ആഡംബരജീവിതം നയിക്കാൻ 'സൗഹൃദ വല'; മലയാളികളിൽ നിന്ന് തട്ടിയത് കോടികൾ; പണം കൈക്കലാക്കിയാൽ 'വിദഗ്ധ മുങ്ങൽ'
Mail This Article
മാന്നാർ ∙ യുകെയിൽ ദമ്പതികൾക്കു ജോലി വാഗ്ദാനം ചെയ്തു 2 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ, വിവിധ സ്റ്റേഷനുകളിലായി ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയെന്ന് പൊലീസ്. കടപ്ര കിഴക്കുംഭാഗം കിഴക്കേ തേവർകുഴിയിൽ അജിൻ ജോർജ് (30) ആണു പിടിയിലായത്. മാന്നാർ പൊലീസ് തൃശൂരിലെ ഒല്ലൂരിൽ നിന്നാണു പ്രതിയെ അറസ്റ്റു ചെയ്തത്.
ജോലി വാഗ്ദാനം ചെയ്തു ചെന്നിത്തല കാരാഴ്മ മൂലയിൽ വീട്ടിൽ സാം യോഹന്നാനിൽ നിന്നാണ് രണ്ടുതവണയായി പ്രതി 2 ലക്ഷം രൂപ വാങ്ങിയത്. കഴിഞ്ഞ മാസം 4ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തണമെന്ന് പ്രതി അറിയിച്ചതനുസരിച്ച് സാമും ഭാര്യയും പുറപ്പെട്ടു. പിന്നീട് പ്രതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിയപ്പോൾ വൈദ്യപരിശോധനയുടെ സമയം കഴിഞ്ഞെന്ന് അറിയിച്ചു. തുടർന്നാണു സാം പൊലീസിൽ പരാതി നൽകിയത്.
എളമക്കര സ്റ്റേഷൻ പരിധിയിലുള്ള യുവതിയിൽ നിന്നു 42 ലക്ഷം രൂപ തട്ടിയെടുത്തത് ഉൾപ്പെടെ മലപ്പുറം, പെരിന്തൽമണ്ണ, കോട്ടയം, എറണാകുളം, കൊല്ലം തുടങ്ങിയ ജില്ലകളിലായി പ്രതിയുടെ പേരിൽ സമാനമായ കേസുകളുണ്ടെന്ന് എസ്എച്ച്ഒ എ.അനീഷ് പറഞ്ഞു. ഒന്നരക്കോടി രൂപയുടെ തൊഴിൽ തട്ടിപ്പു നടത്തിയതിന് ഒന്നരവർഷം മുൻപ് നെടുമുടി പൊലീസ് അജിനെ പിടികൂടിയിരുന്നു.
തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബരജീവിതം നയിക്കാനാണു പ്രതി ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങൾ വഴി പരിചയം സ്ഥാപിച്ചാണ് പ്രതി പലരെയും വലയിലാക്കിയത്. ഓൺലൈനായി പണം കൈക്കലായി കഴിഞ്ഞാൽ അതുവരെ ഉപയോഗിച്ച ഫോൺ നമ്പർ ഉപേക്ഷിച്ചു മുങ്ങുന്നതാണു രീതി.