ബര്‍ലിന്‍-പാരിസ് അതിവേഗ ട്രെയിന്‍ ഡിസംബറില്‍ ആരംഭിക്കും
Mail This Article
ബര്‍ലിന്‍ ∙ ബര്‍ലിന്‍-പാരിസ് പകല്‍സമയ അതിവേഗ ട്രെയിന്‍ സര്‍വീസ് ഡിസംബറില്‍ ആരംഭിക്കും. എട്ട് മണിക്കൂര്‍ കൊണ്ട് ബര്‍ലിനില്‍ നിന്ന് പാരിസിലേക്ക് യാത്രചെയ്യാം. ബുണ്ടസ് ബാനും ഫ്രഞ്ച് എസ്എന്‍സിഎഫും കൊണ്ടുവന്ന പുതിയ കണക്ഷന്റെ വാഗ്ദാനമാണിത്.
ഡിസംബര്‍ പകുതി മുതല്‍, റെയില്‍വേ യാത്രക്കാര്‍ക്ക് ഒരു രാത്രി പോലും എടുക്കാതെ ബെര്‍ലിനും പാരിസിനും ഇടയില്‍ നേരിട്ട് സഞ്ചരിക്കാനാകും.യാത്രയ്ക്ക് ഏകദേശം എട്ട് മണിക്കൂര്‍ എടുക്കുമെന്ന് ഡോച്ചെ ബാന്‍ (ഡിബി) പറഞ്ഞു. 2023 ഡിസംബറില്‍ അവതരിപ്പിച്ച ബര്‍ലിന്‍ – പാരിസ് ഓവര്‍നൈറ്റ് കണക്ഷന് പുറമേയാണ് പുതിയ സർവീസ്.
പാരിസില്‍ നിന്ന് രാവിലെ 9.55 ന് പുറപ്പെട്ട് ഫ്രാങ്ക്ഫര്‍ട്ടില്‍ 2.04 നും ബര്‍ലിനില്‍ 6.03 നും എത്തിച്ചേരും. മറ്റൊരു ദിശയിലുള്ള യാത്ര 11.54 ന് ബര്‍ലിനില്‍ നിന്ന് പുറപ്പെടുന്നു, വൈകുന്നേരം 7.55 ന് പാരിസിലെത്തും. ഒക്ടോബര്‍ 16 ന് റിസര്‍വേഷന്‍ ആരംഭിക്കും.