പാർട്ടി സമ്മേളനത്തിൽ നിലപാടു പറഞ്ഞ് ടോറി ലീഡർ സ്ഥാനാർഥികൾ; കലഹങ്ങൾ മറന്ന് ഒന്നിക്കാൻ സുനകിന്റെ വിടവാങ്ങൽ സന്ദേശം
Mail This Article
ലണ്ടൻ ∙ പാർട്ടിയുടെ നേതൃത്വത്തിലേക്ക് വരുന്നത് ആരായാലും അവർക്കു പിന്നിൽ കലഹങ്ങൾ മറന്ന് ഒരുമിക്കണമെന്ന് സ്ഥാനമൊഴിയുന്ന ടോറി നേതാവ് ഋഷി സുനകിന്റെ വിടവാങ്ങൽ സന്ദേശം. വിഭാഗീയതയും കലഹങ്ങളും പരസ്പരം അപവാദങ്ങൾ പ്രചരിപ്പിക്കുന്നതും അവസാനിപ്പിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനാവാണം എല്ലാവരും ശ്രമിക്കേണ്ടതെന്നും ബർമിങ്ങാമിലെ പാർട്ടി സമ്മേളനത്തിൽ ഋഷി സുനക് ആഹ്വാനം ചെയ്തു.
പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള ഒരുക്കത്തിനിടെ നടക്കുന്ന പാർട്ടി സമ്മേളനത്തിൽ മുഖ്യമായും ചർച്ചാവിഷയമായത് നേതൃതിരഞ്ഞെടുപ്പു തന്നെ. പൊതുതിരഞ്ഞെടുപ്പിലെ പരാജയം ചർച്ചചെയ്യാൻ ചേർന്ന സമ്മേളനം അക്ഷരാർഥത്തിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള ചർച്ചാവേദിയായി മാറി. നേതൃസ്ഥാനത്തേക്ക് മൽസരരംഗത്തുള്ള നാലുപേരും സമ്മേളനത്തെ അഭിസംബോധന ചെയ്ത് തങ്ങളുടെ നിലപാടുകൾ വിശദീകരിച്ചു. ടോം ട്വിഗ്വിൻടാഗ്, ജെയിംസ് ക്ലവേർലി, റോബർട്ട് ജെനറിക്, കെമി ബാഡ്നോച്ച് എന്നിവരാണ് ഇപ്പോഴും സജീവമായി മൽസരരംഗത്തുള്ള സ്ഥാനാർഥികൾ.
അടുത്തയാഴ്ച എംപിമാർക്കിടയിൽ നടക്കുന്ന വോട്ടെടുപ്പിൽ ഇവരിൽനിന്നും അവസാന റൗണ്ടിലേക്കുള്ള രണ്ടു സ്ഥാനാർഥികളെ കണ്ടെത്തും. അവർക്ക് പാർട്ടി അംഗങ്ങൾ വോട്ടു ചെയ്താകും നേതാവിനെ തീരുമാനിക്കുക. നവംബർ രണ്ടിന് പുതിയ നേതാവിനെ പ്രഖ്യാപിക്കും. ഇതിനിടെ അവതരിപ്പുന്ന പൊതുബജറ്റ് ഉൾപ്പെടെയുള്ള പ്രധാന പാർലമെന്ററി നടപടികളിൽകൂടി പങ്കെടുത്താവും ഋഷി സുനകിന്റെ പടിയിറക്കം. പ്രതിപക്ഷനേതൃസ്ഥാനം ഒഴിഞ്ഞാലും ഋഷി സുനക് പിൻസീറ്റ് അംഗമായി പാർലമെന്റിൽ തുടരും. നേരത്തെ മുൻ പ്രധാനമന്ത്രിമാരായ തെരേസ മേയും ബോറിസ് ജോൺസണും ഉൾപ്പെടെ പ്രമുഖരായ പല നേതാക്കളും സമാനമായ രീതിയിൽ പിൻബഞ്ചുകളിലേക്ക് മാറിയ ചരിത്രമുണ്ട്.