ജര്‍മനിയിൽ മഞ്ഞു വീഴ്ച; പല പ്രദേശങ്ങളിലും മഴക്ക് സാധ്യത
Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയിൽ മഞ്ഞു വീഴ്ച. ബുധനാഴ്ച രാത്രിയാണ് മഞ്ഞു വീഴ്ച ആരംഭിച്ചത്. നോര്‍ത്ത് റൈന്‍ വെസ്ററ്ഫാലിയയില്‍ കനത്ത മഞ്ഞുവീഴ്ച കൊളോണ്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഈ ശൈത്യത്തിലെ ആദ്യത്തെ മഞ്ഞ് വീഴ്ചയാണിത്.
മഞ്ഞു വീഴ്ചയെ തുടർന്ന് ബോണ്‍ വിമാനത്താവളത്തിലെ ഫ്ലൈറ്റുകൾ വൈകി. ഹൈവേ എ 1 ല്‍, വൈകിട്ട് വീശിയടിച്ച മഞ്ഞ് വെര്‍മെല്‍സ്കിര്‍ഷന് സമീപം അപകടങ്ങളും ഗതാഗതക്കുരുക്കുമുണ്ടായി.
റൈന്‍ലാന്‍ഡ്- പാലറ്റിനേറ്റില്‍ എ 3 യില്‍ ട്രക്ക് അപകടം ഉണ്ടായി. അപകടത്തെത്തുടര്‍ന്ന് റാന്‍സ്ബാക്ക് - ബൗംബാക്കിനും ഡിയേര്‍ഡോര്‍ഫിനും ഇടയില്‍ കൊളോണിലെ എ 3യിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി. പുലര്‍ച്ചെ 4 മണി വരെയാണ് ഗതാഗത തടസ്സമുണ്ടായത്
ബവേറിയ സംസ്ഥാനം പൂര്‍ണമായും മഞ്ഞിൽ മുങ്ങി. ബയേണിലും കനത്ത മഞ്ഞു വീഴ്ചയാണുണ്ടായത്. താപനില മൈനസിലേയ്ക്ക് താഴുകയാണ്. പല പ്രദേശങ്ങളിലും മഴക്ക് സാധ്യത.
ജര്‍മ്മനിയുടെ മധ്യഭാഗത്തും തെക്ക് ഭാഗത്തും കാറ്റും മലനിരകളില്‍ കൊടുങ്കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. പര്‍വതശിഖരങ്ങളില്‍ മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട തണുത്ത കാറ്റില്‍ ഇടിമിന്നലുണ്ടാകാന്‍ സാധ്യതയുണ്ട്. വ്യാഴാഴ്ച രാത്രിയും മഴ തുടരും. താഴ്ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാവും. ചില സമയങ്ങളില്‍, പ്രത്യേകിച്ച് വടക്ക്, വടക്ക് കിഴക്ക് എന്നിവിടങ്ങളില്‍ മഴ, മഞ്ഞുവീഴ്ച, മഞ്ഞ്, ചാറ്റല്‍ മഴ എന്നിവയ്ക്ക് സാധ്യതയുണ്ട്.