അനധികൃത കുടിയേറ്റത്തിനും നികുതിയിളവുകൾക്കും എതിരെ പോരാടുക; ട്രംപിന് ആശംസകളറിയിച്ച് ഇറ്റാലിയൻ നേതാക്കൾ
Mail This Article
റോം ∙ അമേരിക്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിന് ഇറ്റലിയുടെ അഭിനന്ദനം. ട്രംപിന്റെ വിജയം സ്ഥിരീകരിച്ചതോടെ ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. തനിക്കും ഇറ്റാലിയൻ സർക്കാരിനും വേണ്ടി ഡോണൾഡ് ട്രംപിന് ഏറ്റവും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ജോർജിയ മെലോണി സമൂഹ മാധ്യമത്തിൽ കുറിച്ചു.
ഇറ്റലിക്കും അമേരിക്കയ്ക്കും ഇതൊരു തന്ത്രപരമായ ബന്ധമാണ്. അത് ഞങ്ങൾ ഇനി കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഉറപ്പുണ്ടെന്നും മെലോണി എഴുതി. ഇറ്റലിയുടെ ഡപ്യൂട്ടി പ്രധാനമന്ത്രി മത്തെയോ സൽവിനിയും ട്രംപിനെ അഭിനന്ദിച്ചു.
അനധികൃത കുടിയേറ്റത്തിനും നികുതിയിളവുകൾക്കും എതിരേ പോരാടുക, സമാധാനത്തിലേക്ക് മടങ്ങുക, ചിന്താ സ്വാതന്ത്ര്യം, രാഷ്ട്രീയ പരീക്ഷണങ്ങൾ എന്നിവ വിജയിക്കട്ടെ എന്നിങ്ങനെയായിരുന്നു സൽവിനി ഫേസ്ബുക്കിൽ എഴുതിയത്.
പുതിയ ഭരണകൂടത്തിനൊപ്പം യൂറോപ്പ്, മെഡിറ്ററേനിയൻ, ആഫ്രിക്ക എന്നിവയുടെ നന്മയ്ക്കുവേണ്ടിയും നന്നായി പ്രവർത്തിക്കാൻ ട്രംപിനു കഴിയട്ടെയെന്ന് വിദേശകാര്യ മന്ത്രി അന്തോണിയോ തജാനി ആശംസിച്ചു. ജനാധിപത്യത്തിൻ്റെ ഈ മഹത്തായ പ്രകടനത്തിന് അമേരിക്കൻ ജനതയെയും തജാനി അഭിനന്ദിച്ചു. ഇറ്റാലിയൻ മുൻ പ്രധാനമന്ത്രിയും ഫൈവ് സ്റ്റാർ മൂവ്മെന്റ് നേതാവുമായ ജൂസെപ്പെ കോൺതേ, ജനങ്ങൾ തമ്മിലുള്ള പരമ്പരാഗത സൗഹൃദവും, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉറച്ച സഖ്യവും ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമത്തിലൂടെ ട്രംപിനെ അഭിനന്ദിച്ചത്.
അമേരിക്കയെ കാത്തിരിക്കുന്ന വെല്ലുവിളികൾ പലതും നമ്മളെയെല്ലാം ആശങ്കപ്പെടുത്തുന്നുവെന്നും കോൺതേ എഴുതി. പുരോഗമിച്ചുകൊണ്ടിരിക്കുന്ന യുദ്ധങ്ങൾ നിർത്തുക, രാജ്യാന്തര മാനുഷിക നിയമങ്ങളുടെ ലംഘനങ്ങളെ അത്യധികം ദൃഢതയോടെ എതിർക്കുക എന്നീ ആശയങ്ങളും ജൂസപ്പേ കോൺതേ മുന്നോട്ടുവെച്ചു.
അമേരിക്കൻ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിൽനിന്നുള്ള വ്യക്തമായ പ്രതികരണത്തെക്കുറിച്ച് രാഷ്ട്രീയ ലോകത്തിന് നിരവധി പ്രതിഫലനങ്ങളുണ്ടെന്ന് ഇറ്റലിയുടെ മറ്റൊരു മുൻ പ്രധാനമന്ത്രി മത്തെയോ റെൻസി പറഞ്ഞു. ട്രംപിനെ അഭിനന്ദിക്കുന്നതോടൊപ്പം, പരാജയപ്പെട്ട കമല ഹാരിസിന് ബഹുമാനം നൽകുന്നതായും റെൻസി സമൂഹ മാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി. ഇത് യൂറോപ്പിന് ഉണർവിൻ്റെ നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.