ADVERTISEMENT

ലണ്ടൻ ∙ അധികാരത്തിലെത്തിയാൽ റെയിൽവേ ദേശസാൽക്കരിക്കുമെന്ന വാഗ്ദാനം ലേബർ സർക്കാർ പാലിച്ചു. തീരുമാനം നടപ്പാക്കുന്നതിനായി മൂന്ന് പ്രധാന റെയിൽവേ കമ്പനികളെയാണ് ഉടൻ ദേശസാൽക്കരിക്കുന്നത്. ഇംഗ്ലണ്ടിലെ പ്രധാന റെയിൽ കമ്പനികളായ സൗത്ത് വെസ്റ്റേൺ റെയിൽവേ കമ്പനി മേയ് മാസത്തിലും സി-ടു-സി റെയിൽവേ ജൂലൈയിലും ഗ്രേറ്റർ ആംഗ്ലിയ ഒക്ടോബറിലും ദേശസാൽക്കരിക്കുമെന്ന് ഗതാഗത മന്ത്രാലയം സ്ഥിരീകരിച്ചു.

ഓപ്പറേറ്റർമാരുടെ കരാർ കാലാവധി അവസാനിക്കുന്നതിന് പരിഗണിച്ചാണ് തീയതികൾ പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച പാർലമെന്‍റ് പാസാക്കിയ 'ദി പാസഞ്ചർ റെയിൽവേ സർവീസ് (പബ്ലിക് ഓണർഷിപ്പ്) ആക്ട് 2024' പ്രകാരമാണ് സ്വകാര്യ കമ്പനികളുടെ പക്കൽനിന്നും ഈ റെയിൽവേ സർവീസുകൾ സർക്കാർ ഏറ്റെടുക്കുന്നത്. സർക്കാർ തീരുമാനത്തെ വലിയൊരു വിഭാഗം ജനങ്ങൾ സ്വാഗതം ചെയ്യുമ്പോഴും ഇത് തെറ്റായ തീരുമാനമാണെന്ന് വിമർശിക്കുന്നവരും ഏറെയാണ്.

സാങ്കേതിക വിദ്യയിലും അടിസ്ഥാന വികസനത്തിലും കൂടുതൽ നിക്ഷേപം വരാൻ സ്വകാര്യ മേഖല തന്നെയാണ് നല്ലതെന്നാണ് വിമർശകരുടെ വാദം. എന്നാൽ മികച്ച സർവീസിനും ചെലവുകുറഞ്ഞ യാത്രയ്ക്കും പൊതുമേഖലയിൽ തന്നെ റെയിൽവേ നിലനിൽക്കുന്നതാണ് നല്ലതെന്നാണ് തീരുമാനത്തെ അനുകൂലിക്കുന്നവർ പറയുന്നത്. ജീവനക്കാരിൽ മഹാഭൂരിപക്ഷവും ദേശസാൽക്കരണത്തിന് അനുകൂലമാണ്. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട്ലൻഡിലും റെയിൽവേ സ്വകാര്യവൽക്കരണം നടപ്പാക്കിയത്.

ട്രെയിൻ ഓപ്പറേറ്റിങ് കമ്പനികൾക്കും ഫ്രാഞ്ചൈസികൾക്കും രാജ്യത്തെ വിവിധ റെയിൽവേ ലൈനുകൾ നിശ്ചിതകാലത്തേക്ക് ഏറ്റെടുത്ത് നടത്താൻ അന്നത്തെ ടോറി സർക്കാരാണ് അനുമതി നൽകിയത്. നോർതേൺ അയർലൻഡിൽ 1948 മുതൽ പൊതുമേഖലയിൽ തന്നെയാണ് റെയിൽവേ. തുടക്കത്തിൽ സ്വകാര്യവൽക്കരണ തീരുമാനം റെയിൽ ഗതാഗതമേഖലയ്ക്ക് ഊർജം പകർന്നെങ്കിലും പിന്നീട് സ്വകാര്യ കമ്പനികൾ യാത്രാക്കൂലി വർധിപ്പിക്കുകയും ലാഭം മാത്രം നോക്കി സർവീസ് നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ മാറി.

ജീവനക്കാരുടെ ശമ്പള വർധനയും ആനുകൂല്യങ്ങളും സ്വകാര്യ മേഖലയിൽ ഹനിക്കപ്പെട്ടു. ഇതോടെയാണ് റെയിൽവേ പുനർ ദേശസാൽക്കരണം എന്ന ആശയം ബലപ്പെട്ടത്. ലേബർ പാർട്ടിയുടെ തൊഴിലാളി യൂണിയനുകളാണ് ഇതിനായി ശബ്ദമുയർത്തിയതും പ്രവർത്തിച്ചതും. കോവിഡ് കാലത്ത് അടിയന്തര സാഹചര്യം നേരിടാൻ രാജ്യത്തെ എല്ലാ റെയിൽവേ കമ്പനികളുടെയും നിയന്ത്രണം സർക്കാർ താൽക്കാലികമായി ഏറ്റെടുത്തിരുന്നു. 

ഇതിന്‍റെ തുടർച്ചയെന്നോണം പിന്നീട് വെയിൽസിലും സ്കോട്ട്ലൻഡിലും റെയിൽ കമ്പനികളുടെ നിയന്ത്രണം സർക്കാർ പൂർണ്ണമായും ഏറ്റെടുത്തിരുന്നു. എന്നാൽ ഇംഗ്ലണ്ടിൽ, സ്വകാര്യ ഓപ്പറേറ്റർമാർക്ക് കരാർ പുതുക്കി നൽകി. ദേശസാൽക്കരണം റെയിൽവേ സർവീസിന്‍റെ വിശ്വാസ്യത വർധിപ്പിക്കുമെന്നും സാമ്പത്തിക വളർച്ച ഉറപ്പുവരുത്തുമെന്നും സർവോപരി പ്രതിവർഷം ഫീസിനത്തിൽ നൽകിയിരുന്ന 500 മില്യൻ പൗണ്ടിന്‍റെ നഷ്ടം ഒഴിവാക്കുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.

ഗ്രേറ്റർ ബ്രിട്ടിഷ് റെയിൽവേ (ജി.ബി.ആർ) എന്ന പേരിൽ പുതുതായി രൂപം നൽകുന്ന പൊതുമേഖലാ സംരംഭമാകും സ്വകാര്യ കമ്പനികളുടെ പക്കലുള്ള സർവീസ് കരാറുകൾ ഏറ്റെടുത്തു നടത്തുക. റെയിൽവേ അടിസ്ഥാന സൗകര്യ വികസനവും അറ്റകുറ്റപ്പണിയും ഉൾപ്പെടെയുള്ള ഉത്തരവാദിത്വങ്ങളും ഈ കമ്പനി കാലക്രമത്തിൽ നെറ്റ്‌വർക്ക് റെയിലിന്‍റെ പക്കൽനിന്നും ഏറ്റെടുക്കും.

മേയ് മാസത്തിൽ ദേശസാൽക്കരിക്കുന്ന സൗത്ത് വെസ്റ്റേൺ റെയിൽവേ ആഴ്ചയിൽ 1500 സർവീസുകളാണ് ഇപ്പോൾ നടത്തുന്നത്. സൗത്ത് വെസ്റ്റ് ലണ്ടൻ, സൗത്ത് ഓഫ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ഇവരുടെ പ്രധാന സർവീസുകൾ. ഈസ്റ്റ് ലണ്ടൻ, സൗത്ത് എസെക്സ് എന്നിവിടങ്ങളിലെ 26 സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള സർവീസുകളാണ് സി-ടു-സി നടത്തിവരുന്നത്. ലണ്ടനിൽനിന്നും നോർഫോക്സ്, സഫോക്സ്, കേംബ്രിജ്ഷെയർ, ഹെർട്ഫോർഡ്ഷെയർ, എസെക്സ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന കമ്പനിയാണ് ഗ്രേറ്റർ ആംഗ്ലിയ.

English Summary:

Three British Rail Companies to be Nationalised; Labor Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com