ADVERTISEMENT

ലണ്ടൻ ∙ യുകെയിൽ ദയാവധം നിയമ വിധേയമാക്കാനുള്ള സുപ്രധാന ബില്ലില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. എന്നാൽ ബില്ലിന് എതിരെ വിവിധ വിഭാഗങ്ങൾ പ്രതിഷേധം വ്യാപകമാക്കി. ബില്ലിന് എതിരെ കിയേർ സ്റ്റാമെറിന്റെ മന്ത്രിസഭയിലും ഭിന്നതയുണ്ട്. താന്‍ ബില്ലിനെ എതിര്‍ക്കുന്നതായി അറിയിച്ച് നിലപാടെടുത്ത ജസ്റ്റിസ് സെക്രട്ടറി ഷബാന മെഹ്മൂദ് തന്റെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കത്തുകൾ അയച്ചു. ബില്ലിനെ ശക്തമായി എതിർക്കുമെന്നാണ് ജസ്റ്റിസ് സെക്രട്ടറിയുടെ നിലപാട്.

വെള്ളിയാഴ്ച വോട്ട് ചെയ്യുന്ന എംപിമാര്‍ ദയാവധ ബില്ലിനെ എതിര്‍ക്കണമെന്നാണ് ശബാന ഉൾപ്പടെ ഏഴോളം എംപിമാരുടെ ആവശ്യം. ബില്ലിലെ വ്യവസ്ഥകള്‍ സുരക്ഷിതമല്ലെന്നാണ് ഇവരുടെ വാദം. എന്നാൽ ബില്ലിനെ അനുകൂലിക്കുന്നവർ ഭൂരിപക്ഷമാണ്. ദയാവധ ബില്ലില്‍ അനവധി പഴുതുകള്‍ ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെടുമ്പോഴും ബിൽ പാസാകാനുള്ള സാധ്യത ഒരുങ്ങുന്നുണ്ട്‌. ബില്ലിനെ അനുകൂലിച്ച് നിരവധി പേർ മുന്നോട്ട് വന്നിട്ടുണ്ട്. യുകെയിലെ മൂന്നില്‍ രണ്ട് വോട്ടര്‍മാരും ആശയത്തെ പിന്തുണയ്ക്കുന്നതായി മോര്‍ ഇന്‍ കോമണ്‍ നടത്തിയ സര്‍വേ വ്യക്തമാക്കി.

പാർലമെന്റിൽ ബില്ലിന്മേൽ സ്വതന്ത്ര വോട്ടെടുപ്പാണ് നടക്കുന്നത്. എംപിമാര്‍ക്ക് ഇതിനെ അനുകൂലിക്കാനും പ്രതികൂലിക്കാനും സാധിക്കും. പാർലമെന്റിൽ ഏറ്റവും അധിക കാലം എംപിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഭരണകക്ഷി പാർട്ടിയായ ലേബര്‍ പാര്‍ട്ടി എംപി ഡയാന്‍ ആബട്ടും മുഖ്യപ്രതിപക്ഷമായ കണ്‍സര്‍വേറ്റിവ് പാർട്ടി എംപി സര്‍ എഡ്വേര്‍ഡ് ലീയും ബില്ലിനെതിരെ പ്രസ്താവനയിറക്കി. ധൃതിയില്‍ ഇതു നടപ്പാക്കിയാല്‍ ദുര്‍ബലരായ ആളുകള്‍ അപകടത്തിലാകുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.  

എല്ലാ എംപിമാരും ബില്ലിൽ വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ല. ഭരണപക്ഷത്ത്  നിന്നും ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് ഉള്‍പ്പെടെ ബില്ലിനെ എതിര്‍ക്കുന്നുണ്ട്. എന്നൽ കിയേർ സ്റ്റാമെർ മന്ത്രിസഭയിലെ അധികം പേരും ബില്ലിനെ അനുകൂലിച്ചേക്കും. ലേബര്‍ എംപി കിം ലീഡ്ബീറ്ററാണ് പാർലമെന്റിൽ ദയാവധം ഒരു സ്വകാര്യ ബില്ലായി അവതരിപ്പിക്കുന്നത്. 2015 ല്‍ ദയാവധ ബില്‍ അവതരിപ്പിച്ചപ്പോള്‍ 118 നെതിരെ 330 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.

നവംബര്‍ 11ന് മാത്രമാണ് ബില്ലിന്റെ കരട് രൂപം പുറത്തുവിട്ടത്. ഇതോടെ ബില്ലിലെ വ്യവസ്ഥകള്‍ ഇഴകീറി പരിശോധിക്കാനുള്ള സമയം എംപിമാര്‍ക്ക് ലഭിച്ചിട്ടില്ലെന്ന പരാതി ഉയരുന്നുണ്ട്. പൊതു ജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കാതെ തിടുക്കം പിടിച്ച് ബില്‍ അവതരിപ്പിക്കുന്നതില്‍ വ്യാപകമായ എതിര്‍പ്പുമുണ്ട്.

English Summary:

UK Parliament will vote on Friday to legalize euthanasia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com