സുരക്ഷിത കുടിയേറ്റം എങ്ങനെ സാധ്യമാക്കാം: പിഎല്‍സി വെബിനാര്‍ നവംബർ 9ന്
Mail This Article
ലണ്ടന്‍ ∙ യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേയ്ക്കുള്ള വീസ തട്ടിപ്പുകള്‍ തുടര്‍കഥകളാകുന്ന സാഹചര്യത്തില്‍ സുരക്ഷിത കുടിയേറ്റം എങ്ങനെ സാധ്യമാക്കാം എന്ന വിഷയത്തെ അടിസ്ഥാനമാക്കി വെബിനാര്‍ സംഘടിപ്പിക്കുന്നു. പ്രവാസി ലീഗല്‍ സെല്ലിന്റെ(പിഎല്‍സി) യുകെ ചാപ്റ്റര്‍ യുകെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന യുകെഎംഎസ്ഡബ്ലിയു ഫോറവുമായി ചേര്‍ന്നാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്.
പ്രവാസ മേഖലയില്‍ വര്‍ധിച്ചു വരുന്ന മാനസിക ആരോഗ്യ പ്രശ്‌നങ്ങളും വെബിനാറില്‍ ചര്‍ച്ച ചെയ്യും. പിഎല്‍സി യുകെ ചാപ്റ്റര്‍ അധ്യക്ഷ സോണിയ സണ്ണി അധ്യക്ഷത വഹിക്കുന്ന പരിപാടി പിഎല്‍സി ഗ്ലോബല്‍ പ്രസിഡന്റ് ജോസ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ന്യൂറോ സൈക്യാട്രിസ്റ്റ് ജോബി സഖറിയ, മാനസിക ആരോഗ്യ വിദഗ്ധന്‍ ബിജു ആന്റണി എന്നിവര്‍ വെബിനാറില്‍ വിവിധ സെഷനുകള്‍ നയിക്കും.
നവംബർ 9ന് യുകെ സമയം ഉച്ചയ്ക്കു രണ്ടുമണിക്കു സൂമിലായിരിക്കും വെബിനാര്‍ നടക്കുക. വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ കേരള സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഏതാനം മാസങ്ങൾക്കു മുൻപ് കേരള ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ഏതാനം ദിവസങ്ങൾക്കുമുൻപ് കേരള സർക്കാർ സ്പെഷൽ ടാസ്‌ക്‌ഫോഴ്‌സ് ഉൾപ്പെടെയുള്ള നടപടികൾ വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ സ്വീകരിച്ചിട്ടുമുണ്ട്.