ADVERTISEMENT

അബുദാബി ∙ റോഡ് കുറുകെ കടക്കുന്നതിനിടെ വിദ്യാർഥി വാഹനമിടിച്ച് മരിച്ചതിനെ തുടർന്ന് അബുദാബി മോഡൽ പ്രൈവറ്റ് സ്കൂൾ പിക്–അപ് ആൻഡ് ഡ്രോപ് നിയമം കർശനമാക്കി. സ്വകാര്യ വാഹനത്തിലും സൈക്കിളിലും നടന്നും മറ്റുമായി സ്കൂളിലെത്തുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള നിയമങ്ങളാണ് കർശനമാക്കിയത്.

∙അനുമതിപത്രം നൽകണം
കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനും തിരിച്ചുകൊണ്ടുപോകുന്നതിനും ഉത്തരവാദപ്പെട്ടവർ ദിവസവും നേരിട്ട് വരണമെന്നാണ് നിബന്ധന. അതിനായി പ്രത്യേക അനുമതിപത്രം പ്രിൻസിപ്പലിന് എഴുതി ഒപ്പിട്ട് നൽകണമെന്നും സ്കൂൾ അധികൃതർ രക്ഷിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാതാപിതാക്കളുടെയും കുട്ടികളെ സ്കൂളിൽ കൊണ്ടുവിടാനും തിരിച്ചുകൊണ്ടുപോകാനും ചുമതലപ്പെടുത്തുന്ന ആളുടെയും ഫോട്ടോ, എമിറേറ്റ്സ് ഐഡി, ഫോൺ നമ്പറുകൾ എന്നിവ അനുമതിപത്രത്തിൽ ചേർക്കണം. ഉത്തരവാദിത്തപ്പെട്ടവരോടൊപ്പം മാത്രമേ കുട്ടികളെ തിരിച്ചയയ്ക്കൂവെന്നും അധികൃതർ വ്യക്തമാക്കി.

∙ നിബന്ധന 24 മുതൽ പ്രാബല്യത്തിൽ
24 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിബന്ധന പ്രകാരം 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കു മാത്രമേ തനിച്ചു പോകാൻ അനുമതിയുള്ളൂ. അതിനും രക്ഷിതാക്കളുടെ അനുമതിപത്രം നിർബന്ധമാണ്.

15 വയസ്സിനു മുകളിലുള്ള കുട്ടികൾക്കു മാത്രമേ ഇതേ സ്കൂളിലെ സഹോദരങ്ങളെ (1-8 വരെ) കൂട്ടാനാകൂ. 14 വയസ്സുള്ള വിദ്യാർഥിയുടെ സഹോദരനോ സഹോദരിയോ ചെറിയ ക്ലാസിൽ പഠിക്കുന്നുണ്ടെങ്കിലും രക്ഷിതാവോ അവർ ഉത്തരവാദപ്പെടുത്തിയ വ്യക്തിയോ വരണം.

ചെറിയ കുട്ടികളെ സ്വകാര്യ വാഹനത്തിലോ പൊതുഗതാഗത സേവനത്തിലോ അയയ്ക്കില്ലെന്നും അധികൃതർ അറിയിച്ചു. സുരക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി സഹകരിച്ചില്ലെങ്കിൽ പുതിയ അധ്യയനത്തിൽ തുടരാനാവില്ലെന്നും അധികൃതർ അറിയിച്ചു.

∙ കെജി മുതൽ 8 വരെ സൈക്കിൾ പാടില്ല
കെജി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾ സൈക്കിളിൽ സ്കൂളിൽ വരുന്നതു വിലക്കി. അതേസമയം, 9 മുതൽ 12–ാം ക്ലാസ് വരെയുള്ള കുട്ടികൾക്കു സൈക്കിളിൽ വരാൻ അനുമതിയുണ്ട്.

∙ സ്കൂട്ടർ ഓടിക്കാൻ 16 തികയണം
16 വയസ്സോ അതിൽ കൂടുതലോ ഉള്ള വിദ്യാർഥികൾക്കു മാത്രമാണ് സ്കൂട്ടർ, ഇലക്ട്രിക് സ്കൂട്ടർ എന്നിവ ഉപയോഗിച്ച് സ്കൂളിൽ വരാനും പോകാനും അനുമതി.

∙ സ്കൂൾ ബസ് റൂട്ട്
കുട്ടികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് കൂടുതൽ മേഖലകളിലേക്കു സ്കൂൾ ബസ് സേവനം ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ ഐ.ജെ.നസാരി അറിയിച്ചു. എന്നാൽ, ഓരോ മേഖലകളിലേക്കും നിശ്ചിത എണ്ണത്തിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ മാത്രമേ ബസ് സൗകര്യം ഏർപ്പെടുത്തൂ. ഫോൺ: 0501220694.

English Summary:

Following the tragic death of a student who was struck by a vehicle while crossing the road, Abu Dhabi Model Private School has implemented stricter pick-up and drop-off procedures.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com