ജര്‍മനിയിൽ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം, ജോലിക്കും അവസരം; ഇപ്പോൾ അപേക്ഷിക്കാം
Mail This Article
ബർലിൻ ∙ പ്ലസ്ടുവിനുശേഷം ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ രണ്ടാംബാച്ചിലേയ്ക്ക് അപേക്ഷ നല്‍കുന്നതിനുളള അവസാന തീയതി നവംബര്‍ 6 വരെ നീട്ടി. നേരത്തെ ഒക്ടോബര്‍ 31 വരെയായിരുന്നു അപേക്ഷ നല്‍കുന്നതിന് അവസരം. ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം. ഇതോടൊപ്പം ജര്‍മന്‍ ഭാഷയില്‍ ബി1 അല്ലെങ്കില്‍ ബി2 ലെവല്‍ പാസായവരുമാകണം. ഇതിനായുളള അഭിമുഖം 2025 മാര്‍ച്ചില്‍ നടക്കും.
ആരോഗ്യ മേഖലയിലെ മുന്‍പരിചയം (ഉദാ. ജൂനിയർ റെഡ്ക്രോസ് അംഗത്വം) അധികയോഗ്യതയായി പരിഗണിക്കും. 18നും 27നും ഇടയില്‍ പ്രായമുളള കേരളീയരായ വിദ്യാര്‍ഥികള്‍ക്കാണ് അവസരം. കഴിഞ്ഞ ആറുമാസമായി ഇന്ത്യയിൽ തുടർച്ചയായി താമസിക്കുന്നവരും, നിര്‍ദേശിക്കുന്ന സ്ഥലത്ത് ഭാഷാപഠനത്തിന് ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാന്‍ സന്നദ്ധതയുളളവരുമാകണം അപേക്ഷകര്‍. ജര്‍മനിയില്‍ റജിസ്ട്രേഡ് നഴ്സായി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷനല്‍ നഴ്സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്. നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷനൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാം. വെബ്സൈറ്റ്: www.norkaroots.org, www.nifl.norkaroots.org