53 വർഷങ്ങൾക്ക് മുൻപ് ബ്രിട്ടിഷ് വീസയിൽ ‘ട്രൂഷ്യല്‍ സ്റ്റേറ്റിൽ’; സീതയുടെ കയ്യക്ഷരം പതിഞ്ഞ ഇന്ത്യൻ പാസ്പോർട്ടുകൾ, അപൂർവ പ്രവാസ ജീവിതം
Mail This Article
ദുബായ് ∙ അല്‍ ഖുദ്രയിലെ വീട്ടിലിരുന്ന് പഴയ ഓർമകളിലേക്ക് ഒന്നുപോയിവന്നു, സീത. 53 വർഷങ്ങള്‍ക്കു മുന്‍പ് ദുബായ് എന്ന ഈ നഗരത്തിലേക്കെത്തിയ ദിവസം, ഭർത്താവുമൊത്ത്, കുട്ടികളുമൊത്ത് ഇവിടെ ജീവിച്ചതിന്‍റെ നല്ലോർമ്മകള്‍. പാതിവഴിയില്‍ തനിച്ചാക്കി ഭർത്താവ് വിജയന്‍ പോയെങ്കിലും, ആ ഓർമകള്‍ കരുത്താക്കി കുഞ്ഞുങ്ങളുമൊത്ത് ഇവിടെ തുടർന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍, മക്കളും കൊച്ചുമക്കളുമൊത്തുളള ഇന്നത്തെ ജീവിതത്തില്‍ സന്തോഷം മാത്രം.
ഈ നാടിന്‍റെ വളർച്ച കണ്‍മുന്നില്‍ അനുഭവച്ചറിഞ്ഞിട്ടുണ്ട്, ഇനിയൊരു വലിയ ആഗ്രഹമുളളത്, ദുബായ് ഭരണാധികാരിയെ ഒന്ന് കാണണം. അത്രമാത്രം. ഭർത്താവ് വിജയനൊപ്പം തൃശൂർ വലപ്പാട് നിന്ന് ബോംബെയിലേക്കും അവിടെ നിന്ന് ദുബായിലേക്കും ജീവിതം പറിച്ചുനടുമ്പോള്‍ സീതയ്ക്ക് പ്രായം 26. 1971 ജൂണ്‍ 9 ന് പ്രിയതമനുമൊത്ത് ബോംബെയില്‍ നിന്ന് ദുബായിലേക്ക് വിമാനം കയറി. അന്നുമുതല്‍ ഇന്നുവരെ ഈ നാടിനൊപ്പമാണ് സീതയുടെ ജീവിതം.
പിന്നെയും മാസങ്ങള്‍ കഴിഞ്ഞ് 1971 ഡിസംബർ 2 നാണ് യുണൈറ്റഡ് അറബ് എമിറേറ്റെന്ന അറബ് ഐക്യനാട് പിറന്നത്. യുഎഇയുടെ ഓരോ മാറ്റവും ഇവിടെ നിന്ന് അനുഭവച്ചറിഞ്ഞു, ദുബായ് അല്‍ ഖുദ്രയില്‍ മകന്‍ ഇന്ദ്രജിത്തിനും മരുമകള്‍ ഡോ പങ്കജത്തിനുമൊപ്പം വിശ്രമജീവിതത്തിലാണ് സീത വിജയനിപ്പോള്‍.
∙ ബ്രിട്ടിഷ് വീസയിലെത്തിയ കാലം
യുഎഇ രാജ്യമായി മാറുന്നതിന് മുന്‍പ്, ഓരോ എമിറേറ്റും ട്രൂഷ്യല്‍ സ്റ്റേറ്റുകളായിരുന്ന കാലത്താണ്, ഭർത്താവ് വിജയനൊപ്പം ഇവിടെയെത്തിയത്. നാട്ടില്‍ നിന്നാണ് വീസയെടുത്തത്. ഇവിടത്തെ ഭരണാധികാരികളുടെ പേരില്‍ ബ്രിട്ടിഷ് എംബസിയില്‍ നിന്നായിരുന്നു അന്ന് വീസ ഇഷ്യൂ ചെയ്തിരുന്നത്. ഭർത്താവിന്‍റെ സഹോദരനായ വേലായുധനാണ് ഇവിടേക്ക് വരാനുളള വഴിയൊരുക്കിയത്.
ദുബായ് വിമാനത്താവളം ടെർമിനല്‍ ഒന്നില്‍ വന്നിറങ്ങി. അന്ന് നൈഫിലാണ് താമസിച്ചിരുന്നത്. ചുറ്റും മരുഭൂമിയായിരുന്നു. അടുത്ത് ഒരു മൂന്ന് നില കെട്ടിടമുണ്ടായിരുന്നതായി ഓർക്കുന്നു. മദ്രാസ് കഫേയെന്ന ഹോട്ടലിലായിരുന്നു ഭർത്താവ് വിജയന് ജോലി. പിന്നീട് സ്വന്തം ബിസിനസിലേക്ക് കടന്നു. മകന്‍ ഇന്ദ്രജിത്തും ഇളയമകളായ സുമനും ജനിച്ചത് ഇവിടെത്തന്നെയാണ്. മൂത്തമകളായ ഉണ്ണിയാർച്ച ബോംബെയിലാണ് ജനിച്ചത്.
∙ യുഎഇ പിറന്ന വർഷം
ഏഴ് എമിറേറ്റുകള്‍ ചേർന്ന് യുഎഇ എന്നൊരു രാജ്യം പിറവിയെടുത്തത് ഇന്നലയെന്നപോലെ ഓർമയിലുണ്ട്. അന്ന് വലിയ ആഘോഷങ്ങളൊക്കെ നടന്നു. യുണൈറ്റഡ് അറബ് എമിറേറ്റായെങ്കിലും ആദ്യമാദ്യം വലിയ മാറ്റങ്ങള്‍ അനുഭവപ്പെട്ടില്ല. എന്നാല്‍ പിന്നീട് വളരെ പെട്ടെന്നായിരുന്നു രാജ്യത്തിന്‍റെ വളർച്ച.
∙ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ടൈപ്പിസ്റ്റ്
1981 ലാണ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ടൈപ്പിസ്റ്റായി ജോലിക്ക് കയറിയത്. ജോലിയിലൂടെ നിരവധി പേരുമായി കാണാനും പരിചയപ്പെടാനും കഴിഞ്ഞു. അന്ന് പാസ്പോർട്ട് എഴുതുന്നതായിരുന്നു പതിവ്. നിരവധി പേരുടെ പാസ്പോർട്ടില്‍ സീതയുടെ കയ്യക്ഷരം പതിഞ്ഞിട്ടുണ്ട്. ആദ്യ കാലങ്ങളില്‍ ബർദുബായിലുളള കോണ്‍സുലേറ്റിലേക്ക് നൈഫില്‍ നിന്ന് ടാക്സിയില്‍ പോകുമായിരുന്നുവെന്നുളളതും രസകരമായ ഓർമ്മ. 2006 വരെ കോണ്‍സുലേറ്റില്‍ ജോലി ചെയ്തു.
∙ ദുബായ് സിനിമ
നൈഫില്‍ നിന്ന് ബർദുബായ് വരെയായിരുന്നു അന്നൊക്കെ യാത്ര. അതുമല്ലെങ്കില്‍ അബുദാബി-അലൈന്‍ വരെ പോകുമായിരുന്നു. നൈഫ് പൊലീസ് സ്റ്റേഷന്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത് തന്നെ ദുബായ് സിനിമയെന്നുളള പേരില്‍ ഒരു സിനിമാ തിയറ്റർ ഉണ്ടായിരുന്നു. ചെറിയൊരു ഹോട്ടലും. പിന്നെ ഷാർജ വരെ മരുഭൂമിയായിരുന്നു. അടുത്തുതാമസിച്ചവരെല്ലാം ബാച്ചിലേഴ്സായിരുന്നു. എല്ലാവരും തമ്മില്‍ വലിയ അടുപ്പമായിരുന്നു. എന്നാല്‍ ഇന്ന് അടുത്ത് താമസിക്കുന്നവർ ആരാണ് എന്നുളളതുപോലും അറിയില്ല. ഇപ്പോള്‍ കാണുന്നതെല്ലാം മാറ്റങ്ങള്‍ തന്നെയാണ്. ഓരോ ദിവസവും മാറ്റങ്ങള്‍ അനുഭവപ്പെടുന്നു.
∙ ദുബായിക്കാരിയെന്ന കൗതുകം
ഇന്ന് കേരളത്തിന്‍റെ ഒരുഭാഗമാണ് യുഎഇ എന്നുപറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല, അത്രയധികം മലയാളികള്‍ ഇവിടെയുണ്ട്. എന്നാല്‍ 1970-80 കാലഘട്ടങ്ങളില്‍ അങ്ങനെയല്ല. കുടുംബമായി ഇവിടെ താമസിക്കുന്നവർ വളരെ കുറവായിരുന്നു. ഒന്നുരണ്ട് വർഷത്തെ ഇടവേളയിലാണ് നാട്ടിലേക്ക് അവധിയ്ക്കായി പോയിരുന്നത്. അന്നതൊരു ഗമയായിരുന്നു. ദുബായ്ക്കാരിയെ കാണാനും സംസാരിക്കാനുമൊക്കെ ബന്ധുക്കളും അയല്‍ക്കാരുമൊക്കെ എത്തിയകാലം.
നാട്ടിലേക്ക് പോകുമ്പോള്‍ ഒരു കെട്ട് കത്തുകളുണ്ടാകും പെട്ടിയില്‍. പലരും അവരുടെ പ്രിയപ്പെട്ടവർക്കായി സ്നേഹത്തോടെ കുറിച്ച അക്ഷരങ്ങള്‍. അതെല്ലാം കൊടുക്കേണ്ട ചുമതലയുണ്ടാകും നാട്ടിലേക്കെത്തുന്നവർക്ക്. തിരിച്ചും അതുപോലെ തന്നെ കത്തുകളുടെ കെട്ടുകളുമായി മടക്കയാത്ര. പ്രവാസത്തിന്‍റെ ഉള്‍ച്ചൂട് അക്ഷരാർത്ഥത്തില്‍ അതായിരുന്നുവെന്ന് സീത ഓർക്കുന്നു. ദിവസത്തില്‍ പലപ്രാവശ്യം വിളിക്കാന്‍ പറ്റുന്ന, വേണമെന്നുതോന്നുന്ന നിമിഷത്തില്‍ നാട്ടിലേക്ക് പറക്കാന്‍ സൗകര്യമുളള പുതിയ തലമുറയ്ക്ക് ഇതെത്തോളം ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നുളളത് ചോദ്യം.
∙ ഭർത്താവിന്‍റെ വിയോഗം, ഒറ്റയ്ക്ക് ജീവിച്ച കാലം
1991 ലാണ് ഭർത്താവ് വിജയന്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഒരാവശ്യത്തിനായി നാട്ടിലേക്ക് പോയ സമയത്തായിരുന്നു വിയോഗം. അന്ന് സീതയും മക്കളും ദുബായിലാണ്. പിന്നീട് എല്ലാവരും നാട്ടിലേക്ക് പോയി. കോണ്‍സുലേറ്റില്‍ ജോലിയുണ്ടായിരുന്നതിനാല്‍ മക്കളുമായി വീണ്ടും യുഎഇയിലേക്ക് തന്നെ തിരിച്ചുവന്നു. സഹോദരങ്ങളുടെ പിന്തുണയുണ്ടായിരുന്നു. മക്കള്‍ പഠിച്ച് ജോലിയായി, വിവാഹിതരായി, അവരവരുടെ കുടുംബങ്ങളായി സന്തോഷത്തോടെ കഴിയുന്നു, അതുതന്നെയല്ലേ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.
∙ സുരക്ഷിതം, യുഎഇ
നാട്ടിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. യുഎഇ സുരക്ഷിതമായ രാജ്യമാണ്. ഇവിടെതന്നെ തുടരാനാണ് ഇഷ്ടം. സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജിയായിരുന്നു ജസ്റ്റിസ്. എം.ഫാത്തിമ ബീവിയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍സുലേറ്റ് സന്ദർശിച്ച സമയത്ത് കണ്ടിട്ടുണ്ട്. അന്ന് ഇന്നത്തെപ്പോലെ ഫോട്ടോയെടുക്കുന്ന പതിവില്ലാത്തതിനാല്‍ ഫോട്ടോകള്‍ ഇല്ല. ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ കാണണമെന്നുളളത് വലിയ ആഗ്രഹമാണ്. 2024 ഡിസംബർ 2 ന് യുഎഇ 53 മത് ദേശീയ ദിനം ആഘോഷിക്കാനുളള ഒരുക്കത്തിലാണ്, യുഎഇയിലെത്തിയിട്ട് 53 വർഷങ്ങള്‍ പൂർത്തിയായതിന്‍റെ സന്തോഷത്തിലാണ് ഈ അമ്മയും.