വായു മലിനീകരണം; പ്രതിവര്‍ഷം 1.5 ദശലക്ഷം മരണങ്ങളെന്നു റിപ്പോര്‍ട്ട്
Mail This Article
ബര്‍ലിന്‍ ∙ തീപിടിത്തം മൂലമുള്ള വായു മലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളാൽ ആഗോള തലത്തിൽ പ്രതിവർഷം 1.5 ദശലക്ഷത്തിലധികം പേർ മരണമടയുന്നതായി റിപ്പോർട്ട്.
മെഡിക്കൽ ജേർണലായ ദ ലാന്‌സെറ്റിലെ പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയ പഠന റിപ്പോർട്ട് പ്രകാരം തീപിടിത്തവുമായി ബന്ധപ്പെട്ട വായു മലിനീകരണത്തെ തുടർന്നുള്ള രോഗങ്ങളെ തുടർന്ന് ഏറ്റവും കൂടുതൽ മരണങ്ങളുണ്ടാകുന്നത് ചൈന, കോംഗോ, ഇന്ത്യ, ഇന്തൊനീഷ്യ, നൈജീരിയ എന്നിവിടങ്ങളിലാണ്. കാലാവസ്ഥാ വ്യതിയാനം കൂടുതൽ തീവ്രമായ കാട്ടുതീയ്ക്ക് വഴിതെളിക്കുമെന്നതിനാൽ വരും വർഷങ്ങളിൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ മാസം ആദ്യ വാരം ദക്ഷിണേഷ്യയിൽ കടുത്ത വിഷപ്പുക ഉയർന്നത് ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യൂ ഡൽഹിയിൽ വിമാന സർവീസുകൾ വൈകാനും സ്കൂളുകൾ അടച്ചിടാനും കാരണമായിരുന്നു. അതേസമയം കാലാനുസൃതമായുള്ള വിള നശീകരണവും വാഹനങ്ങളുടെ പുറന്തള്ളലും വ്യാവസായിക പ്രവർത്തനങ്ങളുമാണ് പുക മലിനീകരണത്തിന് കാരണമെന്ന് അധികൃതർ കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച അവസാനം വലിയ കാട്ടുതീയെ തുടർന്ന് ഇക്വഡോർ 60 ദിവസത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നു.
ആരോഗ്യപ്രശ്നങ്ങൾ ഉയരുന്നു
2000–2019 കാലയളവിൽ വായു മലിനീകരണവുമായി ബന്ധപ്പെട്ടുണ്ടായ ഹൃദ്രോഗങ്ങളാൽ പ്രതിവർഷം 4,50,000 മരണങ്ങള്‍ സംഭവിച്ചതായി ഗവേഷകർ കണ്ടെത്തി. ഇതിനു പുറമെ പുക ശ്വസിച്ചതു മൂലമുണ്ടായ ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് 2,20,000 പേരും മരണപ്പെട്ടിട്ടുണ്ട്.
പഠനമനുസരിച്ച്, വായു മലിനീകരണം മൂലമുണ്ടാകുന്ന 1.53 ദശലക്ഷം മരണങ്ങളില്‍ 90 ശതമാനവും താഴ്ന്ന അല്ലെങ്കില്‍ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ്. അവരില്‍ 40 ശതമാനവും ഉപ– സഹാറൻ ആഫ്രിക്കയിലാണ്.
അടിയന്തര നടപടി അനിവാര്യം
മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങൾ ഉയരുന്നതിനെതിരെയും ദരിദ്ര രാജ്യങ്ങൾ നേരിടുന്ന കാലാവസ്ഥാ അനീതിയുടെ പ്രത്യാഘാതങ്ങൾക്കെതിരെയും അടിയന്തര നടപടി വേണമെന്നും ഗവേഷകർ ആഹ്വാനം ചെയ്തു. കഴിഞ്ഞ ആഴ്ച, നടന്ന യുഎന്‍ കാലാവസ്ഥാ കോണ്‍ഫറന്‍സ് COP29 ല്‍ 2035 നകം 300 ബില്യൺ ഡോളർ (284.4 ബില്യൻ യൂറോ) ധനസഹായം നൽകാമെന്ന് സമ്പന്നരാജ്യങ്ങൾ ഉറപ്പു നൽകിയിരുന്നു. വികസ്വര രാജ്യങ്ങളുടെ പ്രതീക്ഷയേക്കാൾ കുറഞ്ഞ തുകയാണിത്.