ഓസ്ട്രിയയില്‍ ഇന്ന് തിരഞ്ഞെടുപ്പ്; സർവേ ഫലങ്ങൾ ഫ്രീഡം പാർട്ടിക്ക് അനുകൂലം
Mail This Article
ബര്‍ലിന്‍ ∙ ഓസ്ട്രിയന്‍ തിരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷം ചരിത്ര വിജയം നേടുമെന്ന് പ്രവചനത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ആശങ്കയിൽ. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിൽ ഓസ്ട്രിയക്കാര്‍ വോട്ട് രേഖപ്പെടുത്തമ്പോള്‍ തീവ്ര വലതുപക്ഷ പാർട്ടിയായ ഫ്രീഡം പാര്‍ട്ടിക്കാർ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രാദേശിക സമയം രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. ഓസ്ട്രിയയിലെ 9 ദശലക്ഷം നിവാസികളില്‍ 6.3 ദശലക്ഷത്തിലധികം ആളുകള്‍ക്ക് വോട്ടുചെയ്യാന്‍ അര്‍ഹതയുണ്ട്. കുടിയേറ്റത്തെ സംബന്ധിച്ച ആശങ്കകളും സാമ്പത്തിക മാന്ദ്യവും തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കും.
ഫ്രീഡം പാര്‍ട്ടി (എഫ്പിഒ) ഇതുവരെ ദേശീയ തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയിട്ടില്ല. ഇത്തവണ അത് മാറിയേക്കാം, എന്നിരുന്നാലും, കുടിയേറ്റ വിരുദ്ധ ആശയമുള്ള ഫ്രീഡം പാര്‍ട്ടിക്ക് 27% പിന്തുണയോടെ ഏറ്റവും വലിയ വോട്ട് വിഹിതം നേടാനാകുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വേ ഫലങ്ങൾ കാണിക്കുന്നത്.
മുന്‍ ആഭ്യന്തര മന്ത്രിയായ ഹെര്‍ബര്‍ട്ട് കിക്കാണ് പാർട്ടിയുടെ ചുമതല വഹിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍, കുടിയേറ്റം, പണപ്പെരുപ്പം, യുക്രൈയ്ൻ യുദ്ധം ഇവയെല്ലാം തിരഞ്ഞെടുപ്പിലെ വിഷയങ്ങളാണെന്നും രാജ്യാന്തര മാധ്യമങ്ങൾ വിലയിരുത്തുന്നു. പ്രാദേശിക സമയം വൈകിട്ട് ഏഴുമണി വരെയാണ് പോളിങ്.