ADVERTISEMENT

ലണ്ടൻ∙ അബിഗയിൽ മെനോറെറ്റിയുടെ വിയോഗത്തിൽ പ്രതികൂട്ടിൽ നിൽക്കുകയാണ്  ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്). രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ ശേഷം  അബിഗയിൽ പ്രസവാനന്തര വിഷാദം അനുഭവിച്ചിരുന്നു. രോഗം പിടിമുറക്കിയതോടെ അബിഗയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ എൻഎച്ച്എസിന് വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. 

അബിഗയിൽ വിഷാദ രോഗവുമായി പോരാടിയിരുന്ന കാലത്ത് എൻഎച്ച്എസിൽ ചികിത്സ തേടിയിരുന്നു. മരണ ശേഷം നടന്ന അന്വേഷണത്തിൽ, അബിഗയിലിന്‍റെ ചികിത്സയിൽ നിരവധി പിഴവുകൾ സംഭവിച്ചതായി കണ്ടെത്തി. എൻഎച്ച്എസ് അബിഗയിലിന്‍റെ അവസ്ഥയുടെ ഗൗരവം തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു, അതിന്‍റെ ഫലമായി ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

‘‘ഞാൻ ആത്മഹത്യ ചെയ്യുന്നത് നിങ്ങൾക്ക് ഒരിക്കലും തടയാൻ കഴിയില്ലെന്ന്’’ ചികിത്സയുടെ തുടക്കത്തിൽ തന്നെ അബിഗയിൽ  പറഞ്ഞിരുന്നതായി ഭർത്താവ് ഫ്രാങ്കോയിസ്-മാരി വെളിപ്പെടുത്തി. എന്നാൽ എൻഎച്ച്എസ് ഈ വാക്കുകൾ ഗൗരവമായി എടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

∙ എന്താണ് അബിഗയിലിന് സംഭവിച്ചത്? 
34 വയസ്സുകാരിയായ അബിഗയിലിനെ മാനസികാരോഗ്യ നിയമപ്രകാരമാണ് ബെർക്ക്‌ഷെയറിലെ റീഡിങ്ങിലെ പ്രോസ്‌പെക്റ്റ് പാർക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നത്. 2023 സെപ്റ്റംബറിൽ ആശുപത്രി അധികൃതർ അബിഗയിലിന്  തനിച്ച് ചെലവഴിക്കാൻ സമയം അനുവദിച്ചു.  ഈ അവസരം പ്രയോജനപ്പെടുത്തി ഭർത്താവും മക്കളും ഫ്രാൻസിൽ അവധിക്ക് പോയ ദിവസം വീട്ടിലേക്ക് പോകാൻ അബിഗയിൽ ടാക്സി ബുക്ക് ചെയ്തു. ആശുപത്രി അധികൃതർ ഇതിന് അനുവാദം നൽകി. വീട്ടിലെത്തിയ അബിഗയിൽ ജീവനൊടുക്കി.

മുൻപ് പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്ന അബിഗയിലിനെ തനിച്ച് വീട്ടിലേക്ക് പോകാൻ അനുവദിച്ചതിനെ ഭർത്താവ് കോടതിയിൽ ചോദ്യം ചെയ്തു. നിലവിൽ പുറത്തു വരുന്ന അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയുള്ളതായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary:

We trusted the NHS to care for my wife... they failed us: Grieving husband of mother-of-two who took her own life reveals blunders that led to tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com