ADVERTISEMENT

ബർലിൻ ∙ കേരളത്തിലെ തൊഴില്‍ അന്വേഷകര്‍ക്ക് വിശ്വസനീയവും ഗുണകരവുമായ വിദേശ തൊഴില്‍ അവസരം ലഭ്യമാക്കുന്നതിന് നോര്‍ക്ക റൂട്ട്‌സും കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലും (കെ ഡിസ്‌ക്) ധാരണാപത്രം ഒപ്പുവച്ചു. വഴുതക്കാട് കെ ഡിസ്‌ക് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ അജിത് കോളശേരിയും കെ ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണനും ധാരണാപത്രം കൈമാറി. 

കേരള നോളജ് ഇക്കണോമി മിഷന്റെ ഭാഗമായി ദീര്‍ഘകാല തൊഴില്‍ അവസരം ഉറപ്പാക്കുന്നതിനും തൊഴിലവസരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും നോര്‍ക്ക റൂട്ട്‌സും കെ ഡിസ്‌കുമായുള്ള സഹകരണം ലക്ഷ്യമിടുന്നു. വ്യാജ വീസ, തൊഴില്‍ തട്ടിപ്പുകള്‍ വര്‍ധിച്ചിട്ടുള്ള സാഹചര്യത്തില്‍ വിശ്വസനീയമായ തൊഴില്‍ അവസരം ഉറപ്പാക്കി മികവുറ്റ ഉദ്യോഗാര്‍ഥികളെ വിദേശത്തെ മികച്ച തൊഴില്‍ ദാതാക്കള്‍ക്ക് ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. 

കേരളത്തിലെ തൊഴില്‍ അന്വേഷകര്‍ക്ക് വിദേശ തൊഴില്‍ അവസരം ലഭ്യമാക്കുന്നതിന് നോര്‍ക്കയും കെ ഡിസ്‌ക്കും ധാരണാപത്രം ഒപ്പുവച്ചു. Image Credit: NORKA ROOTS.
കേരളത്തിലെ തൊഴില്‍ അന്വേഷകര്‍ക്ക് വിദേശ തൊഴില്‍ അവസരം ലഭ്യമാക്കുന്നതിന് നോര്‍ക്കയും കെ ഡിസ്‌ക്കും ധാരണാപത്രം ഒപ്പുവച്ചു. Image Credit: NORKA ROOTS.

കേരളീയര്‍ക്ക് നഴ്‌സിങ്, കെയര്‍ ഗിവര്‍ ജോലികളില്‍ ജപ്പാനില്‍ വലിയ അവസരമുണ്ടെന്നും അതു പ്രയോജനപ്പെടുത്താന്‍ നമുക്കു സാധിക്കുമെന്നും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ അജിത് കോളശേരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജാപ്പനീസ് ഭാഷ പഠിപ്പിക്കുന്നതിന് ലാംഗ്വേജ് സെന്ററും തൊഴില്‍ നൈപുണ്യത്തിനുള്ള സ്‌കില്‍ ടെസ്റ്റ് സെന്ററും സജ്ജമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജപ്പാനിലെ തൊഴില്‍ സാധ്യത മനസിലാക്കി തമിഴ്‌നാട്ടില്‍ പോളി ടെക്‌നിക്കുകളില്‍ ഉള്‍പ്പെടെ ജാപ്പനീസ് ഭാഷ പഠിക്കുന്നതിന് അവസരമൊരുക്കിയിട്ടുള്ളതായി കെ ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ തൊഴിലവസരങ്ങളുണ്ടെന്നും അതു പ്രയോജനപ്പെടുത്താന്‍ കേരളത്തിലെ വിദേശ തൊഴില്‍ അന്വേഷകര്‍ക്ക് ആകണമെന്നും അദ്ദേഹം പറഞ്ഞു. 

നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, വിജ്ഞാന പത്തനംതിട്ട അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്രഹാം വലിയകാലായില്‍, കെ ഡിസ്‌ക്ക് സീനിയര്‍ കണ്‍സള്‍ട്ടന്റ് ടി.വി. അനില്‍കുമാര്‍, നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സെക്ഷന്‍ ഓഫിസര്‍ ബി. പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary:

NORKA ROOTS and Kerala Development and Innovation Strategic Council (K DISC) have signed an MoU to provide overseas employment opportunities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com