സത്യസന്ധതയ്ക്ക് യുഎഇയുടെ ആദരവ്; ഇന്ത്യക്കാർക്ക് അഭിമാനമാണ് ഈ പ്രവാസി യുവാക്കള്‍
Mail This Article
ദുബായ് ∙ സത്യസന്ധതയുടെ പേരിൽ യുഎഇയിലെ ഇന്ത്യക്കാർക്ക് അഭിമാനമായി രണ്ടു പ്രവാസി യുവാക്കള്‍. കളഞ്ഞുകിട്ടിയ ഒരു ലക്ഷം ദിർഹം (22 ലക്ഷത്തിലേറെ രൂപ) ദുബായ് പൊലീസിനെ ഏൽപ്പിച്ച സ്വദേശ് കുമാര്‍, താനോടിക്കുന്ന ടാക്സിയിൽ യാത്രക്കാരൻ മറന്നുവച്ച വിലപിടിപ്പുള്ള സാധനങ്ങൾ തിരിച്ചേൽപ്പിച്ച ദീപക് കുമാർ സിങ് എന്നിവരാണ് അധികൃതരുടെ ആദരവ് സ്വന്തമാക്കിയത്.
ദുബായിലെ ബർഷ ഏരിയയിൽ നിന്നാണ് സ്വദേശിന് പണം കളഞ്ഞുകിട്ടിയത്. മറ്റൊന്നും ആലോചിക്കാതെ തുകയുമായി നേരെ ബർഷ പൊലീസ് സ്റ്റേഷനിലെത്തി അധികൃതരെ ഏൽപ്പിക്കുകയായിരുന്നു. ഇത്രയും സത്യസന്ധനായ ഒരാളെ വെറും കൈയോടെ മടക്കിയയക്കാൻ പൊലീസ് ഒരുക്കമല്ലായിരുന്നു. ബർഷ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി.മാജിദ് അൽ സുവൈദി, ട്രാഫിക് റജിസ്ട്രേഷൻ വിഭാഗം തലവൻ കേണൽ മുസ്തഫ മുഹമ്മദ് അബ്ദുല്ല, ക്രിമിനൽ റെക്കോർഡ്സ് വിഭാഗം തലവൻ ലഫ്.കേണൽ യാസർ അൽ ഹാഷിമി, മറ്റു ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തില്‍ സ്വദേശിനെ ആദരിച്ചു.
ദുബായ് പൊലീസ് സമൂഹത്തിൽ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്ന ഉത്തരവാദിത്തത്തിന്റേയും നന്മയുടേയും മഹത്തായ മൂല്യങ്ങൾ സ്വദേശ് ഉൾക്കൊണ്ടതായി ബ്രി.മാജിദ് അൽ സുവൈദി പറഞ്ഞു. പൊതുജന സഹകരണം വളർത്തിയെടുക്കുന്നതിലൂടെ ദുബായ് പൊലീസിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇത്തരം സത്യസന്ധമായ പ്രവൃത്തികൾ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷ വർധിപ്പിക്കുന്നതിലും സമൂഹത്തിലുടനീളമുള്ള നല്ല മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും കമ്മ്യൂണിറ്റി സഹകരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. സ്വദേശിന് അദ്ദേഹം അഭിനന്ദന സർട്ടിഫിക്കറ്റ് നൽകി. നിയമപാലകരുടെ ശ്രമങ്ങളെ പിന്തുണച്ച് രാജ്യത്തിന്റെ യശസ്സ് ശക്തിപ്പെടുത്തുന്നതിൽ സ്വദേശിനെപ്പോലുള്ള വ്യക്തികൾ വഹിക്കുന്ന സജീവമായ പങ്കിനെ പ്രശംസിച്ചു. താൻ തന്റെ കടമ ചെയ്തു എന്നാണ് കരുതന്നെന്ന് പറഞ്ഞ സ്വദേശ് ഈ അംഗീകാരത്തിന് നന്ദി അറിയിച്ചു.
അതേസമയം, ടാക്സി ഡ്രൈവറായ ദീപക്കിനെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) ചെയർമാൻ മത്താർ അൽ തായറാണ് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചത്. യാത്രക്കാർക്ക് ടാക്സിയിലുള്ള വിശ്വാസം ഈ നടപടിയിലൂടെ കൂടുതൽ ശക്തിപ്പെട്ടതായി അദ്ദേഹം പറഞ്ഞു.