‘മോഷ്ടിച്ചതെല്ലാം തിരികെ തരണം ; നിങ്ങൾ എന്‍റെ രാജാവല്ല’; ചാൾസ് രാജാവിനെതിരേ അലറിവിളിച്ച് ഓസ്ട്രേലിയൻ സെനറ്റർ
Mail This Article
ലണ്ടൻ∙ ഓസ്ട്രേലിയൻ പാർലമെന്‍റ് സന്ദർശനത്തിനിടെ ചാൾസ് രാജാവിനെതിരേ അലറിവിളിച്ച് ഓസ്ട്രേലിയൻ സെനറ്റ് അംഗം ലിഡിയ തോർപ്. ചാൾസ് രാജാവിനും രാജ്ഞി കാമിലയ്ക്കുമായി ഒരുക്കിയ രാജകീയ സ്വീകരണത്തിലാണ് ഇരുവർക്കുമെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചും പരസ്യമായി ഇവരെ തള്ളിപ്പറഞ്ഞും സെനറ്റ് അംഗമായ ലിഡിയ പ്രതികരിച്ചത്. പാർലമെന്‍റ് ഹൗസിൽ രാജാവിന്‍റെയും മറ്റു നേതാക്കളുടെയും പ്രസംഗത്തിനു പിന്നാലെ ഹാളിലേക്ക് അലറിവിളിച്ചു വന്ന ലിഡിയ വായിൽ വന്നതെല്ലാം വിളിച്ചുകൂവി.
‘’ഇതു നിങ്ങളുടെ രാജ്യമല്ല, നിങ്ങൾ എന്‍റെ രാജാവല്ല. നിങ്ങൾ ഞങ്ങളുടെ ആളുകളെ കൊന്നു തള്ളി. ഞങ്ങളുടെ ഭൂമി നശിപ്പിച്ചു. മോഷ്ടിച്ചു കൊണ്ടുപോയതെല്ലാം തിരികെ തരണം…’’ ഇങ്ങനെ ഓരോന്നും എണ്ണിപ്പറഞ്ഞ് മുന്നേറുന്നതിനിടെ സുരക്ഷാ ജീവനക്കാർ ലിഡിയയെ ബലമായി പിടിച്ച് മാറ്റി.
തോർപിന്‍റെ പൊട്ടിത്തെറിയെക്കുറിച്ചും രാജാവിനും രാജ്ഞിക്കുമെതിരേയുണ്ടായ അധിക്ഷേപത്തെക്കുറിച്ചും ബക്കിങ്ങാം കൊട്ടാരം ഇനിയും പ്രതികരിച്ചിട്ടില്ല. പകരം ഓസ്ട്രേലിയയിൽ ലഭിച്ച ഹൃദ്യമായ സ്വീകരണത്തിന് നന്ദിപറയുക മാത്രമാണ് ചെയ്തിട്ടുള്ളത്.
ഓസ്ട്രേലിയയിൽ ഇപ്പോഴും തുടരുന്ന ബ്രിട്ടിഷ് രാജവാഴ്ചയ്ക്കെതിരേ മുൻപും രൂക്ഷമായ വിമർശനം ഉന്നയിച്ചിട്ടുള്ള നേതാവാണ് ലിഡിയ. 2022ൽ എംപിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ബ്രിട്ടിഷ് രാജ്ഞിയെ സേവിക്കുമെന്ന് ഏറ്റുപറയാൻ വിസമ്മതിച്ചിരുന്നു. സത്യപ്രതിജ്ഞാ വാചകത്തിൽ രാജ്ഞിയെ വിശേഷിപ്പിക്കുന്ന ഭാഗത്ത് ‘’കോളനൈസിങ് ഹെർ മജെസ്റ്റി’’ എന്ന് ലിഡിയ കൂട്ടിച്ചേർത്ത് വായിച്ചത് ചേംബർ പ്രസിഡന്‍റിന് തിരുത്തി വായിക്കാൻ നിർദേശിക്കേണ്ടി വന്നു.
ഇത്തരത്തിൽ എക്കാലവും രാജകുടുംബത്തിന്‍റെ രൂക്ഷ വിമാർശകയായ ലിഡിയ ഇന്നലത്തെ സംഭവത്തിനുശേഷം വാർത്താ മാധ്യമങ്ങൾക്കു മുന്നിലും രാജാവിനും രാജ്ഞിക്കുമെതിരായ നിലപാടുകൾ ആവർത്തിച്ചു. 1901ൽ സ്വാതന്ത്ര്യം പ്രാപിച്ച് ഇത്രകാലമായിട്ടും ഇപ്പോളും ഓസ്ട്രേലിയയിൽ ബ്രിട്ടിഷ് രാജകുടുംബം നടത്തുന്ന രാജവാഴ്ചയെക്കെതിരേ ലോകത്തോടു പ്രതികരിക്കാണ് താൻ ഇങ്ങനെ ചെയ്തതെന്ന് ലിഡിയ വ്യക്തമാക്കി.
ഇവിടെ ജനങ്ങളാണ് പരമാധികാരികൾ. അല്ലാതെ ബ്രിട്ടനിലെ രാജാവല്ല ഓസ്ട്രേലിയയുടെ പരമാധികാരിയെന്നും അവർ ആവർത്തിച്ചു.