ജർമനിയിൽ മലയാളി കുടുംബത്തിന്‍റെ വീട്ടിൽ കവർച്ച; 23 പവൻ സ്വർണം മോഷണം പോയി
Mail This Article
ബര്‍ലിന്‍ ∙ ജർമനിയിലെ കൊളോണിൽ താമസിക്കുന്ന അഞ്ചംഗ മലയാളി കുടുംബത്തിന്‍റെ വീട്ടിൽ കവർച്ച . വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടും അഞ്ചും മണിയ്ക്കിടയിൽ, ഫ്ളാറ്റിന്‍റെ പിൻഭാഗത്തെ മതിൽ ചാടി കടന്ന് ജനൽ തുറന്നാണ് കള്ളന്മാർ വീടിനുള്ളിൽ കയറിയത്.
വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണം കള്ളന്മാർ കവർന്നു കൊണ്ടുപോയി. ഇപ്പോഴത്തെ വില കണക്കാക്കിയാൽ ഇത് ഏകദേശം 15 ലക്ഷം രൂപയോ 18,000 യൂറോയോ വരും. കുടുംബാംഗങ്ങളുടെ പാസ്‌പോർട്ടുകളും കള്ളന്മാർ എടുത്തെങ്കിലും പിന്നീട് അവിടെ തന്നെ ഉപേക്ഷിച്ചു.
പുറത്തുപോയി വന്ന മലയാളികുടുംബം തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസ്സിലാകുന്നത്. കുടുംബം വിവരം അറിയിച്ചതോടെ ജർമൻ പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിക്കുന്നതിനായി എത്തിയിരുന്നു. സംഘടിതമായി മോഷണം നടത്തുന്ന സംഘങ്ങളെയാണ് പൊലീസ് സംശയിക്കുന്നത്.
ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് സ്വര്‍ണ്ണത്തോടുള്ള കമ്പം ഏറെ പ്രശസ്തമാണ്. എന്നാല്‍ ജര്‍മനിയിലെ വിദേശികള്‍ക്കാണ് ഈ വിവരം കൂടുതല്‍ അറിയാവുന്നത്. അതുകൊണ്ടുതന്നെ മുന്‍കാലങ്ങളിലും മലയാളികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് സ്വര്‍ണ്ണ കവര്‍ച്ച ഉണ്ടായിട്ടുണ്ട്. ഒരു വീട്ടില്‍ തന്നെ മൂന്നു പ്രാവശ്യം സ്വര്‍ണ്ണം കൊള്ളയടിയ്ക്കാന്‍ കയറിയ സംഭവവും ഒരു വീടിന്‍റെ ഗസ്റ്റ് ടോയിലറ്റിന്‍റെ ജനല്‍ അടര്‍ത്തിമാറ്റി വീടിനുള്ളില്‍ക്കയറി സ്വര്‍ണ്ണം മോഷ്ടിച്ച സംഭവവും ജർമനിയിൽ ഉണ്ടായിട്ടുണ്ട്.