വത്തിക്കാനിൽ ശ്രീനാരായണഗുരുവിന്‍റെ സന്ദേശം മുഴങ്ങി; ഗാനം ആലപിച്ച കുട്ടികൾക്ക് മാർപാപ്പയുടെ സമ്മാനം
Mail This Article
വത്തിക്കാൻ സിറ്റി ∙ ശ്രീനാരായണ ഗുരു മതസൗഹാർദ്ദ സമ്മേളനം നടത്തിയതിന്‍റെ നൂറാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി വത്തിക്കാനിൽ വച്ച് ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിധ്യത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ശിവഗിരി മഠത്തിലെ സന്യാസികളും വിവിധ മതങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു. ഫ്രാൻസിസ് മാർപാപ്പയുമായിട്ടുള്ള പ്രത്യേക കൂടിക്കാഴ്ചയിൽ കുട്ടികൾ മതേതരത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം വിളിച്ചോതുന്ന ഗാനം ആലപിച്ചു.
ശ്രീനാരായണഗുരുവിന്‍റെ അദ്വൈത ദർശനത്തിൽ അധിഷ്ഠിതമായി എഴുതിയ ഗാനം ഏറെ സന്തോഷത്തോടുകൂടിയാണ് മാർപാപ്പ ശ്രവിച്ചത്. ഗാനത്തിന്‍റെ ഇറ്റാലിയൻ പരിഭാഷ മാർപാപ്പയ്ക്ക് നൽകിയിരുന്നു. ഇന്ത്യയുടെ ആത്മീയതയുടെയും വിശ്വ സംസ്കാരത്തിന്‍റെയും ചൈതന്യം പേറുന്ന സന്ദേശം കുട്ടികൾ നന്നായി ആലപിച്ചുവെന്ന് ഫ്രാൻസിസ് മാർപാപ്പ അവരെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.
കുട്ടികൾക്ക് മാർപാപ്പ ജപമാല നൽകുകയും ആശീർവദിക്കുകയും ചെയ്തു. ജോഷ്ന, ജോയൽ, സിൻഡ്രല്ല, കമീല, എമിലിയ,ബിൽഗീസ്, ബെൽഗ്രേൻ, ഡിവിന, കാതറിൻ എന്നിവരാണ് പാട്ടുകൾ പാടിയത്. ലത്തീൻ കത്തോലിക്കാ മലയാളികളുടെ നാഷനൽ കോഓർഡിനേറ്ററായ ഫാ. പോൾ സണ്ണിയാണ് വരികൾ രചിച്ചത്. സംഗീതം നൽകിയത് അലക്സ് ആന്‍റണിയും.