോടും സംസ്കാരത്തോടുമാണ് പ്രിയം കൂടുതൽ. പഠിച്ചതും വളർന്നതും സൗഹൃദം പടുത്തതും ഈ മണ്ണിൽ ആയതുകൊണ്ട് കൂടിയാണ് അങ്ങനെ. പൗരത്വം ലഭിച്ച വാർത്തയറിഞ്ഞതോടെ സ്വദേശി സുഹൃത്തുക്കളായ നിരവധി പേർ ബന്ധപ്പെട്ടിരുന്നു. ഞങ്ങളുടെ സമൂഹത്തിന്റെ ഭാഗമാകുന്നു എന്നറിയുന്നതിൽ ആഹ്ലാദം, രാജ്യം നിങ്ങളെ ആദരിച്ചു എന്നറിയുേമ്പാൾ അതിലേറെ ആഹ്ലാദവും അഭിമാനവും എന്നാണ് വിളിച്ച ഓരോ സൗദി സുഹൃത്തും പറഞ്ഞത് എന്ന് ഡോ. ഷിറീൻ പറയുന്നു. 

ജമ്മുകാശ്‌മീരിൽ ആതുരശുശ്രൂഷ, ജീവകാരുണ്യ രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന കുടുംബങ്ങളാണ് ഇരുവരുടെതും. സൗജ്യന്യ ചികിത്സയും മരുന്നും ഉൾപ്പടെ നിർധനരായവരെ സാഹായിക്കുന്ന ഒട്ടനവധി പദ്ധതികൾക്ക് ഇവിടെ നിന്നുകൊണ്ട് തന്നെ ഡോ. ഷമീം ഇപ്പോഴും നേതൃത്വം കൊടുക്കുന്നുണ്ട്.  സൗദി പൗരത്വം ലഭിക്കുന്നതോടെ ഇന്ത്യൻ പൗരത്വം നഷ്‌ടപ്പെടുമെന്നത് സ്വാഭാവിക നടപടിയാണ്. എന്നാലും അത് ഹൃദയത്തിൽ ഒരു വിങ്ങൽ ബാക്കിയാക്കുന്നുണ്ട്. ലോകം ഒറ്റൊരു നാടായി ചുരുങ്ങിയിരിക്കുന്നതിനാൽ ജന്മദേശമായി അകലേണ്ട സാഹചര്യം ഒന്നുമില്ലല്ലോ എന്നതാണ് ആശ്വാസമെന്ന് ഡോ. ഷെറീൻ പറഞ്ഞു. സൗദി അറേബ്യയിലെ മലയാളികളിൽ വലിയൊരു വിഭാഗം ചികിത്സ സൗകര്യത്തിന് ആശ്രയിക്കുന്ന സഫ മക്ക മെഡിക്കൽ ഗ്രൂപ്പിൽ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ പ്രവാസി സമൂഹത്തിനും ദമ്പതികളുടെ ഈ നേട്ടം ആഹ്ലാദം പകരുന്നതായി. ഡോ. ഷമീമിനും ഭാര്യ ഡോ. ഷിറീനുമൊപ്പം മക്കളായ ഫൈഹ ഷമീം, ഫിർസ ഷമീം എന്നിവർക്കും പൗരത്വം ലഭിച്ചു.

English Summary:

Saudi Arabia honors Indian doctor couple by granting them citizenship.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com