ADVERTISEMENT

റോം ∙ സഭൈക്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി മലങ്കര മാർത്തോമ്മാ സുറിയാനി സഭയും ആഗോള കത്തോലിക്കാ സഭയും തമ്മിലുള്ള സംവാദം പുതിയ തലത്തിലേക്ക്. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്കോപ്പൽ സിനഡ് അംഗങ്ങളെ കാണാൻ ഫ്രാൻസിസ് മാർപാപ്പ ക്ഷണിച്ചതിനെ തുടർന്ന് എട്ട് മെത്രാന്മാർ റോമിൽ എത്തിച്ചേർന്നു.

നവംബർ 11 ന് രാവിലെ 8 മണി മുതൽ ഇവർ മാർപാപ്പയുമായി കൂടികാഴ്ച നടത്തും. മാർത്തോമ്മാ മെത്രാപ്പൊലീത്തായുടെ നിർദേശപ്രകാരം ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപൊലീത്തയാണ് പ്രതിനിധി സംഘത്തെ നയിക്കുന്നത്.

തിരുവനന്തപുരം കൊല്ലം ഭദ്രാസന അധിപൻ ഡോ.ഐസക്ക് മാർ പീലക്സിനോസ്, നോർത്ത് അമേരിക്കൻ ഭദ്രാസന അധിപൻ ഡോ.ഏബ്രഹാം മാർ പൗലോസ്, കുന്നംകുളം മലബാർ ഭദ്രാസന അധിപൻ ഡോ.മാത്യൂസ് മാർ മക്കാറിയോസ്, കൊട്ടാരക്കര പുനലൂർ ഭദ്രാസന അധിപൻ ഡോ.തോമസ് മാർ തീത്തോസ്, ഡൽഹി ഭദ്രാസന അധിപൻ സഖറിയാസ് മാർ അപ്രേം, യുകെ - യൂറോപ്പ് - ആഫ്രിക്ക, മുംബൈ ഭദ്രാസനങ്ങളുടെ അധിപൻ ഡോ.ജോസഫ് മാർ ഇവാനിയോസ്, അടൂർ ഭദ്രാസന അധിപൻ മാത്യൂസ് മാർ സെറാഫിം എന്നിവരാണ് മറ്റ് അംഗങ്ങൾ.

മാർപാപ്പയുമായുള്ള കൂടികാഴ്ചയ്ക്ക് ഒപ്പം പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി, ഡിക്കാസ്റ്ററെ ഫോർ പ്രൊമോട്ടിങ് ക്രിസ്റ്റ്യൻ യൂണിറ്റി എന്നിവടങ്ങളിൽ നടത്തപ്പെടുന്ന പ്രത്യേക യോഗങ്ങളിലും എപ്പിസ്കോപ്പൽ പ്രതിനിധി സംഘം സംബന്ധിക്കുന്നുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിൽ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു അതിനു ശേഷം ആദ്യമായാണ് ഇരു സഭകളും തമ്മിൽ ഔദ്യോഗികമായ കൂടികാഴ്ചകൾക്കും ചർച്ചകൾക്കും വേദി ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. വത്തിക്കാനിലെ ഔദ്യോഗിക അതിഥി മന്ദിരമായ സാന്താ മാർത്തയിൽ ആണ് എപ്പിസ്കോപ്പൽ സംഘം താമസിച്ച് ഒരാഴ്ച നീളുന്ന വ്യത്യസ്ത പരിപാടികളിൽ പങ്കെടുക്കുന്നത്.

English Summary:

Mar Thoma Church Reps to Meet Pope

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com