‘നായയെ പേടിയുള്ള ചാന്‍സലറിനെ കാണാൻ പുട്ടിൻ വന്നത് നായയുമായി’; മെര്‍ക്കലിന്‍റെ ആത്മകഥ വിപണിയിലേക്ക്
Mail This Article
ബര്‍ലിന്‍∙ ജര്‍മനിയുടെ മുന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്‍റെ ആത്മകഥ പൂര്‍ത്തിയായി. ഉടന്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ ബാല്യകാല സ്മരണകള്‍ മുതല്‍, ഡോണള്‍ഡ് ട്രംപും വ്ലാഡിമിർ പുട്ടിനും അടക്കം ലോക നേതാക്കളുമായുള്ള ബന്ധത്തിന്‍റെ വിവരങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.
പശ്ചിമ ജര്‍മനിയില്‍ ജനിച്ച്, പൂര്‍വ ജര്‍മനിയില്‍ വളര്‍ന്ന ഏകീകൃത ജര്‍മനിയുടെ ചാന്‍സലറായി ഏറ്റവുമധികം കാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ് മെര്‍ക്കല്‍. ജര്‍മനിയുടെ ആദ്യ വനിതാ ചാന്‍സലറായി തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചുള്ള വിശദാംശങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
നായകളെ പേടിയുള്ള മെര്‍ക്കലിനെ കാണാന്‍ പുട്ടിന്‍ വലിയൊരു നായയുമായി വന്ന കഥയും വിവരിക്കുന്നു. മെര്‍ക്കലിന് ഹസ്തദാനം നല്‍കാന്‍ ട്രംപ് വിസമ്മതിച്ചതാണ് മറ്റൊരു കഥ.
കൗതുകങ്ങള്‍ക്കപ്പുറം, പൂര്‍വ ജര്‍മന്‍ ഏകാധിപത്യത്തില്‍ വളര്‍ന്ന ബാല്യകൗമാരങ്ങള്‍ ഗൗരവമായാണ് പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്. നാറ്റോ സഖ്യത്തില്‍ ചേരാനുള്ള യുക്രെയ്ന്‍റെ ശ്രമങ്ങളോട് തനിക്കുണ്ടായിരുന്ന എതിര്‍പ്പും അവര്‍ പരസ്യമാക്കുന്നു. റഷ്യ – യുക്രെയ്ന്‍ പ്രശ്നത്തിന് അടിസ്ഥാന കാരണം തന്നെ നാറ്റോയില്‍ ചേരാനുള്ള യുക്രെയ്ന്‍റെ ശ്രമങ്ങളായിരുന്നു.
‘സ്വാതന്ത്ര്യം’ എന്ന തലക്കെട്ടില്‍ ആംഗല മെര്‍ക്കലിന്‍റെ രാഷ്ട്രീയ ഓർമക്കുറിപ്പുകള്‍ നവംബര്‍ 26ന് പ്രസിദ്ധീകരിക്കും.ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓർമക്കുറിപ്പുകള്‍ പ്രസാധകരായ കീപെന്‍ഹ്യൂറും വിറ്റ്ഷും ചേര്‍ന്നാണ് പ്രസിദ്ധീകരിക്കുക. മെമ്മറീസ് 1954 – 202 ലോകമെമ്പാടുമുള്ള 30ലധികം രാജ്യങ്ങളിലാവും ഒരേസമയം പ്രസിദ്ധീകരിക്കുക. 700 പേജുകളുണ്ട്. 42 യൂറോയാണ് വില.