ഫോക്‌സ്‌വാഗന്‍ ജര്‍മനിയിലെ 3 പ്ലാന്റുകൾ അടച്ചു പൂട്ടുന്നു
Mail This Article
ബര്‍ലിന്‍ ∙ കുറഞ്ഞത് മൂന്ന് ജര്‍മന്‍ പ്ലന്റുകളെങ്കിലും പൂട്ടാനും പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കാനും ഫോക്‌സ്‌വാഗന്‍ ഒരുങ്ങി. കാര്‍ കമ്പനി ഭീമനായ ഫോക്‌സ്‌വാഗന്‍ ജര്‍മനിയിലെ കുറഞ്ഞത് മൂന്ന് ഫാക്ടറികള്‍ അടച്ചുപൂട്ടാനും പതിനായിരക്കണക്കിന് ജോലികള്‍ വെട്ടിക്കുറയ്ക്കാനും പദ്ധതിയിടുന്നതായി തൊഴിലാളി പ്രതിനിധികള്‍ പറഞ്ഞു.
മാനേജ്മെന്റ് തയാറാക്കിയ പദ്ധതിയില്‍ രാജ്യത്തെ ശേഷിക്കുന്ന പ്ലാന്റുകളുടെ വലുപ്പം കുറയ്ക്കുന്നതും എല്ലാ ജീവനക്കാര്‍ക്കും 10 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കുന്നതും ഉള്‍പ്പെടുന്നു. കമ്പനിയുടെ വര്‍ക്ക് കൗണ്‍സില്‍ ജീവനക്കാര്‍ക്ക് നല്‍കിയ അപ്ഡേറ്റില്‍ ആണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ഫോക്‌സ്‌വാഗന്റെ ജര്‍മനിയിലെ കമ്പനികളിൽ ഏകദേശം 1,20,000 ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ബ്രാന്‍ഡ് ജര്‍മനിയില്‍ മൊത്തം 10 സൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്, അതില്‍ ആറ് ലോവര്‍ സാക്സോണിയിലും മൂന്ന് സാക്സോണിയിലും ഒന്ന് ഹെസ്സിയിലുമാണ്. ഫോക്‌സ്‌വാഗൻ ഏകദേശം 4 ബില്യൻ യൂറോ ലാഭിക്കാന്‍ ശ്രമിക്കുന്നതായി കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് സാമ്പത്തിക റിപ്പോര്‍ട്ട് ഉണ്ട്.