ദുബായിൽ ആനപ്രേമികളുടെ മനംകവരുന്ന ഗജവീരൻ 'ചെറുമുട്ടാടത്ത് കണ്ണൻ'; 'ഒരുക്കാൻ' 40,000 ദിർഹം, വിശേഷണങ്ങൾ ഇനിയുമേറെ!
Mail This Article
ദുബായ് ∙ ഏത് ആനപ്രേമിക്കും ഈ ഗജവീരൻ ഒറിജിനല്ലെന്ന് മനസിലാകണമെങ്കിൽ തൊട്ടുനോക്കേണ്ടി വരും. ദുബായിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയാണ് യഥാർഥ ആനയെ തോൽപ്പിക്കുന്ന തരത്തിലുള്ള ചെറുമുട്ടാടത്ത് കണ്ണൻ എന്ന പേരിൽ ആനയെ നിർമിച്ചിരിക്കുന്നത്. ഇതാദ്യമായാണ് യുഎഇയിൽ തന്നെ ഒരു ആനയെ വാർത്തെടുക്കുന്നത്. യുഎഇയിലെ സംരംഭകനും സിനിമാ നിർമാതാവുമായ തോമസ് തിരുവല്ലയുടെ ഇന്റീരിയർ ഡെക്കറേഷൻ കമ്പനിയായ മുനാവൽ ഗ്രൂപ്പിലെ ജീവനക്കാരാണ് ഇൗ ആനയുടെ ശിൽപികൾ.
കമ്പനിയുടെ ഒാണാഘോഷമായ ഓണവില്ലിൽ ഗജവീരനെ എഴുന്നള്ളിച്ചപ്പോൾ അതു കണ്ടുനിന്നവർക്കെല്ലാം വിസ്മയമായി. 10 അടിയുള്ള ഒത്ത ആനയുടെ രൂപത്തിലുള്ള കൃത്രിമ ആന പ്രൊഡക്ഷൻ സൂപ്പർവൈസർ രാജീവ് രഘുനാഥന്‍റെ നേതൃത്വത്തിൽ അരുൺ, ആദർശ്, സവായ്, സിജു, ശിവപ്രസാദ്, അനിൽ, സുനിൽ എന്നിവരടങ്ങുന്ന സംഘം ഒരു മാസം കൊണ്ടാണ് നിർമാണം പൂര്‍ത്തിയാക്കിയത്. വാരാന്ത്യങ്ങളിലായിരുന്നു നിര്‍മാണ ജോലി.
ആനയുടെ രേഖാചിത്രം വരച്ച് മെറ്റൽ ഉപയോഗിച്ച് അസ്ഥികൂടം തയാറാക്കുകയാണ് ആദ്യം ചെയ്തത്. കാർഡ് ബോർഡ്, സോഫാ നിർമാണത്തിനും മറ്റും ഉപയോഗിക്കുന്ന ഫോം എന്നിവ ഉപയോഗിച്ച് അതിന് രൂപം നൽകി. തുടർന്ന് ചാക്ക്, പ്ലാസ്റ്റർ ഒാഫ് പാരീസ്, വെള്ളത്തുണി എന്നിവയുപയോഗിച്ച് മിനുക്കിയെടുത്തു. മരം ഉപയോഗിച്ചാണ് കൊമ്പും കാൽപാദവും നഖവുമെല്ലാം നിർമിച്ചത്. നാട്ടിൽ നിന്ന് കൊണ്ടുവന്ന റബർ ഷീറ്റുപയോഗിച്ചായിരുന്നു ചെവി നിര്‍മാണം. അകത്ത് ചെറിയ മോട്ടോർ ഘടിപ്പിച്ചപ്പോൾ ചെവിയാട്ടാനും കഴിയുന്നു. ഇതുപോലെ തുമ്പിക്കൈ ആട്ടാനും മോട്ടോർ സഹായകമായി.
പാദത്തിനടിയിൽ ചെറിയ ചക്രം ഘടിപ്പിച്ചിട്ടുള്ളതിനാൽ ആനയ്ക്ക് സുഗമമായി നീങ്ങാൻ സാധിക്കും. ഇൗ ചക്രം പുറത്തേക്ക് ദൃശ്യമാകാത്തതിനാൽ യഥാർഥ ആന എഴുന്നള്ളുന്നതായേ തോന്നൂവെന്ന് രാജീവ് രഘുനാഥൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. നിർമാണത്തിനുള്ള സാധനങ്ങളിൽ മിക്കതും നാട്ടിൽ നിന്നുകൊണ്ടുവന്നതാണ്. സുനിൽ എന്ന ജീവനക്കാരന്‍റെ ഭാര്യ രജനി സുനിലാണ് നെറ്റിപ്പട്ടവും തിടമ്പും നിർമിച്ചത്.
കഴിഞ്ഞവർഷം ആനയുടെ കട്ടൗട്ടായിരുന്നു കമ്പനിയുടെ ഓണാഘോഷത്തിന് ഉപയോഗിച്ചത്. അന്ന് അതത്ര രസമായി തോന്നാത്തതിനാൽ അടുത്തവർഷം ശരിക്കുള്ള രൂപം തന്നെ നിർമിക്കണമെന്നുള്ള പ്രൊഡക് ഷൻ മാനേജർ സിബിയുടെ ആശയമാണ് ഇപ്പോൾ യാഥാര്‍ഥ്യമായത്. കമ്പനിയുടമ തോമസ് തിരുവല്ലയുടെ ആത്മാർഥമായ പിന്തുണയാണ് ആന ഇത്ര ഭംഗിയായി നിർമിക്കാനായതെന്ന് രാജീവ് പറയുന്നു. കൂടാതെ, പ്രൊഡക് ഷൻ മാനേജർ സിബി ഗോപാലകൃഷ്ണൻ, ജനറൽ മാനേജർ വിനോദ്, ഫാക്ടറി മാനേജർ കാളി പെരുമാൾ എന്നിവരുമെല്ലാം പിന്തുണച്ചു.
ആനയും ആഘോഷവുമെല്ലാം മലയാളികളുടെ ജീവിതത്തിന്‍റെ ഭാഗമാണെന്നും പ്രവാസികളുടെ ഗൃഹാതുരത്വമുണർത്തുന്ന ഓർമകള്‍ ഇവിടെത്തന്നെ യാഥാർഥ്യമാക്കുക എന്ന ലക്ഷ്യമാണ് ഗജവീരന്‍റെ നിർമാണത്തിലൂടെ പൂർത്തിയാക്കിയതെന്നും തോമസ് തിരുവല്ല പറഞ്ഞു. വലിപ്പമുള്ളതിനാൽ മറ്റുള്ള ആഘോഷങ്ങൾക്ക് എഴുന്നള്ളിക്കാൻ കൊണ്ടുപോകാൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. ഏതാണ്ട് 40,000 ദിർഹമാണ് നിർമാണച്ചെലവ്.
∙ ഇനി ആനയെക്കൊണ്ട് തലകുലുക്കിക്കും
ഇപ്പോൾ തുമ്പിക്കൈയും ചെവിയും ചലിപ്പിക്കുന്ന ചെറുമുട്ടാടത്ത് കണ്ണനക്കൊണ്ട് അടുത്തതായി തലയാട്ടിക്കാനുള്ള ശ്രമത്തിലാണ് രാജീവും സംഘവും. അതുകൂടി പൂർത്തിയാകുമ്പോൾ ഇനി ആനപ്രേമികളായ പ്രവാസികൾക്ക് നാട്ടിലേയ്ക്ക് ഓടേണ്ടതില്ല, അടുത്ത ആഘോഷത്തിന് ദുബായ് ഇൻഡസ്ട്രിയൽ സിറ്റിയിലെ മുനാവലിലെത്തിയാൽ മതിയാകും. കമ്പനിയുടെ ഇൻ്റീരിയർ വിഭാഗത്തിൽ തന്നെ വിവിധ വിഭാഗങ്ങളിലായി ആകെ എണ്ണൂറോളം പേർ ജോലി ചെയ്യുന്നു.
കളിമണ്ണ് (2013) എന്ന ചിത്രത്തിലൂടെ മലയാള സിനിമാ നിർമാണ രംഗത്ത് പ്രവേശിച്ച പത്തനംതിട്ട തിരുവല്ല സ്വദേശിയായ തോമസ് പിന്നീട് ഓട്ടം(2019), മ്യാവൂ( 2020), എല്ലാം ശരിയാകും ( 2021), മേ ഹൂം മൂസ (2022), പാപ്പച്ചൻ ഒളിവിലാണ്, പൂക്കാലം (2023), ഭരതനാട്യം (2024) എന്നീ സിനിമകളും നിർമിച്ചു. കളിമണ്ണ്, ഓട്ടം, പാപ്പച്ചൻ ഒളിവിലാണ്, ഭരതനാട്യം എന്നീ സിനിമകളിൽ തോമസ് അഭിനയിച്ചിട്ടുമുണ്ട്.