ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഇടവക പെരുന്നാൾ; തീർഥാടനവും പ്രധാന പെരുന്നാളും നവംബർ 9നും 10നും
Mail This Article
ലണ്ടൻ ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രസനത്തിന്‍റെ മാതൃദേവാലയമായ ലണ്ടൻ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രലിലെ ഇടവക പെരുന്നാൾ ആരംഭിച്ചു. നവംബർ 2 ന് ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മയിൽ ആരംഭിച്ച പെരുന്നാളിന്‍റെ പ്രധാന ശുശ്രൂഷകൾ നവംബർ 9, 10 തീയതികളിൽ നടക്കും.
ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനാധിപൻ അഭി.ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് ഇടവക വികാരി ഫാ. നിതിൻ പ്രസാദ് കോശി അറിയിച്ചു. നവംബർ 9ന് രാവിലെ 8.30 മുതൽ എല്ലാ വർഷവും നടത്തി വരാറുള്ള തീർഥാടന പദയാത്ര നടക്കും.
ലണ്ടനിലെ വിവിധ ഓർത്തഡോക്സ് ഇടവകളിൽ നിന്നും പ്രാർഥന കൂട്ടായ്മകളിൽ നിന്നും തീർഥാടകർ പദയാത്രയായി കത്തീഡ്രലിലേക്ക് എത്തി ചേരും. ഉച്ചയ്ക്ക് 12 മണിക്ക് തീർഥാടകകർക്കുള്ള സ്വീകരണവും ഉച്ച നമസ്കാരവും കഞ്ഞി നേർച്ചയും നടക്കും. വൈകിട്ട് 5.45 ന് സന്ധ്യ നമസ്കാരവും 6.30 ന് പുണ്യസ്മൃതിയും ശ്ലൈഹീക വാഴ്‌വും 7 ന് അഭി.ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ വചന ശുശ്രൂഷയും ഉണ്ടാകും.
പ്രധാന പെരുന്നാൾ ദിവസമായ നവംബർ 10ന് രാവിലെ 8.30 ന് പ്രഭാത നമസ്ക്കാരവും 9.30 ന് വിശുദ്ധ കുർബാനയും നടക്കും. തുടർന്ന് 11 ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നഗരം ചുറ്റിയുള്ള ഭക്തി നിർഭരമായ റാസയും 11.30 ന് ശ്ലൈഹീക വാഴ്‌വും 12 ന് റാഫിൾ ഡ്രോയും 12.15 ന് നേർച്ചവിളമ്പും നടക്കും. 1 മണിക്ക് പെരുന്നാൾ കൊടിയിറക്ക് നടക്കും. പെരുന്നാൾ ക്രമീകരണങ്ങൾക്ക് ഇടവക ട്രസ്റ്റി ജേക്കബ് മാത്യു, സെക്രട്ടറി ജോർജ് ജേക്കബ്, പെരുന്നാൾ കൺവീനർ വർഗീസ് ജോസഫ് (അജോ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.
കത്തീഡ്രലിന്‍റെ വിലാസം:
St Gregorios Indian Orthodox Cathedral, Cranfield Rd, London SE4 1UF