ADVERTISEMENT

" ഹലോ , എന്താ ഫോൺ എടുത്തിട്ട് ഒന്നും മിണ്ടാത്തത് ?”
" ഭക്ഷണം കഴിക്കുവാ ? പിന്നെ വിളിക്കൂ "
" ഒരു മണിക്കൂർ മുമ്പ് വിളിച്ചപ്പോഴും ഇത് തന്നെയല്ലേ ഇയാൾ പറഞ്ഞത്. ഇപ്പോഴും കഴിക്കുകയാണോ? ഇത് തന്നെയാണോ പണി ?
" അല്ലന്നേ .. തണുപ്പ് തുടങ്ങിയതിൽ പിന്നെ ഭയങ്കര വിശപ്പാ . പിന്നെ ഒന്നും പറയാൻ ഇല്ല . ഭയങ്കര ശോകം ആണ്.. ആകെ കൂടി ഒരു മന്ദത . ജോലിയുടെ ക്ഷീണമാകും. നീ പിന്നെ വിളിക്കൂ."
"ഹലോ , ഹലോ... വെച്ചിട്ടു പോയോ ? എന്ത് പറ്റിയോ എന്തോ ? ദിവസത്തിൽ രണ്ടു നേരം വിളിച്ചു വെറുപ്പിച്ചിരുന്ന ആളാണ് .”

യുകെയിലെ പ്രകൃതി ശരത്കാലത്തിൽ നിന്ന് ശീതകാലത്തിലേക്കുള്ള പ്രയാണത്തിലാണ്. ചില ദിവസങ്ങളിൽ സൂര്യനെ പുറത്തു കാണാനേ കഴിയില്ല. ഉച്ചക്കുശേഷം പെട്ടെന്ന് പരക്കുന്ന ഇരുട്ട് ആകെ ശോകം പരത്തുന്നുണ്ട്. ഇല കൊഴിഞ്ഞ മരങ്ങളും നേരത്തെ കൂടണയുന്ന പക്ഷികളും മഞ്ഞു  മൂടിയ മൂക സന്ധ്യകളും വിഷാദത്തിന് ഉൾപ്രേരകങ്ങളാകുന്നുമുണ്ട്.   നവംബർ പകുതി ആയിട്ടേയുള്ളു. ഇനി ചുരുങ്ങിയത് ഫെബ്രുവരി കഴിയണം പകലുകളിൽ  വെളിച്ചം നിറയാൻ.ആരും തമ്മിൽ തമ്മിൽ പറയുന്നില്ലെന്നേയുള്ളൂ , ആരൊക്കെയോ  പതിയെ ദീർഘമായ മൗനത്തിലേക്കു വഴുതി വീഴുന്നുണ്ട്.  പലപ്പോഴും അവനവൻ സ്വയം അറിയാതെ സംഭവിക്കുന്ന ഈ ഉൾവലിയൽ കാലാവസ്ഥ മാറിയപ്പോൾ ഉണ്ടായതാണോ ?  

സീസണൽ അഫക്റ്റിവ് ഡിസോർഡർ (SAD ) വിഷാദ രോഗത്തിൽ തന്നെ പെടുന്ന മറ്റൊരാവസ്ഥയാണ്. ശൈത്യകാല വിഷാദ രോഗം (വിന്റർ ഡിപ്രെഷൻ ) എന്ന  പേരിലും  അറിയപ്പെടുന്ന ഈ അവസ്ഥയെ നിസാരമാക്കി തള്ളി കളയാൻ കഴിയില്ല.കാരണം ഡിപ്രെഷൻ മൂലം നേരിടുന്ന എല്ലാ വെല്ലുവിളികളിലൂടെയും ഒരു പക്ഷെ അതിലും ഉയർന്ന തോതിൽ ശൈത്യകാലത്തു  SAD ( സീസണൽ അഫക്റ്റീവ് ഡിസോർഡർ ) ബാധിച്ച ഒരാൾ കടന്നു പോകാൻ  സാധ്യതയുണ്ട്. 

സ്ഥിരമായ വിഷാദഭാവം (Low  mood ), സാധാരണ  ദൈന്യം ദിന പ്രവർത്തികളിൽ താല്പര്യം നഷ്ടപ്പെടൽ , കടുത്ത നിരാശ, കുറ്റബോധം , വർധിച്ച അപകർഷതാ ബോധം , മന്ദത, പകലുറക്കം, രാവിലെ എഴുന്നേൽക്കുമ്പോൾ ഉറക്കം മതിയാകാതെ തോന്നുക , അമിതമായ വിശപ്പ്, അല്ലെങ്കിൽ ഭക്ഷണത്തോടുള്ള മൊത്തമായ  വിരക്തി , കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആർത്തി കാരണം വർദ്ധിച്ചു വരുന്ന ശരീര ഭാരം , സെക്സിനോടുള്ള  താല്പര്യക്കുറവ് തുടങ്ങിയവയാണ് എസ്  എ ഡി(SAD ) യുടെ ലക്ഷണങ്ങളായി പറയുന്നത്. ചില ആളുകളിൽ ഇത്തരം ലക്ഷണങ്ങൾ വളരെ പ്രകടവും അത് അവരുടെ നിത്യ ജീവിതത്തെ തന്നെ കാര്യമായി ബാധിക്കാനും കാരണമാകാറുണ്ട്.

∙ഈ ലക്ഷണങ്ങൾ ഒക്കെയുണ്ട്. പക്ഷെ ഡോക്ടറെ കാണേണ്ട കാര്യമുണ്ടോ

തീർച്ചയായും കാണണം. ആദ്യം ഒരു  ജനറൽ പ്രാക്റ്റീഷനറുടെയോ(GP )   പിന്നീട് സൈക്കോളജിസ്റ്റ് /സൈക്കാട്രിസ്റ്റിന്‍റെയോ  സഹായം  തേടുന്നതിൽ ഒട്ടും മടിക്കേണ്ടതില്ല. നമ്മുടെ  മാനസികാവസ്ഥ, ജീവിതശൈലി, ഭക്ഷണ ശീലങ്ങൾ, ഉറങ്ങുന്ന രീതികൾ എന്നിവയെക്കുറിച്ചും  ചിന്തകളിലും പെരുമാറ്റത്തിലുമുള്ള കാലാനുസൃതമായ മാറ്റങ്ങളെക്കുറിച്ചും  ചോദിച്ചറിഞ്ഞു വിദഗ്ദ്ധമായ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ഒട്ടും വൈകാതിരിക്കുക.

മാനസിക ആരോഗ്യം ഈ കാലാവസ്ഥയിൽ വളരെ അധികം ശ്രെദ്ധിക്കേണ്ട ഒന്നാണ്. കാരണം ഈ ഒരാവസ്ഥയിലൂടെ ഒരാൾ കടന്നു പോകുമ്പോൾ അത് അവരെ മാത്രമല്ല ബാധിക്കുന്നത് പതിയെ അവരോടൊപ്പം വീട്ടിലും ജോലി സ്ഥലത്തും മറ്റിടങ്ങളിലും  നിത്യേന ഇടപഴകുന്നവരുടെ മാനസിക ആരോഗ്യത്തെയും  പ്രതികൂലമായി ബാധിച്ചേക്കാം.

∙ എന്താണ് SAD-ന് വരുന്നതിനുള്ള കാരണങ്ങൾ  ?

കൃത്യമായ കാരണം പൂർണ്ണമായി മനസ്സിലായിട്ടില്ലെങ്കിലും  ശരത്കാലത്തും ശൈത്യകാലത്തുമുള്ള  സൂര്യപ്രകാശത്തിന്‍റെ ലഭ്യത കുറവുമായി ഇതിനു ബന്ധമുണ്ട്.മതിയായ സൂര്യപ്രകാശത്തിന്‍റെ അഭാവം മൂലം തലച്ചോറിലെ ഹൈപ്പോതലാമസിന്‍റെ പ്രത്യേക ഭാഗത്തെ പ്രവർത്തനങ്ങളെ തടയുന്നത് മൂലം  ഇത് താഴെ പറയുന്ന പ്രവർത്തനങ്ങളെ ബാധിച്ചേക്കാം.

മെലറ്റോണിന്‍റെ ഉത്പാദനം -  ഉറക്കം  വരാൻ സഹായിക്കുന്ന  ഹോർമോണാണ് മെലാടോണിൻ ; എസ്എഡി ഉള്ളവരിൽ, ശരീരം സാധാരണ നിലയേക്കാൾ ഉയർന്ന അളവിൽ മെലറ്റോണിൻ ഉൽപാദിച്ചേക്കാം. ഇത് അമിതമായ ഉറക്കത്തിലേക്ക് നയിക്കും.

സെറോടോണിന്‍റെ ഉത്പാദനം - നമ്മുടെ  മാനസികാവസ്ഥ, വിശപ്പ്, ഉറക്കം എന്നിവയെ ബാധിക്കുന്ന ഒരു ഹോർമോണാണ് സെറോടോണിൻ; സൂര്യപ്രകാശത്തിന്‍റെ അഭാവം സെറോടോണിന്‍റെ അളവ് കുറയാൻ ഇടയാക്കും, ഇത് ഒരാളിൽ വിഷാദം മൂകത വർധിപ്പിക്കുന്നതിൽ  കാരണമാകുന്നു.

ശരീരത്തിന്‍റെ ആന്തരിക ഘടികാരം (സർക്കാഡിയൻ റിഥം) - രാവിലെ ഉറക്കം ഉണരുന്നത് പോലുള്ള  വിവിധ സുപ്രധാന പ്രവർത്തനങ്ങൾക്കായി നമ്മുടെ  ശരീരം സൂര്യപ്രകാശം ഉപയോഗിക്കുന്നുണ്ട് , അതിനാൽ ശൈത്യകാലത്ത് പ്രകാശത്തിന്‍റെ അളവ് കുറയുന്നത്  ശരീര ഘടികാരത്തെ തടസ്സപ്പെടുത്തുകയും എസ് എ ഡി  യുടെ ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

∙ വെളിച്ചം ദുഃഖമല്ലുണ്ണീ ; വെളിച്ചമില്ലെങ്കിൽ മനുഷ്യന്‍റെ സമനില വരെ തെറ്റും

എന്നിരുന്നാലും ചില ആളുകളിൽ പാരമ്പര്യ ജീനുകളിലൂടെ തന്നെ ഇത് ലഭിക്കാൻ സാധ്യതയുള്ളതിനാൽ കുടുംബത്തിലെ മുൻ തലമുറയിൽ ആർക്കെങ്കിലും ഈ അവസ്ഥ ഉണ്ടായിട്ടുണ്ടെങ്കിൽ അടുത്ത തലമുറയിലും രക്ത ബന്ധത്തിലുള്ള ആളുകളിൽ SAD കാണപ്പെടാൻ സാധ്യതയുണ്ട്.

∙ ഇതിന് ചികിത്സകൾ ഉണ്ടോ ? ചികിത്സിക്കേണ്ടതുണ്ടോ ?

സ്വയം ചികിത്സ അത്ര പ്രയോജനകരമായിരിക്കില്ല. മനസ് എന്നത് വളരെ ദുർബലവും ആർക്കും പിടി കിട്ടാത്ത പ്രതിഭാസവും  ആയതു കൊണ്ട് അധികം റിസ്ക് എടുക്കാതെ പെട്ടെന്ന് തന്നെ മാനസികാരോഗ്യ വിദഗ്ദരുമായി ആലോചിച്ചു  ഫലപ്രദവും കാര്യക്ഷമവുമായ ചികിത്സ  തിരഞ്ഞെടുക്കുന്നത്  നല്ലതായിരിക്കും.

∙ SAD ക്കുള്ള ചികിത്സ രീതികൾ പ്രധാനമായും താഴെ പറയുന്നവയാണ്

ആരോഗ്യപരമായ ജീവിതശൈലി (Life style  measures)  - കഴിയുന്നത്ര പ്രകൃതിദത്തമായ സൂര്യപ്രകാശം ലഭ്യമാക്കുക , പതിവായി വ്യായാമം ചെയ്യുക, മാനസിക  സമ്മർദ്ദം നിയന്ത്രിക്കുക തുടങ്ങിയവ നിത്യ ജീവിതത്തിന്‍റെ ഭാഗമാക്കുക

ലൈറ്റ് തെറാപ്പി(Light Therapy ) -   ലൈറ്റ് ബോക്സ് എന്ന് വിളിക്കുന്ന ഒരു പ്രത്യേക തരം ലൈറ്റ് ഉപയോഗിച്ച്  സൂര്യപ്രകാശത്തിന്‍റെ അഭാവം പരിഹരിക്കുന്നു.

ടോക്കിങ് തെറാപ്പി - സംസാരിക്കുന്ന ചികിത്സകൾ - കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) അല്ലെങ്കിൽ കൗൺസിലിങ്പോലുള്ള ചികിത്സാ രീതികൾ

ആന്‍റി  ഡിപ്രെസൻറ് മെഡിസിൻസ് - സെലക്ടീവ് സെറോടോണിൻ റീഅപ്‌ടേക്ക് ഇൻഹിബിറ്ററുകൾ (എസ്എസ്ആർഐ) പോലുളളവ.

മരുന്ന് അവസാനത്തെ ആയുധമായി കരുത്തണ്ടതില്ല. മാനസികാരോഗ്യ വിദഗ്ദ്ധന്‍റെ നിർദ്ദേശപ്രകാരം കുറച്ചു കാലത്തേക്ക് മെഡിസിൻ കഴിക്കുന്നത് കാര്യങ്ങൾ പഴയ പടിയിലാകാൻ സഹായിക്കും.

ഏറ്റവും അത്യാവശ്യം കൂടെയുള്ളവരുടെ മാനസിക പിന്തുണയും മനസിലാക്കലും ആണ്. ഒരാൾക്ക് ഡിപ്രെഷൻ ഉണ്ടെന്നു ചിലപ്പോൾ അതിലൂടെ കടന്നു പോകുന്നയാളിനേക്കാൾ ഒപ്പമുള്ളവർക്കാണ് പെട്ടെന്ന് മനസിലാക്കാൻ കഴിയുക. ഇത്തരം സന്ദർഭത്തിൽ അയാൾക്ക്‌ വേണ്ട സഹായം കണ്ടെത്താൻ മുൻ കൈ എടുക്കേണ്ടതും ഒപ്പമുള്ളവരാണെന്നു പറയേണ്ടതില്ലല്ലോ.

അത് പോലെ തന്നെ നമുക്കറിയാവുന്നവരിൽ ഒരാൾ ഇത്തരം ലക്ഷണങ്ങളെ കുറിച്ച് പങ്കു വെക്കുമ്പോൾ അതിനെ  വളരെ ഗൗരവത്തോടു കൂടി കാണാനും ശ്രമിക്കേണ്ടതാണ്. പലപ്പോഴും ഡിപ്രെഷൻ എന്ന വാക്ക് തന്നെ വളരെ സാമാന്യ വൽക്കരിച്ചു അതിനെ തള്ളി കളയുന്നതാണ് പൊതുവെ  കണ്ടു വരുന്നത്.

യു കെ പോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറി പാർത്ത  ആളുകൾക്ക് ചുരുങ്ങിയത് ആദ്യത്തെ അഞ്ചു വർഷമെങ്കിലും വ്യത്യസ്തമായ കാലാവസ്ഥ വളരെയധികം മാനസിക വെല്ലുവിളി ഉയർത്തുന്നതാണ്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ അടുപ്പിച്ചു ജോലി എടുക്കുന്ന ആളുകൾക്ക് പകൽ സമയങ്ങളിൽ പോലും സൂര്യ പ്രകാശമേൽക്കാൻ അവസരം ലഭിക്കാതെ വരുന്നുണ്ട്. അത് പോലെ തന്നെ ഒരു വീട്ടിൽ തന്നെ രാത്രിയും പകലും മാറി മാറി ജോലി  ചെയ്യുന്നവർ തമ്മിൽ കൂടി കാഴ്ച്കളും സംസാരങ്ങളും കുറയുമ്പോൾ രണ്ടു പേരും വിഷാദത്തിലേക്കു വഴുതി വീഴുന്നത് അറിയാതെ പോകാനും സാധ്യത  കൂടുതലാണ്. വല്ലപ്പോഴും കിട്ടുന്ന അവധി ദിവസങ്ങളിൽ  വീട്ടിൽ തന്നെ അടച്ചു പൂട്ടി ചടഞ്ഞു കൂടി നേരം കളയാനുള്ള  പ്രവണതയും മാറ്റിയെടുക്കേണ്ടതാണ്. നിർബന്ധിതമായ സോഷ്യലൈസേഷൻ ( സോഷ്യൽ മീഡിയകൽ കൂടാതെ )  ഒരു പരിധി വരെ മാനസിക നില തകരാതെ സംരക്ഷിക്കും.

കൂടെയുള്ളവർ / പതിവായി സംസാരിച്ചു കൊണ്ടിരുന്നവർ വിളിച്ചിരുന്നവർ പെട്ടെന്ന് നിശ്ശബ്ദരാകുമ്പോൾ നമ്മുടെ ഈഗോയെല്ലാം മാറ്റി വെച്ച് അങ്ങോട്ട് വിളിക്കുക. ഒരു പക്ഷെ വിഷാദത്തിന്‍റെ ആഴത്തിലേക്ക് മുങ്ങി പോകുന്നവർക്ക് അതൊരു പിടിവള്ളിയാകും. ചിലപ്പോൾ ഒന്നോ രണ്ടോ തവണ ശ്രമിക്കുമ്പോഴായിരിക്കും ഫോൺ എടുക്കുന്നതും കുറഞ്ഞ വാക്കുകളിൽ സംസാരിക്കുന്നതും. അതൊന്നും സാരമാക്കേണ്ടതില്ല. നമ്മളും എപ്പോഴൊക്കെയോ ഈ അവസ്ഥയിലൂടെ കടന്നു പോയതാണെന്നും ഒഴിഞ്ഞു മാറാതെ നേരിടുക എന്നുള്ളതാണ് പ്രതിവിധിയെന്നും അവരെ പറഞ്ഞു മനസിലാക്കാം.ഈ യാത്രയിൽ അവരോടൊപ്പമുണ്ടെന്ന ഉറപ്പു നൽകാം.   നമ്മുടെ സ്‌നേഹപൂർണമായ  സാമീപ്യങ്ങളും  ചേർത്ത് പിടിക്കലുകളും  ചുറ്റുമുള്ളവരിലേക്കു വെളിച്ചമായി പടരാൻ പ്രാപ്തമാണെന്നിരിക്കെ സീസണൽ അഫക്റ്റീവ് ഡിസോർഡർ  അഥവാ വിന്റർ ഡിപ്രെഷൻ പിടി കൂടാൻ നമ്മുടെ പ്രിയപ്പെട്ടവരെ അനുവദിക്കാതിരിക്കാം.

എങ്കിൽ ആ ആളെ ഒന്ന് കൂടി വിളിച്ചു നോക്കിയാലോ  ?അല്ലെങ്കിൽ ഒന്ന് തിരക്കി പോയാലോ ? കുറച്ചു കാലം മുമ്പ് വരെ നിരന്തരം നമ്മളെ വിളിച്ചിരുന്ന  വിശേഷങ്ങൾ തിരക്കിയിരുന്ന  പിന്നീട് ഈയിടെയായി ഒരുപാടു തവണ   വിളിച്ചിട്ടും ഫോൺ എടുക്കുകയോ  തിരിച്ചു വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യാത്ത  ഫോൺ എടുക്കുമ്പോൾ സംസാരിക്കാൻ ഒന്നുമില്ല എന്ന് പറഞ്ഞൊഴിഞ്ഞുമാറുന്ന  നമ്മുടെ ആ  ബന്ധു /സുഹൃത്തിനെ  ഒന്ന് കൂടി വിളിച്ചു കാര്യം തിരക്കാം . അല്ലെ  ?

English Summary:

Winter has arrived in Europe, and it's important to take care of oneself. Many people experience seasonal affective disorder during this time.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com