ജര്‍മനിയിൽ പിരിച്ചുവിടൽ കാലം; തൈസെന്ക്രുപ്പിൽ 11,000 പേർക്ക് ജോലി നഷ്ടപ്പെടും
Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയിലെ ഉരുക്ക് നിര്‍മാതാക്കളായ തൈസെന്‍ക്രുപ്പ് സ്റ്റീല്‍ ഡിവിഷനില്‍ 11000 പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ട് കമ്പനി സ്റ്റീൽ ഡിവിഷനില്‍, ജോലികളുടെ എണ്ണം നിലവിലെ 27,000 ല്‍ നിന്ന് 16,000 ആയി കുറയ്ക്കാനാണ് പദ്ധതി.
കമ്പനിയുടെ ഡൂയിസ്ബുര്‍ഗ് ശാഖയില്‍ നിന്ന് 2030 അവസാനത്തോടെ 5,000 ജോലികള്‍ വെട്ടിക്കുറയ്ക്കാനാണ് പദ്ധതി. മൊത്തം 11,000 തൊഴിലളികളെയാണ് ഇത് ബാധിക്കുക.
ലോകമെമ്പാടും സ്റ്റീലിന് ഡിമാന്‍ഡ് കുറയുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ തീരുമാനം. ഭാവിയില്‍ 11.5 ദശലക്ഷം ടണ്ണിനുപകരം, പ്രതിവര്‍ഷം 8.7 മുതല്‍ 9.0 ദശലക്ഷം ടണ്‍ സ്റ്റീലാണ് ഉല്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഷിപ്പിങ് വോളിയം അടിസ്ഥാനമാക്കിയാണ് ഈ സംഖ്യ. അതേസമയം കമ്പനിയ്ക്ക് 1.4 ബില്യണ്‍ യൂറോയുടെ അറ്റ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു.