ADVERTISEMENT

ദുബായ്∙ ഭീമാ ജ്വല്ലറിയുടെ ലോഗോയിൽ ഇടംപിടിച്ച കുസൃതിക്കുടുക്കയായ നിക്കറിട്ട പയ്യന് പിന്നിലെ കഥ പറഞ്ഞ് ഉടമകൾ. മാതാപിതാക്കൾക്ക് ആദ്യം പിറന്ന നാല് മക്കളും പെൺകുട്ടികൾ. ഒരു ആൺകുട്ടിക്ക് വേണ്ടി മാതാപിതാക്കൾ ഏറെ ആഗ്രഹിച്ചു, പ്രാർഥിച്ചു. അങ്ങനെ അഞ്ചാമത് ആൺകുട്ടി പിറന്നു. ആ കുസൃതിക്കുടുക്കയെ മാതൃകയാക്കിയാണ് ഭീമാ ജ്വല്ലറി പരസ്യത്തിൽ നിക്കറിട്ട പയ്യനെ അവതരിപ്പിച്ചതെന്ന് ചെയര്‍മാന്‍  ബി ഗോവിന്ദന്‍ പറഞ്ഞു. 

കോട്ടയത്തെ ഒരു ചിത്രകാരനാണ് പയ്യനെ വരച്ചത്. അച്ഛൻ ഭീമാ ഭട്ടർ ചിത്രം കണ്ട് ഓക്കെ പറഞ്ഞു. പിന്നീട് പയ്യന്‍റെ രണ്ടു കാലും ഒന്നിച്ച് വരച്ചതിനെ പലരും വിമർശിക്കുകയും തമാശയോടെ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ അച്ഛൻ അംഗീകരിച്ച രൂപത്തിൽ മാറ്റം വരുത്തേണ്ടെന്നായിരുന്നു ഞങ്ങളുടെ തീരുമാനമെന്ന് മാനേജിങ് ഡയറക്ടർ ബി.ബിന്ദു മാധവ് പറഞ്ഞു. കർണാടകയിലെ ഉഡുപ്പി സ്വദേശിയായ ഭീമാ ഭട്ടർ 1925ലാണ് ഭീമാ ജ്വല്ലേഴ്സ് സ്ഥാപിച്ചത്. ദുബായിൽ 10 വർഷം പൂർത്തിയാക്കുന്ന ഭീമ ജ്വല്ലേഴ്സ് പുതിയ ഹെഡ് ഓഫിസ് ഉദ്ഘാടനം ചെയ്യുന്നതിനോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇരുവരും മനസ്സ് തുറന്നത്. 

ചെയര്‍മാന്‍ ഡോ.ബി ഗോവിന്ദന്‍,  മാനേജിങ് ഡയറക്ടർ ബി.ബിന്ദു മാധവ് എന്നിവർ ദുബായിൽ വാർത്താ സമ്മേളനത്തിൽ. ചിത്രം:മനോരമ
ചെയര്‍മാന്‍ ഡോ.ബി ഗോവിന്ദന്‍, മാനേജിങ് ഡയറക്ടർ ബി.ബിന്ദു മാധവ് എന്നിവർ ദുബായിൽ വാർത്താ സമ്മേളനത്തിൽ. ചിത്രം:മനോരമ

യുവാവായ ഭീമ ഭട്ടർ തന്‍റെ ഭാര്യാ സഹോദരനോടൊപ്പം താമസിക്കാൻ ആലപ്പുഴയിലേയ്ക്ക് താമസം മാറ്റുകയായിരുന്നു. സ്കൂൾ സമയം കഴിഞ്ഞ് ഗിരിജ നിവാസിലെ കുടുംബത്തിന്‍റെ റസ്റ്ററന്‍റിൽ സഹായിക്കുമായിരുന്നു. സാമ്പത്തിക പരാധീനതകൾ കാരണം കോളജിലെ തുടർപഠനം നിർത്തേണ്ടി വന്നതിൽ വിഷമിച്ച അദ്ദേഹം സാമ്പത്തികമായി സ്വതന്ത്രനായിരിക്കുമെന്ന് തീരുമാനിച്ചു. ഗിരിജാ നിവാസിൽ ജോലി ചെയ്യുന്നതിനിടയിൽ പെർഫ്യൂമുകളും സൗന്ദര്യവർധക വസ്തുക്കളും വിൽക്കുന്ന ഒരു ചെറിയ ബിസിനസ് തുടങ്ങി. 

വനജയുമായുള്ള വിവാഹശേഷം യുവദമ്പതികൾ ആലപ്പുഴയിൽ സ്ഥിരതാമസമാക്കി. തന്‍റെ പുതിയ ബിസിനസിൽ നിന്നുള്ള ലാഭം സുഖപ്രദമായ ജീവിതത്തിന് പര്യാപ്തമല്ലെന്ന് ഭീമ മനസ്സിലാക്കി. വെള്ളി ആഭരണങ്ങൾ, കട്ട്ലറികൾ, പൂജാ സാധനങ്ങൾ എന്നിവയുടെ ബിസിനസിന് ആലപ്പുഴയിലെ ജനസംഖ്യാപരമായ സാഹചര്യം അനുകൂലമാണെന്ന് അദ്ദേഹത്തിന്‍റെ പരിചയക്കാരിൽ ഒരാൾ ഉപദേശിച്ചതിനുസരിച്ച് ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നപ്പോഴാണ് റസ്റ്ററന്‍റിലെ ഒരു ഉപഭോക്താവ് ഭീമയോട് രണ്ട് വെള്ളി ടംബ്ലറുകൾ നൽകാമോ എന്ന് ചോദിച്ചത്. 

ഇപ്പോൾ വെള്ളി എങ്ങനെ സംഭരിക്കും എന്നതായിരുന്നു ഏക ആശങ്ക. തുടർന്ന് വനജയുടെ കൈവശമുണ്ടായിരുന്ന ഒരു ജോടി ഭാരമേറിയ വെള്ളി പാദസരം  ഭർത്താവിന്‍റെ വിഷമം മനസിലാക്കി അവർ സന്തോഷത്തോടെ കൊടുക്കുകയായിരുന്നു. ഇവ ഉപയോഗിച്ച് ഭീമൻ ടംബ്ലറുകൾ ഉണ്ടാക്കി റസ്റ്ററന്‍റിൽ പ്രദർശിപ്പിച്ചു. താമസിയാതെ ഭീമയുടെ വെള്ളി സാധനങ്ങളുടെ ആവശ്യം കുതിച്ചുയർന്നു. ഈ ഘട്ടത്തിലാണ് ഭീമ ഭട്ടർ മാധവൻ പിള്ളയെന്നയാളെ പരിചയപ്പെടുകയും ഇരുവരും ചേർന്ന് ആലപ്പുഴ എംപോറിയം എന്ന പേരിൽ സ്വർണാഭരണ വ്യാപാരം ആരംഭിക്കുകയും ചെയ്തത്. 

ഒരു വർഷത്തിനുശേഷം അവർ വേർപിരിഞ്ഞു, ഭീമ സ്വന്തമായി സ്വർണം, വെള്ളി ആഭരണങ്ങൾ വിൽക്കാൻ തുടങ്ങി. അങ്ങനെ ഭീമന്‍റെ സുവർണ സാമ്രാജ്യത്തിന്‍റെ അടിത്തറ പാകപ്പെട്ടു. ഭീമാ ജ്വല്ലറി വിജയകരമായ നൂറാം വർഷം പിന്നിടുന്ന വേള കൂടിയാണിത്. യുഎഇയിലടക്കം 116 കേന്ദ്രങ്ങളിൽ ഭീമാ ജ്വല്ലേഴ്സ് പ്രവർത്തിക്കുന്നു.

English Summary:

The owners with the story behind the birth of Bhima's "poster boy"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com