12 വർഷമായി കൊഴുപ്പ് അടിഞ്ഞ് കൂടിയതിന് ചികിത്സ; മുഖവും കൈകളും മെലിഞ്ഞിട്ടും ‘വലുതായി വയർ’ !
Mail This Article
ഒസ്ലോ∙ വയറിൽ കൊഴുപ്പ് അടിഞ്ഞതാണെന്ന് പറഞ്ഞ് ഡോക്ടർമാർ ചികിത്സിച്ച നോർവീജിയൻ പൗരൻ തോമസ് ക്രൗട്ടിന്‍റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 27 കിലോഗ്രാം തൂക്കമുള്ള മുഴ . 12 വർഷമായി താൻ ഈ പ്രശ്‌നവുമായി പല ഡോക്ടർമാരെയും സമീപിച്ചിരുന്നുവെന്നും എന്നാൽ അവർ കൊഴുപ്പ് കുറയ്ക്കാനുള്ള മരുന്നുകൾ മാത്രമാണ് നിർദ്ദേശിച്ചിരുന്നതെന്നും തോമസ് വെളിപ്പെടുത്തി.
2011-ലാണ് തോമസ് ആദ്യമായി ഡോക്ടറെ സമീപിച്ചത്. വിശദമായ പരിശോധനയിൽ ടൈപ്പ് 2 പ്രമേഹം സ്ഥിരീകരിച്ചു. തൊട്ടടുത്ത വർഷം വീണ്ടും ഡോക്ടറെ കണ്ടപ്പോഴും പ്രമേഹം മാത്രമാണ് കണ്ടെത്തിയത്. തന്‍റെ വയറ് അസാധാരണമായി വീർത്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് തോമസ് ഡോക്ടർമാരെ അറിയിച്ചെങ്കിലും അവർക്ക് കാരണം കണ്ടെത്താനായില്ല.
ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ തോമസിനെ നിർദ്ദേശിച്ചു. ശസ്ത്രക്രിയയ്ക്ക് മുമ്പ് പ്രമേഹത്തിനുള്ള മരുന്ന് കഴിച്ചതിനാൽ തോമസിന്‍റെ മുഖവും കൈകളും മെലിഞ്ഞു. എന്നാൽ വയർ മാത്രം വലുതായി തുടർന്നു. ഇതോടെ ഡോക്ടർ പോലും തോമസിന് പോഷകാഹാരക്കുറവുണ്ടെന്ന് സംശയിച്ചു.
ഒടുവിൽ നടത്തിയ സിടി സ്കാനിലാണ് വയറിനുള്ളിൽ ഭീമൻ മുഴയുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ 10 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തത്. പക്ഷേ, കാൻസർ കോശങ്ങൾ ഇതിനകം തോമസിന്‍റെ ശരീരത്തിൽ പടർന്നുപിടിച്ചിരുന്നു. മുഴ കണ്ടെത്താൻ വൈകിയതിനെ തുടർന്ന് തോമസിന് ചെറുകുടലിന്‍റെ പ്രവർത്തനം തകരാറിലായി. വലതു കിഡ്നി നീക്കം ചെയ്യേണ്ടിയും വന്നു.
ഡോക്ടർമാരുടെ അനാസ്ഥയാണ് തോമസിന് കാൻസർ രൂക്ഷമാക്കുന്നതിന് കാരണമെന്ന് പലരും സമൂഹമാധ്യമങ്ങളിൽ കുറിച്ചു.