പരിശുദ്ധ യെല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓർമപ്പെരുന്നാള്‍ ഒക്ടോബര്‍ 3ന്
Mail This Article
ബര്‍ലിന്‍ ∙ മലങ്കര സഭയുടെ പരിശുദ്ധനായ യെല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓർമപ്പെരുന്നാള്‍ ജർമനിയിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ ഒക്ടോബര്‍ 3ന് ആഘോഷിക്കും. രാവിലെ 8:30ന് ആരംഭിക്കുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും യുകെ-യൂറോപ്പ് -ആഫ്രിക്കാ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ സ്തേഫാനോസ് മെത്രാപ്പൊലീത്ത പ്രധാന കാർമികത്വം വഹിക്കും.
ജർമനിയിലെ ഇടവകയുടെ വികാരിയായി സേവനം അനുഷ്ഠിച്ച റവ. ഫാ. കോര വര്‍ഗീസിന്റെ 19-ാമത് ഓർമയും പ്രത്യേക ധൂപപ്രാര്‍ഥനയും അന്നേ ദിവസം നടത്തും. കുര്‍ബാനയ്ക്ക് ശേഷം പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയും ഉണ്ടായിരിക്കും.
ബര്‍ലിനിലെ മരിയ റോസെൻക്രാൻസ്‌കോനിജിൻ പള്ളിയിലാണ് പെരുന്നാള്‍ നടത്തുന്നത്. യുകെ-യൂറോപ്പ്- ആഫ്രിക്കാ ഭദ്രാസന സെക്രട്ടറി റവ.ഫാ. വര്‍ഗീസ് മാത്യു, ഇടവകയുടെ വികാരിമാരായ റവ.ഫാ.ജിബിന്‍ തോമസ് ഏബ്രഹാം, റവ.ഫാ.രോഹിത് സ്കറിയ ജോര്‍ജ്ജി, റവ.ഫാ. അശ്വിന്‍ വര്‍ഗീസ് ഈപ്പന്‍ എന്നിവര്‍ സഹകാർമികത്വം വഹിക്കും.