ലോകത്തിലെ ഏറ്റവുംവലിയ വൈദ്യുത ക്രിസ്മസ് ട്രീ ഏഴാം തീയതി മുതൽ മിഴിതുറക്കും
Mail This Article
റോം ∙ ലോകത്തിലെ ഏറ്റവുംവലിയ വൈദ്യുത ക്രിസ്മസ് ട്രീ, ഇറ്റലിയിലെ ഉംബ്രിയ റീജനിൽ ഗൂബ്യോ പട്ടണത്തോടു ചേർന്നുള്ള ഇൻജിനോ മലനിരകളിൽ 7ന് പ്രകാശിപ്പിക്കും. ഭീമാകാരമായ ഒരു വാൽനക്ഷത്രത്തോടുകൂടിയ ക്രിസ്മസ് ട്രീയുടെ ഉയരം 750 മീറ്റർ ആണ്. ക്രിസ്മസ്ട്രീയിൽ ലൈറ്റുകൾ ഘടിപ്പിക്കുന്നതിനുള്ള വൈദ്യുത കേബിളുകൾക്ക് 8.5 കിലോമീറ്റർ നീളമുണ്ടാകും.
ഇത്തവണ ട്രീ അലങ്കരിക്കുന്നതിന് വിവിധ വർണ്ണങ്ങളിലുള്ള 3000 ബൾബുകളുണ്ടാകുമെന്നാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്. 1,30,000 ചതുരശ്രമീറ്റർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ ക്രിസ്മസ് ട്രീ, 50 കിലോമീറ്റർ അകലെനിന്നുപോലും ദൃശ്യമാകുമത്രേ!.
ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് 1981 ൽ ആണ് ആദ്യമായി ഇവിടെ കൂറ്റൻ ക്രിസ്മസ് ട്രീ ഒരുക്കിയത്. തുടർന്ന് എല്ലാവർഷവും മലയടിവാരത്തിൽ ക്രിസ്മസ് ട്രീ തയ്യാറാക്കുന്നത് പതിവായി.
ലോകത്തിലെ ഏറ്റവുംവലിയ ക്രിസ്മസ് ട്രീ എന്നനിലയിൽ 1991 ൽ ഇത് ഗിന്നസ് ബുക്കിൽ ഇടംനേടിയിരുന്നു. ഇൻജിനോ മലയുടെ ചുവടുമുതൽ മലമുകൾവരെ നീളമുള്ള ക്രിസ്മസ് ട്രീയിലെ ലൈറ്റുകൾ, നവജാത ശിശുക്കളെ സ്വാഗതം ചെയ്യുന്നതുമുതൽ വയോജനങ്ങളെ അഭിവാദ്യം ചെയ്യുന്നതുവരെയുള്ള സന്ദേശങ്ങളോടെയാണ് പ്രകാശിക്കുക. 2025 ജനുവരി 12 വരെ എല്ലാദിവസങ്ങളിലും വൈകിട്ട് അഞ്ചുമുതൽ പുലർച്ചെ ഒന്നുവരെയാണ് ക്രിസ്മസ് ട്രീ പ്രകാശിപ്പിക്കുക.