ADVERTISEMENT

ബര്‍ലിന്‍ ∙ ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി ജര്‍മന്‍ സര്‍ക്കാരില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിച്ചു. ഇതോടെ ഭരണ മുന്നണി തകര്‍ന്നു. ട്രാഫിക് ലൈറ്റ് സഖ്യം ഇല്ലാതായതോടെ ജനുവരിയില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ സര്‍ക്കാര്‍ ജനുവരിയില്‍ വിശ്വാസ പ്രമേയം നേരിടും.

ഇതില്‍ ഏറെക്കുറെ പരാജയം ഉറപ്പായ സാഹചര്യത്തില്‍ രാജ്യം ഇടക്കാല തിരഞ്ഞെടുപ്പിലേക്കാണ് നീങ്ങാനാണ് സാധ്യത. ജനുവരി മധ്യത്തില്‍ പാര്‍ലമെന്റില്‍ വിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്നാണ് ഷോള്‍സിന്റെ പ്രഖ്യാപനം. മാര്‍ച്ചില്‍ തന്നെ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയാണ് ഇതോടെ തെളിഞ്ഞിരിക്കുന്നത്.

നിയ ലിബറല്‍ പാര്‍ട്ടിയായ എഫ്ഡിപിയുടെ പ്രതിനിധിയും ധനമന്ത്രിയുമായ ക്രിസ്ററ്യന്‍ ലിന്‍ഡ്നറെ തല്‍സ്ഥാനത്തുനിന്ന് ഷോള്‍സ് പുറത്താക്കിയതോടെയാണ് മുന്നണിയിലെ തര്‍ക്കം വഷളായത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയാണ് ഷോള്‍സ്. ഇവ രണ്ടും കൂടാതെ ഗ്രീന്‍ പാര്‍ട്ടി കൂടി ഉള്‍പ്പെടുന്നതായിരുന്നു ജര്‍മനിയിലെ ട്രാഫിക് ലൈറ്റ് സഖ്യം. ഇതില്‍ എസ്പിഡിയും ഗ്രീനും ഇടതുപക്ഷ ചായ്‌വുള്ള പാര്‍ട്ടികളാണ്. ഇവര്‍ ആശയപരമായി സാമൂഹിക ക്ഷേമത്തിലും പരിസ്ഥിതി സംരക്ഷണത്തിലും വിശ്വസിക്കുമ്പോള്‍, വ്യാവസായിക ലോകത്തിന് അനുകൂലമാണ് എഫ്ഡിപിയുടെ പ്രഖ്യാപിത നയം.

സര്‍ക്കാരിന്റെ തുടക്കം മുതല്‍ തന്നെ മുന്നണിയില്‍ ആശയപരമായ സംഘര്‍ഷങ്ങള്‍ പ്രകടമായിരുന്നു. ബജറ്റ് അടക്കമുള്ള സുപ്രധാന നയ സമീപനങ്ങളില്‍ ഇതു വലിയ തര്‍ക്കങ്ങള്‍ക്കും കാരണമായിരുന്നു. കോവിഡ് മഹാമാരിയും റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശവും തുടര്‍ന്നുണ്ടായ ഇന്ധന പ്രതിസന്ധിയും അടക്കം ജര്‍മനിയെ നേരിട്ടു ബാധിച്ച സുപ്രധാന വിഷയങ്ങളെ ഇതുവരെ ഒറ്റക്കെട്ടായി അഭിമുഖീകരിക്കാനും മുന്നണിക്കു സാധിച്ചിരുന്നു.

അതുകൊണ്ടു തന്നെയാണ്, ലിന്‍ഡ്നറെ പുറത്താക്കാനുള്ള തീരുമാനം ഷോള്‍സ് പ്രഖ്യാപിച്ചത് ജര്‍മനിക്കും യൂറോപ്പിനാകെയും ഞെട്ടലുണ്ടാക്കിയത്. വില കുറഞ്ഞ രാഷ്ട്രീയവും ‘ഈഗോയിസ്റ്റിക്’ സമീപനവുമാണ് പുറത്താക്കലിനു കാരണമായി ഷോള്‍സ് ചൂണ്ടിക്കാണിച്ചത്. ഇടക്കാല തിരഞ്ഞെടുപ്പിനെ എസ്പിഡി അടക്കം ഇടതു ചായ്‌വുള്ള പാര്‍ട്ടികള്‍ സ്വാഗതം ചെയ്തു. എന്നാല്‍, ജര്‍മനിയുടെ വിമോചനമാണ് മുന്നണി സര്‍ക്കാരിന്റെ തകര്‍ച്ചയിലൂടെ സാധ്യമായിരിക്കുന്നത് എന്നാണ് തീവ്ര വലതുപക്ഷ പ്രസ്ഥാനമായ എഎഫ്ഡി പ്രതികരിച്ചത്.

സര്‍ക്കാര്‍ ന്യൂനപക്ഷമായ പശ്ചാത്തലത്തില്‍, ബജറ്റ് പാസാക്കാന്‍ കണ്‍സര്‍വേറ്റീവ് നേതാവ് ഫ്രെഡറിക് മെര്‍സിന്റെ പിന്തുണ അഭ്യര്‍ഥിച്ചിരിക്കുകയാണ് ഷോള്‍സ്. 2025 തിരഞ്ഞെടുപ്പ് വര്‍ഷം തന്നെയായതിനാല്‍, ഏതാനും മാസങ്ങള്‍ക്കു വേണ്ടി പുതിയ മുന്നണി പരീക്ഷണങ്ങള്‍ക്ക് മുഖ്യധാരാ പാര്‍ട്ടികളൊന്നും ശ്രമിക്കാന്‍ സാധ്യതയില്ല.

English Summary:

Germany Heads for Early Elections as Chancellor Scholz’s Coalition Collapses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com