ഗാന്ധി ജയന്തി ആഘോഷിച്ച് ഫിൻലൻഡിലെ ഇന്ത്യക്കാർ
Mail This Article
ഹെൽസിങ്കി ∙ ഫിൻലൻഡിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ മഹാത്മജിയുടെ 155–ാം ജന്മദിനം ആഘോഷിച്ചു. ഇന്ത്യൻ അംബാസഡർ ഹേമന്ത് കൊട്ടേൽവാർ ഗാന്ധിസ്മരണ പങ്കുവച്ചു. സാധാരണക്കാരെ സ്വാതന്ത്ര്യ സമരത്തിലേക്കു ആഹ്വാനം ചെയ്യുന്നതിൽ ഗാന്ധിയുടെ പങ്കിനെപ്പറ്റി തന്റെ പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചു.
ഗുജറാത്തി സമാജത്തിനോടൊപ്പം മറ്റു ഇന്ത്യൻ അസോസിയേഷനുകളും രാഷ്ടപിതാവിനെ സ്മരിച്ചുകൊണ്ടു ചടങ്ങുകളിൽ പങ്കുചേർന്നു. ഗാന്ധിജിക്കു പ്രിയപ്പെട്ട ഗാനങ്ങൾ ആലപിച്ചുകൊണ്ട് അന്തരീക്ഷത്തിനു സഹിഷ്ണുതയുടെയും സംഭാവനയുടെയും സന്ദേശമേകി.
2019–ലാണ് ഫിൻലൻഡിൽ ഗാന്ധി പ്രതിമ സ്ഥാപിതമായത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും, ഫിൻലൻഡ് വിദേശകാര്യ മന്ത്രി പെക്ക ഹാവിസ്‌തോയുമാണ് ഗാന്ധി പ്രതിമ അനാവരണം ചെയ്തത്. ഹെൽസിങ്കിയിലെ ഹമീൻതിയിലെ പാർക്കിലാണ് ഇന്ത്യക്കാർക്ക് അഭിമാനമായി ഗാന്ധി പ്രതിമ നിലകൊള്ളുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ഈ ഗാന്ധി പ്രതിമയ്ക്ക് സമീപമാണ് ഗാന്ധി ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കാറുള്ളത്. ലോക കേരളസഭ അംഗങ്ങളായ ദേവി പൂമരം, നവമി, വേൾഡ് മലയാളി ഫെഡറേഷൻ ഫിൻലൻഡ് കോ-ഓർഡിനേറ്റർ അനുരാജ് എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു.