യുകെയിലെ പതിനഞ്ചാമത് മുട്ടുചിറ കുടുംബസംഗമത്തിന് ഇന്ന് തുടക്കം കുറിക്കും
Mail This Article
ലണ്ടൻ ∙ യുകെയിലെ പതിനഞ്ചാമത് മുട്ടുചിറ കുടുംബസംഗമത്തിനു ഇന്ന് തുടക്കം കുറിക്കും കുടുംബസംഗമം സെപ്റ്റംബർ 27, 28, 29 തീയതികളിൽ നോർത്ത് വെസ്റ്റിലെ ബോൾട്ടണിൽ വച്ച് നടത്തപ്പെടും. ജനപങ്കാളിത്തം കൊണ്ടും സംഘടന മികവ് കൊണ്ടും യുകെയിലെ നാട്ട് സംഗമങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ മുട്ടുചിറ സംഗമത്തിന് 2009 ൽ തുടക്കം കുറിച്ചതും ബോൾട്ടണിൽ തന്നെയായിരുന്നു.
കേരളാ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, പുതുപ്പള്ളി എം ൽ എ ചാണ്ടി ഉമ്മൻ, ചലച്ചിത്ര നടൻ അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരടക്കം പലരും ഇതിനോടകം സംഗമത്തിന് ആശംസകളറിയിച്ചു. ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടികൾ 29 ഞായറാഴ്ച സമാപിക്കും. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ സംഗമത്തിന്റെ മാറ്റ് കൂട്ടും. ബോൾട്ടണിലെ ബ്രിട്ടാണിയ ഹോട്ടലിലാണ് ഈ വർഷത്തെ സംഗമ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
ആഘോഷങ്ങളോടൊപ്പം ചാരിറ്റി പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന മുട്ടുചിറ സംഗമം വിവിധ ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി വളരെ ഭംഗിയായി മുട്ടുചിറയിൽ പ്രവർത്തിച്ച് വരുന്ന അൽഫോൻസ സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റിന്റെ, കിഡ്നി റിലീഫ് ഫണ്ടിന് ശക്തമായ പിന്തുണയാണ് മുട്ടുചിറ സംഗമം നൽകി വരുന്നത്. സ്വിറ്റ്സർലൻഡിൽ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ.വർഗ്ഗീസ് നടക്കൽ രക്ഷാധികാരിയായും ബോൾട്ടണിലെ ജോണി കണിവേലിൽ ജനറൽ കൺവീനറായും 2009 ൽ തുടക്കം കുറിച്ച മുട്ടുചിറ സംഗമം ഇരുവരുടെയും നേതൃത്വത്തിൽ ഊർജ്ജസ്വലതയോടെ, ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്. ജോണി കണിവേലിൽ - 07889800292, കുര്യൻ ജോർജ്ജ് - 07877348602, സൈബൻ ജോസഫ് - 07411437404, ബിനോയ് മാത്യു - 07717488268, ഷാരോൺ ജോസഫ് - 07901603309.
വാർത്ത ∙ ജിജോ അരയത്ത്