യുകെയിൽ മഞ്ഞു വീഴ്ച തുടരുന്നു, ജാഗ്രതാ നിർദേശം; വെള്ളപ്പൊക്കത്തിനും സാധ്യത
Mail This Article
ലണ്ടൻ ∙ യുകെയിൽ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച തുടരുന്നു. ജീവന് അപായം ഉണ്ടാക്കാവുന്ന സാഹചര്യങ്ങളിലേക്ക് മഞ്ഞുവീഴ്ച തുടരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി. മഞ്ഞുവീഴ്ച വാരാന്ത്യത്തിലും തുടരുമെന്നണ് മെറ്റ് ഓഫിസ് നൽകിയ മുന്നറിയിപ്പുകൾ നൽകുന്ന സൂചന. ചില പ്രദേശങ്ങളിൽ മഞ്ഞിന് ഒപ്പം മഴയും പെയ്യുന്നതിനാൽ വെള്ളപ്പൊക്കത്തിനും സാധ്യത.
വടക്ക്-കിഴക്കൻ ഇംഗ്ലണ്ട്, വടക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, യോർക്ക്ഷയർ, സ്കോട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലാണ് ദ്രുതഗതിയിലുള്ള മഞ്ഞുവീഴ്ചയും മഴയും പ്രതീക്ഷിക്കുന്നത്. വെള്ളപ്പൊക്കം മൂലം ജീവന് അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശനിയാഴ്ച പുലർച്ചെ 4 മുതൽ ഞായറാഴ്ച രാവിലെ 9 വരെ ഇവിടങ്ങളിൽ യെലോ അലർട്ട് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ശരാശരി മൈനസ് 7.5 ലേക്ക് താഴ്ന്നിരുന്നു. സ്കോട്‌ലൻഡിൽ ഇത് മൈനസ് 12 വരെ രേഖപ്പെടുത്തി.
താപനില താഴ്ന്നതിനെ തുടർന്ന് മിക്ക സ്ഥലങ്ങളും മഞ്ഞു കൊണ്ട് മൂടപ്പെട്ട നിലയിൽ തുടരുകയാണ്. ഇംഗ്ലണ്ടിലെ ന്യൂകാസിൽ മുതൽ നോർവിച്ച് വരെ കഴിഞ്ഞ ദിവസം വൈകുന്നേരം 4 മുതൽ ആരംഭിച്ച മഞ്ഞവീഴ്ച ഇന്ന് രാവിലെ 10 വരെ തുടരുമെന്ന് മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി. വടക്കൻ സ്കോട്‌ലൻഡിൽ ഇന്നലെ രാവിലെ 10 മുതൽ ആരംഭിച്ച മഞ്ഞുവീഴ്ച ഇന്ന് ഉച്ചയ്ക്ക് 12 വരെ തുടരും. ഇന്ന് പുലർച്ചെ 5 ന് വെയ്‌മൗത്ത് മുതൽ പ്ലിമത്ത് വരെ നീളുന്ന തെക്കു-പടിഞ്ഞാറൻ ഇംഗ്ലണ്ടിൽ ആരംഭിച്ച മഞ്ഞുവീഴ്ച ഉച്ചയ്ക്ക് 3 വരെ തുടരും.
വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ചില പ്രദേശങ്ങൾ ഒറ്റപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലും വെയിൽസിലും ശനിയാഴ്ച മുതൽ ഞായറാഴ്ച രാവിലെ വരെ മഴയ്ക്കുള്ള യെലോ അലർട്ടുകൾ മെറ്റ് ഓഫിസ് പ്രസിദ്ധീകരിച്ചു. 50 മുതൽ 75 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില സ്ഥലങ്ങളിൽ 100 മുതൽ 125 മില്ലിമീറ്റർ വരെ മഴയുണ്ടാകും. ശക്തമായ തെക്കൻ കാറ്റ് കനത്ത മഴയ്‌ക്കൊപ്പം ഉണ്ടാകുവാനുള്ള സാധ്യത ആഘാതങ്ങൾ വർധിപ്പിക്കും.