ADVERTISEMENT

ലണ്ടൻ ∙ ഓൺലൈൻ, ടെലിഫോൺ തട്ടിപ്പുകൾക്ക് ഇരയായി അക്കൗണ്ടിൽ നിന്നും 85,000 പൗണ്ടു വരെ നഷ്ടമാകുന്നവർക്ക് അഞ്ചു ദിവസത്തിനുള്ളിൽ പണം തിരികെ നൽകണമെന്ന് പേയ്മെന്‍റ് സിസ്റ്റം റഗുലേറ്ററുടെ പുതിയ നിർദേശം. ബാങ്കുകൾക്കും മറ്റു പേയ്മെന്‍റ് കമ്പനികൾക്കും പുതിയ നിയമം ബാധകമായിരിക്കും. ഒക്ടോബർ ഏഴു മുതലാണ് ഇത്തരത്തിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തട്ടിപ്പിന് ഇരയാകുന്നവർക്ക് പണം തിരികെ നൽകാൻ നിർബന്ധിതരാകുക. 

ഇപ്പോൾ തന്നെ മിക്കാവറും ഹൈസ്ട്രീറ്റ് ബാങ്കുകളും പേയ്മെന്‍റ് സ്ഥാപനങ്ങളും ഇത്തരത്തിൽ തട്ടിപ്പിന് ഇരയാകുന്നവർക്ക് പണം തിരികെ നൽകാറുണ്ടെങ്കിലും ഇത് നിയമപരമായ ബാധ്യത അല്ലായിരുന്നു. എന്നാൽ പേയ്മെന്‍റ് സിസ്റ്റം റഗുലേറ്ററുടെ പുതിയ നിർദേശത്തോടെ പണം തിരികെ നൽകേണ്ടത് ധനകാര്യസ്ഥാപനങ്ങളുടെ നിയമപരമായ ഉത്തരവാദിത്വമാകും. 

415,000 പൗണ്ടു വരെയുള്ള തട്ടിപ്പുകളിൽ മുഴുവൻ പണവും തിരികെ നൽകാൻ വ്യവസ്ഥയുണ്ടാകണമെന്നായിരുന്നു ആദ്യഘട്ടത്തിൽ നിർദേശം ഉയർന്നത്. എന്നാൽ നിരവധി കൂടിയാലോചനകൾക്കും വിശകലനങ്ങൾക്കും ശേഷം ഈ തുക 85,000 പൗണ്ടായി റഗുലേറ്റർ നിജപ്പെടുത്തുകയായിരുന്നു. 99 ശതമാനം തട്ടിപ്പു കേസുകളിലും തുക നഷ്ടമാകുന്നത് 85,0000 പൗണ്ടിൽ താഴെയാണെന്ന കണ്ടെത്തലാണ് ഇത്തരമൊരു തുക നിശ്ചയിക്കാൻ കാരണം. 

ഓൺലൈൻ, ടെലിഫോൺ ബാങ്ക് തട്ടിപ്പുകളിൽ 12 ശതമാനത്തിന്റെ വർധനയാണ് കഴിഞ്ഞവർഷം രാജ്യത്തുണ്ടായത്. 232,429 കേസുകളാണ് 2023ൽ മാത്രം ഇത്തരത്തിൽ റജിസ്റ്റർ ചെയ്തത്. ഇവയിലൂടെ നഷ്ടമായ തുക 459.7 മില്യൻ പൗണ്ടും. 2023ൽ ഉണ്ടായ തട്ടിപ്പു കേസുകളിൽ 18 എണ്ണത്തിൽ മാത്രമാണ് 415,000 പൗണ്ടിനു മുകളിൽ നഷ്ടപ്പെട്ടത്. 411 കേസുകളിൽ 85,000 പൗണ്ടിനടുത്തും നഷ്ടമായി. മറ്റു കേസുകളിൽ അതിൽ താഴെയും. ഈ വസ്തുത കണക്കിലെടുത്താണ് തിരികെ നൽകേണ്ട തുകയുടെ പരിധി 85,000 പൗണ്ടായി നിശ്ചയിച്ചത്. റഗുലേറ്ററുടെ പുതിയ നിർദേശം പാലിക്കാൻ ഏതെങ്കിലും ധനകാര്യ സ്ഥാനപനങ്ങൾ വിമുഖത കാട്ടിയാൽ റഗുലേറ്റർക്ക് നേരിട്ടോ ഫിനാഷ്യൽ ഓംബുഡ്സ്മാനോ പരാതി നൽകാം. 

English Summary:

Banks Must Refund Fraud up to £85,000 in Five Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com