പുട്ടിന്‍റെ ‘ഭയങ്കര കാമുകി’: ആരാണ് അലീന കബയേവ? റഷ്യയുടെ അൺഒഫീഷ്യൽ പ്രഥമവനിത
Mail This Article
മോസ്കോ∙ ലോകരാഷ്ട്രീയത്തിന്‍റെ ശ്രദ്ധ വീണ്ടും പുട്ടിനിലേക്ക് എത്തുകയാണ്. യുഎസ് റഷ്യയ്ക്കുള്ളിൽ മിസൈൽ ആക്രമണം നടത്താൻ യുക്രെയ്ന് അനുമതി നൽകിയതും തിരിച്ച് ആണവായുധമില്ലാത്ത രാജ്യങ്ങളിലും ആക്രമണത്തിന് അനുവദിക്കുന്ന ചട്ടപരിഷ്കാരം പുട്ടിൻ ഒപ്പിട്ടതുമൊക്കെ വീണ്ടും ലോകരാഷ്ട്രീയത്തെ കിഴക്കൻ യൂറോപ്പിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇതിനിടെ മറ്റൊരു പേരും ട്വിറ്ററിലും മറ്റും ചർച്ചയാകുന്നുണ്ട്. അലീന കബയേവ. റഷ്യയുടെ അനൗദ്യോഗിക പ്രഥമവനിത.
പുട്ടിന്‍റെ കാമുകിയെന്നും രഹസ്യഭാര്യയെന്നുമറിയപ്പെടുന്ന പഴയകാല ഒളിംപിക്സ് സ്വർണമെഡൽ ജേതാവ് അലീന കബയേവയ്ക്കായി ദേശീയ ജിംനാസ്റ്റിക് ഫെസ്റ്റിവൽ റഷ്യയിൽ നടത്തിയിട്ടുണ്ട്. അലീനയോടുള്ള ബഹുമാനാർഥം അലീന ഫെസ്റ്റിവൽ എന്നാണ് ഇതിനു പേരു നൽകിയത്. മോസ്‌കോയിൽ നടത്തിയ ഈ മേളയിൽ മുഖ്യാതിഥിയായി അലീനയും പങ്കെടുത്തിട്ടുണ്ട്.
റഷ്യ യുക്രെയ്‌നിൽ നടത്തുന്ന യുദ്ധത്തിന്‍റെ ചിഹ്നമായ സെഡ് ചിഹ്നം (റഷ്യൻ വിമാനങ്ങളിലും കവചിത വാഹനങ്ങളിലും ടാങ്കുകളിലുമൊക്കെ ഈ ദുരൂഹചിഹ്നം കണ്ടിരുന്നു) അടയാളപ്പെടുത്തിയ വസ്ത്രങ്ങൾ ധരിച്ചാണ് അന്ന് അലീന ഫെസ്റ്റിവലിനെത്തിയത്. യുക്രെയ്‌നിൽ റഷ്യ തുടങ്ങിയ യുദ്ധത്തിനു ശേഷം സ്വിറ്റ്‌സർലൻഡിൽ അലീന കബയേവ അഭയം തേടിയെന്ന് ഇടയ്ക്ക് റിപ്പോർട്ടുണ്ടായിരുന്നു. യുദ്ധത്തിലുള്ള രോഷം മൂലം അലീനയെ തിരിച്ചയയ്ക്കണമെന്ന് സ്വിസ് പൗരൻമാർ പ്രക്ഷോഭം നടത്തിയതായും വാർത്തകൾ പരന്നു.
വർത്തമാന കാല ഈവാ ബ്രൗണെന്നാണു ഹിറ്റ്‌ലറിന്‍റെ കാമുകിയുമായി താരതമ്യപ്പെടുത്തി പ്രക്ഷോഭകർ അലീനയെ വിശേഷിപ്പിച്ചത്. 40 വയസ്സുകാരിയായ അലീന ഒളിംപിക്‌സിൽ റഷ്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് സ്വർണമെഡൽ വാങ്ങിയ ജിംനാസ്റ്റിക്‌സ് താരമാണ്. 1983 മേയ് 12നു ഉസ്‌ബെക്കിസ്ഥാനിലാണ് ജനിച്ചത്. അക്കാലത്ത് ഉസ്‌ബെക്കിസ്ഥാൻ സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്നു. പ്രഫഷനൽ ഫുട്‌ബോൾ താരമായ മാറാറ്റ് കബയേവിന്‍റെ പുത്രിയായാണ് അലീനയുടെ ജനനം.
മൂന്നു വയസ്സുള്ളപ്പോൾ തന്നെ കായികമേഖലയിൽ അരങ്ങേറിയ അലീന ജിംനാസ്റ്റിക്‌സാണു തിരഞ്ഞെടുത്തത്. കൗമാരപ്രായമായപ്പോഴേക്കും മികച്ചൊരു ജിംനാസ്റ്റിക്‌സ് താരമായി.പിൽക്കാലത്ത് 14 വേൾഡ് ചാംപ്യൻഷിപ് മെഡലുകളും 21 യൂറോപ്യൻ ചാംപ്യൻഷിപ് മെഡലുകളും നേടിയ അലീന രണ്ടായിരാമാണ്ടിലെ സിഡ്‌നി ഒളിംപിക്‌സിൽ സ്വർണവും തൊട്ടടുത്ത വർഷത്തെ ആതൻസ് ഒളിംപിക്‌സിൽ വെങ്കലവും നേടി.
വിജയകരമായ സ്‌പോർട്‌സ് കരിയറിന് ഉടമയായ അലീന, കായിക മേഖലയിൽ നിന്നു വിടവാങ്ങിയ ശേഷം രാഷ്ട്രീയത്തിലിറങ്ങാനാണു ശ്രമിച്ചത്. ആ ശ്രമം വിജയിക്കുകയും 2007 മുതൽ 2014 വരെയുള്ള കാലയളവിൽ പുടിന്‍റെ യുണൈറ്റഡ് റഷ്യ പാർട്ടിയുടെ പ്രതിനിധിയായി പാർലമെന്റിലെത്തുകയും ചെയ്തു. ഇക്കാലയളവിൽ വിവാദം സൃഷ്ടിച്ച കുറേയേറെ ബില്ലുകൾക്ക് അനുകൂലമായി ഇവർ വോട്ടു ചെയ്യുകയും ചെയ്തു. 2014ൽ റഷ്യയിലെ ഏറ്റവും വലിയ മാധ്യമ കോർപറേറ്റ് സ്ഥാപനമായ നാഷനൽ മീഡിയ ഗ്രൂപ്പിന്‍റെ ചെയർപഴ്‌സൻ സ്ഥാനവും ലഭിച്ചു.
അധികം വെട്ടപ്പെടാതെ അണിയറയിൽ നിൽക്കാനായിരുന്നു അലീനയ്ക്ക് താൽപര്യം. പുട്ടിനു വേണ്ടിയുള്ള പ്രചാരണങ്ങളും ഉപജാപങ്ങളും മാധ്യമങ്ങൾ വഴി നിർവഹിക്കുന്ന സംഘത്തിന്‍റെ നായിക എന്നാണ് അന്തരിച്ച റഷ്യൻ പ്രതിപക്ഷ നേതാവായ അലക്‌സി നാവൽനി അവരെ വിശേഷിപ്പിച്ചത്. 2008ലാണ് ഇവർ പുടിനുമായി അടുത്തതെന്ന് കരുതപ്പെടുന്നു. അന്ന് പുടിന് 56 വയസ്സും അലീനയ്ക്ക് ഇരുപത്തിയഞ്ചുമായിരുന്നു. മോസ്‌കോ ആസ്ഥാനമാക്കി ഒരു മുൻ കെജിബി ചാരൻ നടത്തുന്ന പത്രമാണ് ഇവർ തമ്മിലുള്ള ബന്ധം പുറത്തറിയിച്ചത്. അത് റഷ്യയിലെ ഒരു ദേശീയ വിവാദമായി മാറാൻ അധികം സമയം വേണ്ടി വന്നില്ല.
അക്കാലത്ത് പുടിൻ വിവാഹിതനായിരുന്നു. യുവതികളായ പുത്രിമാരുമുണ്ടായിരുന്നു. 5 വർഷങ്ങൾക്കു ശേഷം, തന്‍റെ ഭാര്യ ല്യൂദ്മില്ലയിൽ പുടിൻ വിവാഹ മോചനം നേടി. ഇതോടെ അലീനയുടെ മേൽ റഷ്യക്കാരുടെ ശ്രദ്ധ ശക്തമായി. പുടിൻ ഇവരെ വിവാഹം കഴിക്കുമെന്നായിരുന്നു ഉയർന്ന അഭ്യൂഹങ്ങൾ. വിവാഹം ഇതുവരെ നടന്നിട്ടില്ല. എന്നാൽ രഹസ്യമായി വിവാഹം നടന്നെന്നും അലീനയിൽ പുടിന് 3 കുട്ടികളുണ്ടെന്നും ശക്തമായ അഭ്യൂഹമുണ്ട്.
ഇതിനിടെ റഷ്യ - യുക്രെയ്ൻ യുദ്ധം തുടങ്ങുന്നതിനു മുന്നോടിയായി റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുട്ടിൻ ,അലീനയെയും ആ ബന്ധത്തിൽ പിറന്ന കുട്ടികളെയും സൈബീരിയയിൽ പണിത അതിസുരക്ഷാ, അത്യാധുനിക ബങ്കറിൽ ഒളിപ്പിച്ചെന്ന് റഷ്യൻ പ്രഫസറും രാഷ്ട്രീയ പഠന വിദഗ്ധനുമായ വലേറി സോളോവി പറഞ്ഞിരുന്നു.