ഹംഗറിയിൽ മലയാളിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Mail This Article
ബുഡാപ്പെസ്റ്റ്/കുമളി∙ മലയാളി യുവാവിനെ യുറോപ്യൻ രാജ്യമായ ഹംഗറിയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ജില്ലയിലെ കുമളി അമരാവതി പാറതൊട്ടിയിൽ വീട്ടിൽ സനൽ കുമാറിനെ (47) ആണ് ഹംഗറിയിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ ഞായറാഴ്ച്ച രാവിലെ കണ്ടെത്തിയത്. ശനിയാഴിച്ച രാത്രി ജോലി കഴിഞ്ഞ് നാട്ടിലെ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ ലഭിച്ചിരുന്നില്ല.
ഇതേത്തുടർന്ന് ഹംഗറിയിലുള്ള സുഹൃത്തുക്കളെ വീട്ടുകാർ വിവരം അറിയിക്കുകയും അവർ നടത്തിയ അന്വേഷണത്തിൽ സനലിനെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. ഹംഗറി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. റാണിയാണ് ഭാര്യ. ആര്യ പി.എസ് (മെഡിക്കൽ വിദ്യാർഥിനി തിരുവനന്തപുരം മെഡിക്കൽ കോളജ്), അശ്വൻ.പി.എസ് (എൻജിനീയറിങ് വിദ്യാർഥി കോതമംഗലം) എന്നിവരാണ് മക്കൾ. സംസ്കാരം പിന്നീട്.