ADVERTISEMENT

ലണ്ടൻ∙ യുകെയിലെ നഴ്സിങ് മേഖലയിലെ ജീവനക്കാർ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ജീവനക്കാരുടെ പ്രമുഖ യൂണിയനുകളിൽ ഒന്നായ റോയൽ കോളജ് ഓഫ് നഴ്സിങിൽ ഒക്ടോബർ 14 മുതൽ നവംബർ 11 വരെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് നഴ്സുമാർ, ഹെൽത്ത് കെയർ അസിസ്റ്റന്‍റുമാർ ഉൾപ്പെടുള്ള സപ്പോർട്ട് വർക്കർമാർ എന്നിവർ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നത്. പതിവില്ലാത്ത വിധം മലയാളികൾ ഏറ്റവും കൂടുതൽ സജീവമാകുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് ആർസിഎൻ യൂണിയനിൽ ഇത്തവണ നടക്കുന്നത്. 

മലയാളിയും ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നഴ്സായ ബിജോയ് സെബാസ്റ്റ്യൻ ആണ് മത്സര രംഗത്തുള്ളതാണ് മലയാളികൾ സജീവമാകാൻ കാരണം. യുകെയിലെ മലയാളികളായ നഴ്സിങ് ജീവനക്കാർ ഒരേ മനസ്സോടെ ഒത്തുപിടിച്ചാൽ ബിജോയ് ആർസിഎൻ പ്രസിഡന്‍റായി വിജയിച്ചേക്കാം. അങ്ങനെയെങ്കിൽ യുകെയിലെ ആദ്യ മലയാളി മേയർമാർക്കും ആദ്യ മലയാളി എംപിക്കും ശേഷം റോയൽ കോളജ് ഓഫ് നഴ്‌സിങിന് ഒരു മലയാളി പ്രസിഡന്‍റ് ഉണ്ടാകും. യൂണിയൻ തലപ്പത്ത് മലയാളി ശബ്ദവും പങ്കാളിത്തവും വരുന്നതോടെ യുകെയിലെ വിദേശ നഴ്‌സുമാരിൽ ഏറ്റവുമധികമുള്ള മലയാളി നഴ്‌സുമാരുടെ ആവശ്യങ്ങൾക്ക് പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ. 

നവംബർ 13 ന് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിലൂടെ പ്രതീക്ഷകൾ സഫലമാകാൻ  യുകെയിൽ സമീപവർഷങ്ങളിൽ എത്തിയ നഴ്സിങ് മേഖലയിലെ ജീവനക്കാർ എത്രയുംവേഗം ആർസിഎൻ യൂണിയനിൽ അംഗത്വം എടുക്കേണ്ടതുണ്ടന്ന് പ്രസിഡന്‍റ് സ്ഥാനാർഥിയായ ബിജോയ്‌ സെബാസ്റ്റ്യൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. അംഗത്വം എടുത്താൽ മാത്രമെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വോട്ടവകാശം ലഭിക്കൂ. പുതിയതായി യുകെയിലെത്തിയ ഒട്ടുമിക്ക മലയാളി നഴ്‌സുമാർ ഉൾപ്പടെയുള്ള ജീവനക്കാരും നിലവിൽ ജോലിചെയ്യുന്ന പഴയ ചില മലയാളി ജീവനക്കാരും ഇപ്പോഴും ആർസിഎൻ അംഗത്വം എടുത്തിട്ടില്ല എന്നതാണ് ദൗർഭാഗ്യകരമായ കാര്യമെന്ന്‌ തിരഞ്ഞെടുപ്പ് രംഗത്ത് ബിജോയ്ക്ക് ഒപ്പം പ്രവർത്തിക്കുന്നവരും സാക്ഷ്യപ്പെടുത്തുന്നു. വോട്ടവകാശം മാത്രമല്ല നിരവധി ആനുകൂല്യങ്ങളാണ് കരിയറിൽ നഴ്‌സുമാർ ഉൾപ്പടെയുള്ള ജീവനക്കാർക്ക് ആർസിഎൻ അംഗത്വം മുഖാന്തരം ലഭിക്കുക.   

പിആർ, സിറ്റിസൺഷിപ്പ് എന്നിവ എടുക്കുവാനും ഏതെങ്കിലും വിധത്തിലുള്ള നിയമ, അച്ചടക്ക നടപടികൾ നേരിടുമ്പോഴും ആർസിഎൻ സഹായവും നിർദ്ദേശവും പിന്തുണയും അംഗങ്ങൾക്ക് ലഭിക്കും. തൊഴിലിടത്തിൽ അച്ചടക്ക നടപടികൾ, നിയമ നടപടികൾ, സിക്നസ് നടപടികൾ എന്നിവയ്ക്ക് വിധേയരായി തൊഴിൽ നഷ്ടപ്പെടുന്ന ജീവനക്കാരുടെ എണ്ണം വർധിച്ചു വരികയാണ് ഇപ്പോൾ. എൻഎംസി റെഫറലിലേക്ക്‌ വരെ നീണ്ട് പിൻ നമ്പർ നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. എന്നാൽ ആർസിഎൻ അംഗത്വം എടുക്കുന്നവർക്ക് യുകെയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ ഇൻ ഹൗസ് ലീഗൽ ടീമിന്റെ സൗജന്യ നിയമ സഹായം ലഭ്യമാകും. 

ഇത്തരം നിയമസഹായത്തിനായി ആയിരക്കണക്കിന് പൗണ്ട് വക്കീൽ ഫീസിനത്തിലും മറ്റും കൊടുക്കേണ്ടി വരുന്ന സ്ഥിതി വിശേഷമാണ് നിലവിൽ പലർക്കുമുള്ളത്. തൊഴിലിടങ്ങളിൽ ചിലയിടത്തൊക്കെ ഇപ്പോഴും നടന്നുവരുന്ന വർണ്ണ വിവേചനത്തിനും ചൂഷണങ്ങൾക്കുമെതിരെ ശബ്ദം ഉയർത്താനും യൂണിയൻ അംഗത്വം വളരെ സഹായകരമാണ്.   

അംഗത്വംഎടുക്കുന്നവർക്ക് ആർസിഎൻ സംഘടിപ്പിക്കുന്ന പ്രത്യേക തുടർപഠന പരിപാടികൾ, യുകെയിലെ ഏറ്റവും വലിയ നഴ്സിങ് ലൈബ്രറി റിസോഴ്സ് തുടങ്ങിയവ ലഭിക്കുവാനും സാഹചര്യമുണ്ട്. ടെലിഫോൺ കരിയർ കോച്ചിങ് ഉപയോഗിച്ച് കരിയറിലെ അടുത്ത ഘട്ടം എങ്ങനെ വേണമെന്ന് പ്ലാൻ ചെയ്യാനുള്ള സഹായം, സിവി എഴുത്ത്, പുതിയ കരിയർ മാറ്റത്തിനുള്ള ആശയങ്ങൾ എന്നിവയും അംഗങ്ങൾക്ക് ലഭിക്കുന്നതാണ്. വീട്ടിലും ജോലിസ്ഥലത്തും നഴ്‌സുമാരെയും ഹെൽത്ത്കെയർ അസിസ്റ്റന്‍റുമാരേയും ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളിൽ സൗജന്യ രഹസ്യസഹായവും ഉപദേശവും ലഭിക്കും. 

യുകെയിൽ സ്ഥിരതാമസമായ നഴ്‌സുമാർ ഉൾപ്പടെയുള്ള ജീവനക്കാർക്ക് വില്പത്ര എഴുത്തു സംബന്ധിച്ച ഉപദേശങ്ങളും സാമ്പത്തിക ഉപദേശങ്ങളും ലഭ്യമാകും. യുകെയിലെ വീസ മാറ്റം, സെറ്റിൽമെന്‍റ് അപേക്ഷ തുടങ്ങിയ കാര്യങ്ങളിലും ആർസിഎൻ ഇമിഗ്രേഷൻ ഉപദേശക സംഘത്തിന് കഴിയും. ഇത്തരം സേവനങ്ങൾ ലഭ്യമാകുവാൻ എല്ലാ നഴ്സിങ് ജീവനക്കാരും അംഗത്വം എടുക്കണമെന്ന് ബിജോയ്‌ സെബാസ്റ്റ്യൻ പറഞ്ഞു. 

ആർസിഎൻ അംഗത്വത്തിന് നഴ്സുമാർ പ്രതിമാസം 16.82 പൗണ്ടാണ് നൽകേണ്ടത്. എന്നാൽ എൻഎംസിയിൽ രജിസ്റ്റർ ചെയ്ത പുതിയ നഴ്സുമാർക്ക് ആദ്യ വർഷത്തിൽ പ്രതിമാസം 8.41 പൗണ്ട് നൽകിയാൽ മതി. നഴ്‌സുമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ എൻഎച്ച്എസ് ആശുപത്രികൾ, നഴ്സിങ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഹെൽത്ത് കെയർ അസ്സിസ്റ്റന്‍റുമാർ ഉൾപ്പടെയുള്ള സപ്പോർട്ട് വർക്കർമാർക്കും ആർസിഎൻ അംഗത്വം ലഭിക്കും. ഇവർക്ക് അംഗത്വ ഫീസ് പ്രതിമാസം 8.41 പൗണ്ടാണ്. എന്നാൽ ആദ്യവർഷം വെറും 4.21 പൗണ്ട് അടച്ചാൽ മതിയാകും. അംഗത്വത്തിനായി മുടക്കുന്ന തുകയുടെ ടാക്സ് റിട്ടേണും ക്ലെയിമും ചെയ്യാവുന്നതാണ്. 3,000 ത്തിലധികം ചില്ലറ വ്യാപാരികളിൽ നിന്നും പ്രത്യേക ഡിസ്കൗണ്ടുകളും ആർസിഎൻ അംഗങ്ങൾക്ക് ലഭ്യമാണ്. സ്റ്റുഡന്‍റ് നഴ്സസ്, മറ്റേർണിറ്റി ലീവ് അല്ലെങ്കിൽ കരിയർ ബ്രേക്ക് ലീവിലുള്ള ജീവനക്കാർക്ക് മാസ വരിസംഖ്യക്ക് പകരം വാർഷിക വരിസംഖ്യ ആയി 10 പൗണ്ട് മാത്രം അടച്ചാൽ മേൽപ്പറഞ്ഞ സേവനങ്ങൾ ലഭിക്കുമെന്ന്‌ ബിജോയ്‌ സെബാസ്റ്റ്യൻ പറഞ്ഞു.

∙ഒരാഴ്ചക്കുള്ളിൽ ആർസിഎൻ അംഗത്വമെടുക്കുനും പ്രസിഡന്‍റ് തിരെഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിനും ലിങ്ക്: https://www.rcn.org.uk/membership 

∙ നിലവിൽ അംഗത്വം ഉള്ളവർ ആണെങ്കിൽ ആർസിഎൻ പോർട്ടലിൽ ഉള്ള വിലാസം, മറ്റു വ്യക്തിഗത വിവരങ്ങൾ എന്നിവ പരിശോധിച്ച് തെറ്റുകൾ തിരുത്താനുള്ള ലിങ്ക്: https://my.rcn.org.uk/Login 

∙ വിലാസം ചേർക്കുകയോ അംഗമാവുകയോ ചെയ്യുന്നവരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് നടത്തുന്ന സമിതിക്ക് ആർ സിഎൻ കൃത്യമായി കൈമാറുന്നു എന്ന് ഉറപ്പ് വരുത്തുവാനും പ്രസിഡന്‍റ് ഇലക്ഷനിൽ വോട്ട് ചെയ്യാനുള്ള ബാലറ്റ് അയക്കണമെന്ന് ആവശ്യപ്പെടുവാനും ബന്ധപ്പെടേണ്ട ഇമെയിൽ വിലാസം: elections@rcn.org.uk 

∙ ഒക്ടോബർ 14 ലോടുകൂടി ബാലറ്റ് പേപ്പറുകൾ പോസ്റ്റൽ ആയി അംഗങ്ങൾക്ക് ലഭിച്ചു തുടങ്ങിയിട്ടും 17 -18 തീയതികൾക്കുള്ളിൽ ബാലറ്റ് പേപ്പർ ലഭിക്കുവാൻ അംഗത്വ നമ്പറും പേരും അടക്കം ഉള്ള വിവരങ്ങൾ നൽകി പുതിയ ബാലറ്റ് ലഭ്യമാക്കുവാൻ ബന്ധപ്പെടേണ്ട ഇമൈയിൽ: support@cesvotes.com

English Summary:

UK nursing staff election news

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com