ഋഷി സുനക്കിന്റെ പിൻഗാമിയെ ഇന്നറിയാം; പിന്തുണയിൽ കെമി മുന്നിലെങ്കിലും പാർട്ടി അംഗങ്ങൾക്ക് ‘പ്രിയങ്കരൻ’ റോബർട്ട്
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിൽ മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ (ടോറി) നേതാവിനെ ഇന്നു രാവിലെ പ്രഖ്യാപിക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള പോസ്റ്റൽ ബാലറ്റ് വോട്ടെടുപ്പ് പൂർത്തിയായത്. മുൻ ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെനറിക്കും മുൻ ബിസിനസ് സെക്രട്ടറി കെമി ബാഡ്നോക്കും തമ്മിലാണ് അവസാന റൗണ്ട് മത്സരം. സ്ഥാനാർഥികളെ തിരഞ്ഞെടുക്കാൻ എംപിമാർക്കിടയിൽ നടന്ന വോട്ടെടുപ്പിന്‍റെ അവസാന റൗണ്ടിൽ ഏറ്റവും മുന്നിൽ നിന്നിരുന്ന ജെയിംസ് ക്ലവേർലി പുറത്തായതോടെയാണ് പാർട്ടി അംഗങ്ങൾക്കു മുന്നിൽ ഇവർ സ്ഥാനാർഥികളായെത്തിയത്.
എംപിമാർക്കിടയിൽ നടന്ന അവസാന വോട്ടെടുപ്പിൽ കെമി ബാഡ്നോക്കിനാണ് ഏറ്റവും അധികം പിന്തുണ ലഭിച്ചത്. 42 എംപിമാർ അവരെ പിന്തുണച്ചു. റോബർട്ട് ജെനറിക്കിന് 41 വോട്ടുകൾ ലഭിച്ചപ്പോൾ ജെയിംസ് ക്ലവേർലിക്ക് ലഭിച്ചത് കേവലം 37 വോട്ടുകൾ മാത്രമാണ്. ഇന്ത്യൻ വംശജയായ പ്രീതി പട്ടേൽ ഉൾപ്പെടെ ആറുപേരാണ് ലീഡർ സ്ഥാനത്തേക്ക് മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് തുടക്കത്തിൽ രംഗത്തെത്തിയത്.
ഇവരിൽനിന്നും അവസാന രണ്ടുപേരെ തിരഞ്ഞെടുക്കാൻ എംപിമാർക്കിടയിൽ പലവട്ടം വോട്ടെടുപ്പ് നടന്നു. ഓരോ റൗണ്ടിലും ഏറ്റവും കുറവ് വോട്ടു ലഭിക്കുന്നവർ പുറത്താകുന്ന തരത്തിലായിരുന്നു വോട്ടെടുപ്പ്. ഇതിനിടെ എത്തിയ പാർട്ടി സമ്മേളനത്തിൽ തങ്ങളുടെ നിലപാട് അറിയിക്കാനും പാർട്ടി അംഗങ്ങളെ അഭിസംബോധന ചെയ്യാനും അവസാന റൗണ്ടിലെത്തിയ നാല് സ്ഥാനാർഥികൾക്ക് അവസരം ലഭിച്ചിരുന്നു.
നാൽപത്തിരണ്ടുകാരനായ റോബർട്ട് ജെനറിക് നാല് പ്രധാനമന്ത്രിമാരോടൊപ്പം മന്ത്രിയായി പ്രവർത്തിച്ചിച്ചുണ്ട്. തെരേസ മേ, ബോറിസ് ജോൺസൺ, ലിസ്സ് ട്രസ്, ഋഷി സുനക് എന്നിവരുടെ മന്ത്രിസഭകളിൽ അംഗമായിരുന്നു ഈ യുവനേതാവ്. 2014 മുതൽ തുടർച്ചയായി പാർലമെന്‍റ് അംഗമാണ്. നൈജീരിയൻ വംശജയായ കെമി ബാഡ്നോക്ക് 2017 മുതൽ ഈസ്റ്റ് സസെക്സിൽ നിന്നുള്ള പാർലമെന്‍റ് അംഗമാണ്. ഋഷി സുനക് മന്ത്രിസഭയിൽ അംഗമായിരുന്നു.
44 വയസുകാരിയായ ഇവർ തിരഞ്ഞെടുക്കപ്പെട്ടാൽ ടോറി പാർട്ടിയുടെ നേതൃത്വത്തിലെത്തുന്ന ആദ്യത്തെ ആഫ്രിക്കൻ വംശജയായ നേതാവും കെമി. ടോറി പാർട്ടിയിൽ ഇതിനു മുൻപ് നടന്ന നേതൃത്വ തിരഞ്ഞെടുപ്പിൽ കൂടുതൽ എംപിമാർ പിന്തുണച്ച സ്ഥാനാർഥിക്ക് പാർട്ടി അംഗങ്ങളുടെ പിന്തുണ ലഭിക്കാതെ പോയ ചരിത്രമാണുള്ളത്. ഇക്കുറിയും ഇതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ബോറിസ് ജോൺസൺ പാർട്ടി നേതൃസ്ഥാനം രാജിവച്ചപ്പോൾ നേതൃസ്ഥാനത്തേക്ക് മൽസരിക്കാനെത്തിയവരിൽനിന്നും അവസാന റൗണ്ടിലെത്തിയത് ഋഷി സുനക്കും ലിസ്സ് ട്രസുമായിരുന്നു. ഇവരിൽതന്നെ കൂടുതൽ എംപിമാരുടെ പിന്തുണ ലഭിച്ചത് ബോറിസ് മന്ത്രിസഭയിൽ ചാൻസിലർ കൂടിയായിരുന്ന ഇന്ത്യൻ വംശജനായ ഋഷി സുനക്കിനാണ്. രാജ്യത്തുടനീളം പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന ക്യാംപെയ്നിലും അവസാന റൗണ്ടിൽ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഓപ്പൺസ്റ്റേജ് ഡിബേറ്റിലും കൂടുതൽ പോയിന്‍റ് നേടി മുന്നിട്ടു നിന്നത് ഋഷി സുനക്കായിരുന്നു.
പക്ഷേ, അംഗങ്ങൾ പോസ്റ്റൽ ബാലറ്റിലൂടെ രഹസ്യമായി വോട്ടുചെയ്തപ്പോൾ ഫലം മറിച്ചായി. ഇന്ത്യൻ വംശജനായ ഋഷിക്കു പകരം നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് ലിസ് ട്രസ്. പ്രധാനമന്ത്രിയായ ലിസ് കേവലം 47 ദിവസംകൊണ്ട് രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി തകിടം മറിച്ചതും തുടർച്ചയായ വിവാദങ്ങളിൽ മൂന്നാഴ്ചയ്ക്കുള്ളിൽ മൂന്നു മന്ത്രിമാർ രാജിവച്ച് ഒഴിഞ്ഞതും ഒടുവിൽ ഏറ്റവും കുറച്ചുകാലം ബ്രിട്ടൻ ഭരിച്ച പ്രധാനമന്ത്രി എന്ന ഖ്യാതിയുമായി അവർ രാജിവച്ചൊഴിഞ്ഞതും ചരിത്രം. പിന്നീട് എംപിമാർ സാമ്പത്തിക വിദഗ്ധനായ ഋഷി സുനക്കിനെതന്നെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കാൻ നിർബന്ധിതരായി.
ഇപ്പോൾ നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ എംപിമാരുടെ പിന്തുല ലഭിച്ചിരിക്കുന്നത് നൈജീരിയൻ വംശജയായ കെമി ബാഡ്നോക്കിനാണ്. കെമിയേക്കൾ ഒരു വോട്ട് കുറവാണ് എതിർ സ്ഥാനാർഥിയായ റോബർട്ട് ജെനറിക്കിന്. എന്നാൽ രഹസ്യബാലറ്റിലെത്തിയപ്പോൾ കെമിയുടെ നേതൃത്വം അംഗീകരിക്കാൻ പാർട്ടി അംഗങ്ങൾ തയാറായോ എന്ന് ഇനി മണിക്കൂറുകൾക്കുള്ളിൽ അറിയാം. പുതിയ നേതാവ് ആരായാലും അടുത്തദിവസം തന്നെ ഋഷിയുടെ പിൻഗാമിയായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കും. ബജറ്റ് പ്രസംഗത്തിന് മറുപടി പറഞ്ഞ് ഋഷി സുനക് പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള തന്‍റെ പാർലമെന്ററി ഉത്തരവാദിത്വം കഴിഞ്ഞദിവസം പൂർത്തിയാക്കിയിരുന്നു.